തിരുവനന്തപുരം: എന്‍.സി.പി അജിത് പവാര്‍ പക്ഷത്തേക്ക് മാറുന്നതിന്‌ 100 കോടി രൂപ വാഗ്ദാനം ചെയ്തതായുള്ള ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോന്‍ എം.എൽ.എ. ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. ആന്റണി രാജുവുമായിട്ടോ തോമസ് കെ തോമസുമായിട്ടോ ഇങ്ങനെയൊരു വിഷയം സംസാരിച്ചിട്ടില്ല.  ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചിരുന്നുവെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

To advertise here,

തനിക്ക് അങ്ങനെ ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. ആന്റണി രാജുവുമായിട്ട് ഇങ്ങനെയൊരു സംഭവമേ സംസാരിച്ചിട്ടില്ല. ഒരു പണത്തിന്റെ ഇടപാടും സംസാരിച്ചിട്ടില്ല. തോമസ് കെ തോമസുമായിട്ടും സംസാരിച്ചിട്ടില്ല. ഞങ്ങളെല്ലാം സുഹൃത്തുക്കളാണ്.- കോവൂർ കുഞ്ഞുമോന്‍ പറഞ്ഞു. 

അര്‍ഹമായ പലതും കിട്ടേണ്ടതായിരുന്നു. കിട്ടിയിട്ടില്ല. അര്‍ഹമായ പ്രാതിനിധ്യം കിട്ടേണ്ടതായിരുന്നു. എന്നാല്‍ ഒരാളോടും പരിഭവം പറഞ്ഞിട്ടില്ലെന്നും കോവൂർ കുഞ്ഞുമോന്‍ പറഞ്ഞു. 

മുഖ്യമന്ത്രിയോട് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചിരുന്നു. കൊട്ടാരക്കരയില്‍ വെച്ച് കാണാമെന്ന് പറഞ്ഞു. കൊട്ടാക്കര റസ്റ്റ്ഹൗസില്‍ ഞാനും സിഎമ്മും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ കാര്യങ്ങളും പറഞ്ഞു. വല്ല പ്രശ്‌നവുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. ഞാന്‍ അങ്ങനെയൊന്നിന്റെ ഭാഗമായിട്ട് പോകുന്നയാളല്ലെന്നും പറഞ്ഞു.- കോവൂർ കുഞ്ഞുമോന്‍ വ്യക്തമാക്കി

മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എം.എല്‍.എയുമായ ആന്റണി രാജുവിനും ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനേയും എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് എന്‍.സി.പി. നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ.തോമസ് 100 കോടി രൂപ വാഗ്ദാനം ചെയതതായാണ് പുറത്തുവന്ന ആരോപണം. കോടികള്‍ വാഗ്ദാനം ചെയ്ത വിവരം അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് എം.എല്‍.എമാരേയും വിളിപ്പിച്ച് ഇതേക്കുറിച്ച് ആരാഞ്ഞു. ഈ വിവരത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി ഇക്കാര്യം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.