കൊല്ലം: വിവിധ പാർട്ടി ഘടകങ്ങളുമായി പിണങ്ങുകയും തർക്കത്തെത്തുടർന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത് പുറത്തുനിൽക്കുന്ന നേതാക്കൾക്ക് ബിജെപി, പാർട്ടി ചുമതല നൽകുന്നു. കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കപ്പെട്ടവരെയടക്കം ഉൾക്കൊള്ളാനാണ് നീക്കം. സംസ്ഥാനതലംമുതൽ നിയോജകമണ്ഡലതലംവരെ തഴയപ്പെട്ടതും പിണങ്ങിനിൽക്കുന്നതുമായ അഞ്ഞൂറോളം നേതാക്കളുണ്ട്. മുപ്പതിലേറെ മുൻ ജില്ലാ പ്രസിഡന്റുമാർപോലും ഭാരവാഹിത്വമൊന്നുമില്ലാതെ പുറത്താണ്.

To advertise here,

ചില ജില്ലകളിൽ, ഇങ്ങനെയുള്ളവർ ഫൗണ്ടേഷനുകളും കൂട്ടായ്മകളും രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഷ്ഠിച്ചവർപോലും പുറത്താണ്. നേരത്തേയുണ്ടായിരുന്നതിനു തത്തുല്യമായ ഭാരവാഹിത്വം നൽകാനായില്ലെങ്കിലും ആദ്യഘട്ടമെന്ന നിലയിൽ എല്ലാവരെയും ഉൾക്കൊള്ളാനാണ് തീരുമാനം. അഞ്ചു ജില്ലകൾ ചേർത്തുണ്ടാക്കുന്ന മേഖലാ കമ്മിറ്റികളിലും മറ്റും ഇവരെ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനുമുൻപ്‌ പുറത്തുനിൽക്കുന്നവരെയെല്ലാം പാർട്ടിക്കുള്ളിൽ കൊണ്ടുവരണമെന്നാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്. ഇത്തരം ആളുകളെ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുമുണ്ട്. എന്നാൽ ചില ജില്ലാ പ്രസിഡന്റുമാരും മേഖലാ സംഘടനാ സെക്രട്ടറിമാരും ഇതിന് പ്രതിരോധം തീർക്കുന്നുണ്ട്. ചില സംഘടനാ സെക്രട്ടറിമാർക്കെതിരേ, നേതൃത്വത്തിന് പരാതി പോയിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ബിജെപി തയ്യാറാക്കിയ മാർഗരേഖയിൽ എല്ലാ പാർട്ടി അംഗങ്ങൾക്കും എന്തെങ്കിലും ചുമതലയുണ്ടാകണമെന്ന് പറഞ്ഞിട്ടുണ്ട്. നഗരസഭ, പഞ്ചായത്ത്, അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ, വാർഡ്, ബൂത്ത്, ഒരുകൂട്ടം വീടുകൾ എന്നിങ്ങനെ തരംതിരിച്ച് പ്രാദേശിക നേതാക്കൾക്കെല്ലാം ചുമതല നൽകാനാണ് നിർദേശം. ഇക്കാര്യത്തിൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ നോക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്.