തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള വാര്‍ഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. നേരത്തെ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടില്ല. തുടര്‍ന്നാണ് മന്ത്രിസഭ കരട് ബില്ലിന് അംഗീകാരം നല്‍കിയത്. 

To advertise here,

സംസ്ഥാനത്ത് ആകെ 1200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ 82 ഇടത്ത് മാത്രമാണ് 2011ലെ സെന്‍സസ് പ്രകാരം വാര്‍ഡ് വിഭജനം നടന്നിട്ടുള്ളത്. യു.ഡി.എഫ്. സര്‍ക്കാര്‍ കാലത്ത് പുതിയ നഗരസഭകള്‍ നിലവില്‍ വന്നതിനു പിന്നാലെയാണ് ഇവിടങ്ങളില്‍ വാര്‍ഡ് പുനര്‍വിഭജനം നടന്നത്. ബാക്കിയുള്ള 1118 ഇടത്തും 2001ലെ സെന്‍സസ് പ്രകാരമാണ് വാര്‍ഡുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ ഏകതാനത കൊണ്ടുവരികയാണ് ബില്ലിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

സെന്‍സസിന്റെ നടപടിക്രമങ്ങളെ വാര്‍ഡ് വിഭജനം ബാധിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ജില്ല,നഗര,ടൗണ്‍,പഞ്ചായത്ത് അതിര്‍ത്തികളില്‍ വ്യത്യാസം വരുത്തരുതെന്നാണ് സെന്‍സ് ഡയറക്ടറുടെ നിര്‍ദേശം. വാര്‍ഡ് വിഭജനത്തില്‍ ഈ നിര്‍ദേശം ലംഘിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights: cabinet approves ward delimitation