കൊല്ലം: ബി.ജെ.പി. തിരഞ്ഞെടുപ്പു വിലയിരുത്തൽ യോഗങ്ങളിൽ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്ക് രൂക്ഷവിമർശനം. ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകിയതിലും സർവേ നടത്തി സ്ഥാനാർഥികളെ തീരുമാനിച്ചതിലും താഴേത്തട്ടിലെ നേതാക്കൾ രൂക്ഷവിമർശനമാണുയർത്തുന്നത്.

To advertise here,

പ്രധാന ഘടകകക്ഷികളായ ബി.ഡി.ജെ.എസും ട്വന്റി ട്വന്റിയും അരാഷ്ട്രീയസംഘടനകളാണെന്ന് നിയോജകമണ്ഡലതലത്തിൽ നടന്നുവരുന്ന വിശകലനയോഗങ്ങളിൽ നേതാക്കൾ തുറന്നടിച്ചു. കോർപ്പറേറ്റ് കമ്പനികളെപ്പോലെ കോഡിനേറ്റർമാരെ നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന സംവിധാനമുള്ള പാർട്ടികളുടെ സ്ഥാനാർഥികളെ ചുമക്കേണ്ടിവന്നു.

ഘടകകക്ഷികൾക്ക് സീറ്റുനൽകുന്നതു സംബന്ധിച്ച തീരുമാനമെടുത്തത് കേന്ദ്രനേതൃത്വമാണെന്ന വിശദീകരണമാണ്, യോഗങ്ങളിൽ പങ്കെടുക്കുന്ന സംസ്ഥാനനേതാക്കൾ നൽകിയത്. സർവേയിലൂടെ സ്ഥാനാർഥികളെ കണ്ടെത്തുന്നത് കേരളത്തിനു യോജിച്ച രീതിയല്ല. ഓരോ തിരഞ്ഞെടുപ്പിലും കേരളത്തെ പരീക്ഷണശാലയായി കണക്കാക്കുകയാണ് ദേശീയനേതൃത്വമെന്ന് ചില നേതാക്കൾ പറഞ്ഞു. ക്രിസ്ത്യൻ ഔട്ട്‌റീച്ച് നടത്തിയതിന്റെ യാതൊരു ഫലവും തിരഞ്ഞെടുപ്പിലുണ്ടായില്ലെന്ന് പ്രാദേശികനേതാക്കൾ തുറന്നടിച്ചു.

ട്വന്റി ട്വന്റിക്ക് 19 സീറ്റ് നൽകിയത് സംസ്ഥാനനേതൃത്വത്തിന്റെ വീഴ്ചയാണ്. സംഘപരിവാർ പ്രവർത്തകർ ചോരകൊടുത്ത് പാർട്ടിയെ നിർണായകശക്തിയാക്കിയ മണ്ഡലങ്ങൾ ആളില്ലാപ്പാർട്ടികൾക്കു നൽകിയത്, പ്രവർത്തകരുടെ കരൾ പറിച്ചെടുക്കുന്നതിനു തുല്യമായ നടപടിയായി.

പല മണ്ഡലങ്ങളിലും സ്ഥാനാർഥിയുണ്ടോയെന്നു ചോദിച്ച്‌ ട്വൻറി ട്വൻറി നേതാക്കൾ നടക്കുകയായിരുന്നു. നേരത്തേ ബി.ജെ.പി. ഒഴിവാക്കിയ ചില നേതാക്കൾ ട്വന്റി ട്വന്റി സ്ഥാനാർഥികളായി വന്നു, സ്ഥാനാർഥികളിൽ പലർക്കും രാഷ്ട്രീയപ്രവർത്തനമോ തിരഞ്ഞെടുപ്പുപ്രവർത്തനമോ അറിയില്ലായിരുന്നു തുടങ്ങിയ വിമർശനങ്ങളുമുയർന്നു.

വോട്ടർപട്ടികയിൽ പേരുള്ളയാളാണോ സ്ഥാനാർഥിയെന്ന പ്രാഥമികപരിശോധന നടത്താതിരിക്കുകയും അതുമൂലം സ്ഥാനാർഥിയെ മാറ്റേണ്ടിവരികയും ചെയ്തത് നാണക്കേടായി. തങ്ങൾക്ക് ഒന്നുമറിയില്ലെന്ന ക്ഷമാപണത്തോടെയാണ് ഘടകകക്ഷി സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിൽ എത്തിയതെന്നും വിമർശനമുയർന്നു.