പാലക്കാട്: പാലക്കാട്ട് ബി.ജെ.പി.യുടെ സ്ഥാനാർഥി നിർണയത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും ചില മണ്ഡലങ്ങളിലെ വോട്ട് ചോർച്ചയെക്കുറിച്ചും സംസ്ഥാന നേതൃത്വം വിശദമായി ചർച്ചചെയ്യും. ആവശ്യമെങ്കിൽ സംസ്ഥാന ഭാരവാഹികളുൾപ്പെടുന്ന പഠന സമിതിയെ നിയോഗിച്ച് അന്വേഷിക്കും. തിരഞ്ഞെടുപ്പിനുശേഷം നടന്ന വിവിധ മണ്ഡലങ്ങളുടെ കോർ കമ്മിറ്റി യോഗങ്ങളിൽ ഉന്നയിക്കപ്പെട്ട പരാതികളിലാണ് അന്വേഷണം.
ബി.ജെ.പി.യുടെ പാലക്കാട് ഈസ്റ്റ് ജില്ലയിലെ മണ്ഡലങ്ങളിലാണ് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയാതിരുന്നത്. സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ പരാതികൾ ഉന്നയിക്കപ്പെട്ടതും ഇവിടെനിന്നാണ്. 2024-ൽ പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിനിർത്തിയാൽ നാലു മണ്ഡലങ്ങളിലും ഇത്തവണ വോട്ട് കുറഞ്ഞു. ഇതിൽ പാലക്കാട് മണ്ഡലത്തിലെ പ്രകടനം വിശദമായി അന്വേഷിക്കും.
ചിറ്റൂരിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മറ്റൊരു പാർട്ടിയിൽ നിന്നെത്തിയ ആളെ മത്സരിപ്പിച്ചതുകൊണ്ട് എന്ത് നേട്ടമുണ്ടായെന്ന ചോദ്യം അണികളുയർത്തുന്നുണ്ട്. ഇവിടെ പ്രകടമായ വോട്ട് വർധന ഉണ്ടായില്ല. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി ഈ മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായത്തെ സ്ഥാനാർഥി നിർണയത്തിൽ അവഗണിക്കുന്നതായും പരാതിയുണ്ട്. ഇതെല്ലാം അന്വേഷണ പരിധിയിൽ വരും.
ആലത്തൂർ മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിന് പിന്നാലെയാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. ഇവിടെ പ്രചാരണം നടത്തുന്നതിനേക്കാൾ കൂടുതൽ സമയം വേണ്ടിവന്നത് അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനായിരുന്നു എന്നാണ് അവലോകനയോഗങ്ങളിലെ വിമർശനം. സംഘടനാ സെക്രട്ടറി അടക്കം നേരിട്ട് ഇടപെട്ടാണ് ഇവിടത്തെ പ്രശ്‌നങ്ങൾ പരിഹരിച്ചത്. എന്നിട്ടും ഇത്തവണ മണ്ഡലത്തിൽ 1,000 വോട്ട് കുറഞ്ഞു. വോട്ടുവർധനയ്ക്ക് സാധ്യതയുണ്ടായിരുന്ന നെന്മാറ മണ്ഡലത്തിലും ചലനം ഉണ്ടായില്ല. ഇവിടെയും ചില പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കോങ്ങാട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നവരും മണ്ഡലം കമ്മിറ്റിയും യോജിച്ചുള്ള പ്രവർത്തനം ഉണ്ടായോ എന്നും അന്വേഷിച്ചേക്കും.
പാലക്കാട് വെസ്റ്റ് ജില്ലയിലെ ഷൊർണൂരിൽ മാത്രമാണ് വോട്ട് കുറഞ്ഞത്. എന്നാൽ, ഇവിടെ സംഘടനാതലത്തിൽ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് വിവരം. കഴിഞ്ഞ തവണ ഇവിടെ ബി.ജെ.പി.യും കോൺഗ്രസും തമ്മിൽ നേരിയ വോട്ട് വ്യത്യാസമാണ് ഉണ്ടായിരുന്നത്.
Content Highlights: State leadership to probe vote loss in Palakkad constituencies., Potential formation of a study committee to investigate candidate selection issues., Analysis of vote share decline in Alathur, Chittur, and Palakkad constituencies., Internal organizational issues and coordination failures identified in review meetings.
Published: 07 May 2026, 10:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented