
കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എട്ട്യാകരി പാടശേഖരത്തില്‍ വളര്‍ത്തിയിരുന്ന താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. പുത്തന്‍പുരയില്‍ ഔസേപ്പ് മാത്യു എന്നയാള്‍ വളര്‍ത്തിയ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് എച്ച്5 എന്‍1 സ്ഥിരീകരിച്ചത്.
18,000 താറാവുകളെയാണ് വളര്‍ത്തിയിരുന്നത്. അഞ്ചരമാസം പ്രായമുള്ളവയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടി സ്വീകരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകര്‍മസംഘമാണ് പക്ഷികളെ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ 2021-ലെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് സംസ്‌കരണനടപടി.

പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പക്ഷികളുടെയും അവയുടെ ഉല്‍പ്പന്നങ്ങളുടെയും വിപണനവും മറ്റും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായി നിരോധിച്ചു. ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്ന പായിപ്പാട് പഞ്ചായത്തിലെ മറ്റുവാര്‍ഡുകളിലും ചങ്ങനാശേരി നഗരസഭയിലും വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലും വ്യാഴാഴ്ച മുതല്‍ ജൂണ്‍ രണ്ടു വരെ നാലു ദിവസത്തേക്ക് പക്ഷികളുടെയും അവയുടെ ഉല്‍പ്പന്നങ്ങളുടെയും വിപണനവും കടത്തലും നിരോധിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കളക്ടറേറ്റില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. മൃഗസംരക്ഷവകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യൂ, പോലീസ്, വനം, ആരോഗ്യം, അഗ്നിരക്ഷാ സേന, മോട്ടോര്‍വാഹന വകുപ്പ് എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
Content Highlights: bird flu confirmed in Kottayam Paipad
Published: 30 May 2024, 05:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented