ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നത് പാകിസ്താനല്ല, ചൈനയാണെന്നായിരുന്നു സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്റെ അവസാന പൊതുപ്രസ്താവന. ഒരു ഇംഗ്ലീഷ് ചാനല്‍ നവംബര്‍ 13-ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

2020 ജൂണ്‍ 15-ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലടക്കമുണ്ടായ സൈനിക സംഘര്‍ഷത്തെ പ്രതിപാദിച്ച റാവത്ത് അയല്‍രാജ്യങ്ങള്‍ അടക്കം ഉയര്‍ത്തുന്ന ഏത് സുരക്ഷാ വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ സര്‍വസജ്ജമാണെന്ന് പറഞ്ഞിരുന്നു.

ഇനി ഗാല്‍വന്‍ ആവര്‍ത്തിച്ചാല്‍ അതേ നാണയത്തില്‍ത്തന്നെ മറുപടി നല്‍കും. ചൈനീസ് കടന്നു കയറ്റമുണ്ടായ സ്ഥലങ്ങളെല്ലാം മോചിപ്പിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. ശൈത്യകാലം മറയാക്കി ചൈന നടത്താന്‍ സാധ്യതയുള്ള കടന്നുകയറ്റം തടയാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും അതിര്‍ത്തിയില്‍ ഒരുക്കിക്കഴിഞ്ഞു. അതിര്‍ത്തിയിലെ തര്‍ക്കഭൂമിയില്‍ ചൈനപ്പട്ടാളം എത്രകാലം തുടരുന്നുവോ അത്രയും കാലം ഇന്ത്യന്‍ സൈന്യവും പ്രതിരോധം തീര്‍ത്ത് നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രതിരോധമന്ത്രിയുള്‍പ്പെടെ റാവത്തിന്റെ വസതിയില്‍

ന്യൂഡല്‍ഹി: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സഞ്ചരിച്ച കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ ഡല്‍ഹി സേനാഭവനുസമീപം കാമരാജ് മാര്‍ഗിലെ ബിപിന്‍ റാവത്തിന്റെ വസതിയിലേക്ക് രാഷ്ട്രീയ-സാമൂഹിക പ്രമുഖരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം ഒട്ടേറെ പേരെത്തി.

ഈ സമയം അദ്ദേഹത്തിന്റെ ഇളയ മകള്‍ കൃതിക റാവത്തും ബന്ധുക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂത്തമകള്‍ മുംബൈയിലായിരുന്നു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കരസേനാമേധാവി എം.എം.നരവണെ, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ടി.എസ്. റാവത്ത്, എം.വി. ശ്രേയാംസ് കുമാര്‍ എം.പി. ഉള്‍പ്പെടെയുള്ളവര്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.

ഓടിയെത്തിയപ്പോള്‍ തീഗോളം, ഞെട്ടിത്തരിച്ച നിമിഷങ്ങള്‍...

കാട്ടേരി (കുനൂര്‍): 'അതിഭീകരമായ പൊട്ടിത്തെറി ... എന്തെന്ന് മനസ്സിലാവുംമുമ്പേ അഗ്‌നിഗോളവും വലിയ പുകച്ചുരുളുകളും ആകാശത്തേക്കുയര്‍ന്നു. ചിന്നിച്ചിതറിയ മൃതദേഹഭാഗങ്ങള്‍ മനസ്സില്‍നിന്ന് മായുന്നില്ല' -തലയ്ക്കുമുകളില്‍ പൊട്ടിത്തെറിച്ച കോപ്ടറില്‍നിന്ന് തെറിച്ചുവീണ മൃതദേഹ ഭാഗങ്ങള്‍ പെറുക്കിയെടുത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കാട്ടേരിയിലെ ഫോറസ്റ്റ് വാച്ചര്‍ ആര്‍. ലോകേശ്വരന്‍ കോപ്റ്റര്‍ അപകടത്തിന്റെ അതിദാരുണ രംഗം ഓര്‍ത്തെടുക്കുകയാണ്.

കെ.എന്‍.ആര്‍. തോട്ടംമുതല്‍ മൂടല്‍മഞ്ഞുമൂലം താഴ്ന്നാണ് കോപ്റ്റര്‍ പറന്നത്. താഴ്ന്നുപറക്കുന്ന കോപ്റ്റര്‍ പ്രദേശവാസികള്‍ കണ്ടിരുന്നു.

സാധാരണയിലും തീരേ താഴ്ന്നുവന്ന കോപ്ടര്‍ മരത്തിലിടിച്ച് ആദ്യം ചെരിഞ്ഞു. ഇതിനിടെ കോപ്റ്ററിന്റെ ഒരുവാതില്‍ ദൂരേക്ക് ഇളകിത്തെറിച്ചു. തീപിടിച്ച കോപ്റ്റര്‍ ചെരിഞ്ഞതോടെ മൂന്നുപേര്‍ പൊട്ടിയവാതിലിലൂടെ താഴെക്കുവീണു. ഇവരാണ് പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയവരെന്ന് ലോകേശ്വരന്‍ പറഞ്ഞു.

തത്ക്ഷണം മരിച്ച മറ്റുള്ളവരെല്ലാം കോപ്റ്ററിനൊപ്പം പൊട്ടിത്തെറിക്കയായിരുന്നു. 81 വീടുകളുള്ള കോളനിയിലെ വീടുകളില്‍നിന്ന് ആളുകള്‍ പുറത്തേക്കോടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആര്‍ക്കും സ്ഥലത്തേക്ക് അടുക്കാനാവാത്ത സ്ഥിതിയായിരുന്നു. സേനാംഗങ്ങളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും കോപ്റ്ററിന്റെ ഭാഗങ്ങളും ഇടയ്ക്കിടെ പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു. ഒരുമണിയോടെയാണ് തീ നിയന്ത്രണവിധേയമായത്. ഇതിനുശേഷമേ ലോകേശ്വരനടക്കമുള്ളവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനായുള്ളൂ .

ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞവരെ ഉടന്‍തന്നെ അപകടസ്ഥലത്തുനിന്ന് ചുമന്ന് മലയിറക്കി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കുനൂര്‍പോലീസ് സ്ഥലത്തെത്തിയശേഷമാണ് ലോകേശ്വരനും മറ്റുള്ളവരും മരിച്ചവരുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്ത് പൊതിഞ്ഞുകെട്ടി ആശുപത്രിയിലേക്ക് മാറ്റിയത്. മിക്ക മൃതദേഹങ്ങളും ചിന്നിച്ചിതറി തിരിച്ചറിയാന്‍പറ്റാത്ത തരത്തിലായിരുന്നെന്ന് ലോകേശ്വരന്‍ പറഞ്ഞു. മൂന്നരയോടെയാണ് സംഭവസ്ഥലത്തെ തീ പൂര്‍ണമായി അണച്ചത്.

content highlights: bipin rawat, nilgiri helicopter crash