
ആലപ്പുഴ: അതിവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവിനു ദാരുണാന്ത്യം. കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാർഡ് തകിടിവെളിയിൽ സുനിൽകുമാറിന്റെ മകൻ എസ്. സുധീഷാ(35)ണു മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.15-ന് ആലപ്പുഴ പഴവീട് മെഡിക്കൽ സെന്ററിന് എതിർവശത്തായിരുന്നു സംഭവം. കാർ ആദ്യം മറ്റു വാഹനങ്ങളിലിടിച്ചശേഷം സുധീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
നിർമാണത്തൊഴിലാളിയായ സുധീഷ്, ഭാര്യ സുജിമോൾ(സുജ)ക്കൊപ്പം തിരുവല്ലയിലെ ബന്ധുവീട്ടിൽപ്പോയി ബൈക്കിൽ മുഹമ്മയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പഴവീട് എത്തിയപ്പോൾ ചായകുടിക്കാൻ നിർത്തി. ചായവാങ്ങിയ ഭാര്യ, സുധീഷിനു കൊടുത്തശേഷം കടയുടെ ഭാഗത്തേക്കു മാറിനിന്നു. ബൈക്കിൽ ചാരിനിന്നു ചായകുടിക്കുന്നതിനിടെയാണ് കുതിച്ചെത്തിയ കാർ സുധീഷിനെ ഇടിച്ചുതെറിപ്പിച്ചത്. നാട്ടുകാർ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൈതവന ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കു വന്ന കാർ ആദ്യം ഓട്ടോയിലും പിന്നീട് സ്കൂട്ടറിലും മറ്റൊരു ബൈക്കിലും ഇടിച്ചിരുന്നു. റോഡരികിലെ മൺകൂന കടന്ന് വൈദ്യുതിത്തൂണിലിടിച്ചാണ് കാർ നിന്നത്. റോഡരികിൽ നിർത്തി ചായകുടിക്കാൻ നിന്നവരുടെ വാഹനങ്ങളിലാണ് കാർ ആദ്യമിടിച്ചത്. ആലപ്പുഴ പുന്നമട സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഗർഭിണിയായ യുവതിയെ വയറുവേദന കാരണം കാറിൽ കടപ്പുറത്തെ വനിത-ശിശു ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. ഭർത്താവും കൈക്കുഞ്ഞും ഒപ്പമുണ്ടായിരുന്നു. യുവതിയുടെ സഹോദരനാണ് ഡ്രൈവറെന്നു പറയുന്നു. ആലപ്പുഴ സൗത്ത് പോലീസ് ഇയാൾക്കെതിരേ കേസെടുത്തു.
സുധീഷിന്റെ മക്കൾ: വരുൺദേവ്, വാമിക. അമ്മ: ജാസ്മിൻ. സഹോദരൻ: സുമേഷ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം നടക്കും.
Content Highlights: A 35-year-old construction worker, Sudheesh, was tragically killed in Alappuzha after a speeding, out-of-control car rammed into him while he was drinking tea by the roadside in front of his wife.
Published: 09 Jun 2026, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented