തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. നേതാക്കളെ പ്രതിസന്ധിയിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബി.ജെ.പി. ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ്. ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപയാണ് ആദ്യം തൃശ്ശൂരില്‍ എത്തിയതെന്നും ഇതില്‍ മൂന്ന് ചാക്കുകള്‍ ഉടന്‍തന്നെ ഇവിടെനിന്നും മാറ്റിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് ആരാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും അന്വേഷിക്കണമെന്നും കൊടുത്തുവിട്ട ആളുകള്‍ ഇത് വെളിപ്പെടുത്തണമെന്നും തിരുര്‍ സതീഷ് ആവശ്യപ്പെട്ടു.
രാജ്യത്തെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണ് കള്ളപ്പണ ഇടപാട്. ഇത് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഈ പണമെല്ലാം കൈകാര്യം ചെയ്യുന്നത് ജില്ലാ ട്രഷററാണ്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അനീഷിന്റെ നിര്‍ദേശം അനുസരിച്ച് മാത്രമാണ് അയാള്‍ പണം കൈകാര്യം ചെയ്യുന്നത്. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫില്‍ സൂക്ഷിച്ച പണത്തിന് കാവല്‍ ഇരുന്നുവെന്ന ഒരു തെറ്റുമാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും സതീഷ് പറഞ്ഞു.
ബി.ജെ.പിക്ക് തൃശൂര്‍ ജില്ലയില്‍ 2300 ബൂത്തുകളാണുള്ളത്. ഇതില്‍ തന്നെ പാര്‍ട്ടി സജീവമായിട്ടുള്ള ബൂത്തുകള്‍ ചുരുക്കമാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പരമാവധി 10,000 രൂപയാണ് ഓരോ ബൂത്തിനും നല്‍കുന്നത്. ഇത് നല്‍കിയതിന് ശേഷം ബാക്കിവന്ന പണം എന്ത് ചെയ്തുവെന്നത് നേതൃത്വം വ്യക്തമാക്കണം. ആരൊക്കെയാണ് ഇത് വീതംവെച്ച് എടുത്തത്, എന്തിനൊക്കെ വേണ്ടിയാണ് ഈ പണം ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവരണം.
എല്ലാ പണവും വിതരണം ചെയ്ത് കഴിഞ്ഞുവെന്ന് പറഞ്ഞിട്ടും ഒന്നര കോടി രൂപയാണ് പിന്നീട് ബാക്കിയുണ്ടായിരുന്നത്. ഇത് ഒരു മാസത്തിലധികം പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഈ പണം ഒരു ചാക്കിലും രണ്ട് ബിഗ്ഷോപ്പറിലുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കാറില്‍ അവിടെ നിന്നും കൊണ്ടുപോയിരുന്നു. ശേഷം ഈ പണത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും സതീഷ് പറഞ്ഞു.
ബി.ജെ.പിയുടെ തൃശൂര്‍ ജില്ലാ ഘടകത്തില്‍ നടക്കുന്നത് കള്ളത്തരമാണ്. അടിയന്തരമായി ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ഈ കള്ളപ്പണ ഇടപാട് നടത്തിയ ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യണം. കള്ളപ്പണം ഉപയോഗിക്കുകയെന്നത് രാജ്യദ്രോഹക്കുറ്റമാണ്. ഈ കുറ്റം ചെയ്ത ആളുകളെ പോലീസോ ഇ.ഡിയോ ചോദ്യം ചെയ്യുകയും ഈ പണം എന്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്നും ആര്‍ക്കാണ് വീതം വെച്ചതെന്നും കൃത്യമായി കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: BJP Kerala Leaders in Trouble Over Kodakara Black Money Case
Published: 02 Dec 2024, 03:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented