തൃശ്ശൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വേണ്ടിവന്നാല്‍ നിലപാട് പറയുമെന്നും വലിയ വിവേചനം നേരിടുന്ന ന്യൂനപക്ഷമായി സമുദായം മാറിയിരിക്കുന്നുവെന്നും സിബിസിഐ അധ്യക്ഷനും തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

തിരഞ്ഞെടുപ്പില്‍ വോട്ട് പാഴാക്കരുതെന്നും അവകാശം സംരക്ഷിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഭ കക്ഷിരാഷ്ട്രീയം പറയുന്നില്ല. പ്രദേശത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കണം. സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. ബ്ലാങ്ക് ചെക്ക് ആര്‍ക്കും കൊടുത്തിട്ടില്ല. മുന്നാക്ക വിഭാഗത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ സമുദായം പിന്നാക്കം പോകുകയാണ്. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, രാഷ്ട്രനിര്‍മിതി തുടങ്ങിയ മേഖലകളിലെല്ലാം സഭ ഏറെ മുന്നിലായിരുന്നു. വിദ്യാഭ്യാസ രംഗത്ത് സഭയുടെ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്. സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ മതപരമായ കാര്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നത് ഭരണഘടന നല്‍കുന്ന അവകാശം നിഷേധിക്കുന്നതിന് തുല്യമാണ്.

സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് നിയമന അംഗീകാരവും വേതനവുമില്ലാത്തത് മനുഷ്യാവകാശ ലംഘനമാണ്. സമുദായം അവഗണന നേരിടുമ്പോള്‍ ശബ്ദിച്ചിട്ടുണ്ട്. സമരത്തിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കരുത്. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഭരണഘടനയും മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. വികാരി ജനറല്‍ ജെയ്സണ്‍ കൂനംപ്ലാക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, ഷിന്റോ മാത്യു, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ജോബി തോമസ് കാക്കശ്ശേരി തുടങ്ങിയവരുമുണ്ടായിരുന്നു.

സമുദായ ശാക്തീകരണ വര്‍ഷത്തിന്റെ ഭാഗമായി തൃശ്ശൂര്‍ അതിരൂപത സമുദായ ജാഗ്രത സദസ്സ് ഞായറാഴ്ച നടത്തും. സഭാകൂട്ടായ്മ വളര്‍ത്താനും വിശ്വാസപരമായി കൂടുതല്‍ ഐക്യത്തിനും സഭയും സമുദായവും അംഗീകരിക്കുന്ന വിഷയങ്ങളില്‍ ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കാനുമായാണ് സമുദായ ജാഗ്രത സദസ്സ്.