കോട്ടയം: ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനും കോർ കമ്മിറ്റി അംഗവുമായ അഡ്വ. ഷോൺ ജോർജിനെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ബി.ജെ.പി. മധ്യമേഖലയുടെ പ്രഭാരിയായി നിയമിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മേഖലാ സംവിധാനത്തിൽ പുനഃസംഘടന നടത്തിയത്.
നേരത്തേ അഞ്ച് മേഖലകളായി പ്രവർത്തിച്ചിരുന്ന ബി.ജെ.പി. സംസ്ഥാനത്തെ സംഘടനാ പ്രവർത്തനങ്ങളുടെ വ്യാപ്തിയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി മേഖലകളുടെ എണ്ണം ആറായി ഉയർത്തി. 2025 മുതൽ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായും പാർട്ടിയുടെ കോർ കമ്മിറ്റി അംഗമായും പ്രവർത്തിച്ചുവരുന്ന അഡ്വ. ഷോൺ ജോർജിന്റെ സംഘടനാ പരിചയവും സജീവമായ രാഷ്ട്രീയ ഇടപെടലുകളും മധ്യമേഖലയിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് നേതൃത്വം വിലയിരുത്തുന്നു.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ പുതിയ ചുമതല നിർണായകമാകും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ മുന്നിൽക്കണ്ട് ബൂത്ത് തലംമുതൽ മേഖലാതലംവരെയുള്ള സംഘടനാ സംവിധാനത്തെ കൂടുതൽ സജീവമാക്കുന്നതിനും ജനകീയ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്നതിനുമാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.
കാസർകോട്, കണ്ണൂർ, വയനാട് മേഖലാ പ്രഭാരിയായി ബി.ജെ.പി. സംസ്ഥാന സെൽ കോഓർഡിനേറ്റർ അഡ്വ. വി.കെ. സജീവനേയും കോഴിക്കോട്, മലപ്പുറം മേഖല പ്രഭാരിയായി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണനേയും തൃശ്ശൂർ, പാലക്കാട് മേഖല പ്രഭാരിയായി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷിനേയും തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടേയും വൈസ് പ്രസിഡന്റ് കെ. സോമനെ തിരുവനന്തപുരം, കൊല്ലം ജില്ലകളുടേയും മേഖലാ പ്രഭാരിമാരായും നിശ്ചയിച്ചു.
Published: 19 Aug 2026, 05:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented