തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ബിജെപി ജില്ലാ ഓഫീസുകളിൽ ഹെൽപ്പ്‌ ഡെസ്‌ക് സംവിധാനം നിലവിൽവന്നു.

To advertise here,

പാർട്ടിയുടെ 45-ാം സ്ഥാപകദിനാഘോഷവേളയിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരാണ് ഹെൽപ്പ്‌ ഡെസ്‌ക് ഉദ്ഘാടനം ചെയ്തത്.

ജനങ്ങളെ പറ്റിക്കുന്ന, പരാജയപ്പെടുത്തുന്ന എൽഡിഎഫ്, യുഡിഎഫ് രാഷ്ട്രീയത്തിനു മാറ്റമുണ്ടാകണമെന്നും അതിന് ബിജെപി അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. പുരോഗതി, വികസനം, നിക്ഷേപം, തൊഴിൽ എന്നിവയുള്ള ഒരു കേരളമാണ് ബിജെപിയുടെ ലക്ഷ്യം. നോക്കുകൂലിയുടെ കേരളം വേണ്ടാ. വികസിത കേരളം ആരംഭിക്കണം എന്നതാണ് ഞങ്ങളുടെ ദൗത്യം. കഴിഞ്ഞ 11 കൊല്ലംകൊണ്ട് ഇന്ത്യയിലുണ്ടായ മാറ്റം കേരളത്തിലും വരണം. -രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഹെൽപ്പ്‌ ഡെസ്‌കിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ വിശദീകരിച്ചു. 30 സംഘടനാ ജില്ലകളിലും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കും. മുൻ കേണൽ എസ്. ഡിന്നി, റിട്ട. മേജർ ജനറൽ പി.എസ്. നായർ, ഡോ. ടി.ആർ. ഗോപാലകൃഷ്ണൻ നായർ, പൊതുപ്രവർത്തകനായ വിജയലാൽ ബി.എസ്. എന്നിവർ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിൽനിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു.

സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി മാരാർജിഭവനിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ബിജെപി പതാക ഉയർത്തി.

ബിജെപിയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റ് ഒ. രാജഗോപാൽ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി. സുധീർ, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു തുടങ്ങിയവർ പങ്കെടുത്തു.