തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ ഭരണ പ്രതിപക്ഷ തര്‍ക്കം. പരിസ്ഥിതി ലോല മേഖല പൂജ്യം മുതല്‍ 12 കി.മി വരെ വേണമെന്ന് രേഖപ്പെടുത്തിയത് യു.ഡി.എഫ് സര്‍ക്കാരാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

To advertise here,

ജനവാസ മേഖലയെ പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സര്‍ക്കാരാണ്. വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും വനം മന്ത്രി അറിയിച്ചു. സഭയില്‍ സണ്ണി ജോസഫ് എം.എല്‍.എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. 

പ്രശ്‌ന പരിഹാരത്തിനായി ഒരുമിച്ച് നില്‍ക്കണം. എം.പി-മാര്‍ ഒരുമിച്ച് യോഗം ചേര്‍ന്ന് വിഷയം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കണം. എങ്കില്‍ മാത്രമേ ശാശ്വതമായ പരിഹാരം  കാണാനാവുകയുള്ളൂ. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പായാല്‍ അത് കേരളത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഉത്തരവ് നടപ്പായാല്‍ കേരളത്തിലുണ്ടാക്കുന്ന പ്രതിസന്ധി തിട്ടപ്പെടുത്താന്‍ നടക്കുന്ന സര്‍വേയുടെ പുരോഗതിയും യോഗം വിലയിരുത്തും. മൂന്ന് മാസത്തിനകം നടപടി പൂര്‍ത്തിയാക്കി സുപ്രീംകോടതി നിയോഗിച്ച് എംപവേര്‍ഡ് കമ്മിറ്റിയേയും കേന്ദ്രത്തേയും വനം-പരിസ്ഥിതി മന്ത്രാലയത്തേയും സമീപിക്കാനാണ് കേരളത്തിന്റ തീരുമാനമെന്നും മന്ത്രി അറിയിച്ചു.