തിരുവനന്തപുരം: സിപിഐ-സിപിഎം ലയന ചര്‍ച്ച ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇരുപാര്‍ട്ടികള്‍ക്കും വ്യത്യസ്ത നയങ്ങളാണെന്ന് വ്യക്തമാക്കിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ അതിന്റെ പ്രധാന ഉദാഹരമാണ് മോദി സര്‍ക്കാര്‍ ഫാസിസ്റ്റാണോ അല്ലയോ എന്നത് സംബന്ധിച്ച വിഷയമെന്നും പറഞ്ഞു.

To advertise here,

ഒരു പൊതുപരിപാടിയിലായിരുന്നു ബിനോയ് വിശ്വം ലയനത്തെ കുറിച്ച് സംസാരിച്ചത്. ഒരുമയെപറ്റി ചിന്തിക്കാന്‍ കാലമായി. നാളെ അത് ഉണ്ടാകുമെന്ന് സിപിഐക്ക് വ്യാമോഹമില്ല. എന്നാല്‍ അത് കാലത്തിന്റെ ആവശ്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

'ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ആര്‍എസ്എസും ബിജെപിയുമെല്ലാം പിടിമുറുക്കുമ്പോള്‍ നമ്മള്‍ ഐക്യപ്പെടേണ്ടതുണ്ട്' സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

'സിപിഐ പറയുന്നത്, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വാധിഷ്ഠിതമായ പുനരേകീകരണമെന്നാണ്. സിപിഐക്കും സിപിഎമ്മിനും ഒന്നിക്കാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പറയേണ്ടി വരും. അത് പറയുന്നത് അടുക്കാന്‍ വേണ്ടിയാണ്. അല്ലാതെ അകലാന്‍ വേണ്ടിയല്ല'  ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

പിന്നാലെ മറുപടിയുമായി എ.കെ.ബാലന്‍ എത്തി. 'പ്രത്യേയശാസ്ത്ര രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍. അതിലൊന്ന് ബിനോയ് വിശ്വം ഇപ്പോള്‍ സൂചിപ്പിച്ചു. ഇന്ത്യാരാജ്യം ഫാസിസ്റ്റ് ഭരണത്തിന് കീഴിലാണെന്ന്. അതിനോട് യോജിക്കാന്‍ കഴിയില്ലെന്നത് സിപിഎമ്മിന്റെ വ്യക്തമായ നയമാണ്. അതിലൊന്നും വ്യക്തത വരുത്താതെ കൂട്ടിയോജിപ്പിച്ചാല്‍ വീണ്ടും കീറും. കഷണമായ മുണ്ട് കൂട്ടിത്തുന്നിയാല്‍ വീണ്ടും കീറും. പരിഹരിക്കപ്പെടാത്ത വ്യക്തതയില്ലാത്ത പ്രശ്‌നങ്ങളുണ്ട്. അതില്‍ വ്യക്തത വരുത്താതെ ആഗ്രഹ പ്രകടനം എന്ന നിലയ്ക്ക് കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൂട്ടിക്കെട്ടി ഉണ്ടാക്കാന്‍ പറ്റില്ല' എ.കെ.ബാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.