
നെടുമങ്ങാട്: 'എന്റെ നിറം കറുപ്പായതുകൊണ്ടാണോ ചെയ്യാത്ത കുറ്റത്തിന് ഞാന്‍ ഇത്രയധികം പീഡനം അനുഭവിക്കേണ്ടിവന്നത്'- ജോലിക്കു നിന്ന വീട്ടിലെ മാല മോഷ്ടിച്ചെന്ന പരാതിയില്‍, പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ 20 മണിക്കൂറോളം മാനസികപീഡനത്തിനിരയായ ബിന്ദു ചോദിക്കുന്നു. കാക്കിക്കുള്ളിലെ കാടത്തം ഇനിയും അവസാനിച്ചിട്ടില്ലെന്നു തെളിയിക്കുകയാണ് ദളിത് യുവതിയായ ബിന്ദുവിന്റെ അനുഭവം.
നടന്ന സംഭവത്തെക്കുറിച്ച് ബിന്ദു പറയുന്നതിങ്ങനെയാണ്: 'മൂന്നു ദിവസം മുന്‍പാണ് ആ വീട്ടില്‍ ജോലിക്കുവന്നത്. ഏപ്രില്‍ 23-ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് വീട്ടിലേക്കു പോകാന്‍ ബസ് കാത്തുനില്ക്കുമ്പോഴാണ് പേരൂര്‍ക്കട സ്റ്റേഷനിലേക്കു വിളിപ്പിക്കുന്നത്. മൂന്നു പവന്റെ സ്വര്‍ണമാല കാണാനില്ലെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് വിളിപ്പിച്ചത്.
സ്റ്റേഷനിലെത്തിയപ്പോള്‍ മുതല്‍ മാലക്കള്ളീ എന്നു വിളിച്ച് അധിക്ഷേപം തുടങ്ങി. ഫോണ്‍ പിടിച്ചുവാങ്ങി െവച്ച ശേഷം കേട്ടാലറയ്ക്കുന്ന തെറി വിളിച്ചുകൊണ്ടാണ് പോലീസുകാര്‍ സംസാരിച്ചത്. മാല ഞാനെടുത്തിട്ടില്ലെന്ന് പോലീസുകാരുടെ കാലുപിടിച്ചു പറഞ്ഞു.
രാത്രി ഒന്‍പതുമണിയായിട്ടും ഞാന്‍ സ്റ്റേഷനിലാണെന്ന വിവരം വീട്ടിലറിയിച്ചില്ല. ഞാനെവിടെയാണെന്നറിയാതെ ഭര്‍ത്താവും പെണ്‍കുട്ടികളും പരക്കംപായുകയായിരുന്നു. രാത്രിയില്‍ ഒരു കൊടുംക്രിമിനലിനെ കൊണ്ടുപോകുന്നതുപോലെ പനയമുട്ടം കൊച്ചാട്ടുകാലിലെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. ജോലിക്കുനിന്ന വീട്ടിലെ മാല ഞാന്‍ മോഷ്ടിച്ചെന്ന് പരിസരവാസികളോടെല്ലാം പോലീസ് പറഞ്ഞുകൊണ്ടിരുന്നു. ആത്മഹത്യ ചെയ്യാന്‍ വരെ അപ്പോള്‍ ആലോചിച്ചു. തിരികെ േസ്റ്റഷനിലെത്തിച്ച് വനിതാ പോലീസ് വിവസ്ത്രയാക്കി പരിശോധിച്ചു. ആ സ്ത്രീയോടും ഞാന്‍ കരഞ്ഞുപറഞ്ഞു, മാല എടുത്തിട്ടില്ലെന്ന്. കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ചപ്പോള്‍, സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി വെള്ളം കുടിക്കാനാണ് എസ്‌ഐ പറഞ്ഞത്. സ്റ്റേഷനില്‍ വരുന്ന എല്ലാവരും കാണുന്ന തരത്തില്‍ എന്നെ തറയിലിരുത്തി. ജാതി പറഞ്ഞും നിറത്തെ അപമാനിച്ചും പോലീസ് അസഭ്യവര്‍ഷം നടത്തി. മാല എടുത്തുകൊടുത്തില്ലെങ്കില്‍ എന്നെയും ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെയും കേസില്‍ കുടുക്കി ജയിലിലടയ്ക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. രാവിലെ ഭര്‍ത്താവ് വാങ്ങിക്കൊടുത്ത ആഹാരംപോലും കഴിക്കാന്‍ സമ്മതിച്ചില്ല.
ജോലിക്കുനിന്ന വീട്ടില്‍ത്തന്നെ മാലയുണ്ടെന്ന വിവരം കിട്ടിയപ്പോള്‍, പെണ്‍മക്കളെയോര്‍ത്ത് ഇപ്പോള്‍ വിടുന്നുവെന്നും ഇനി പേരൂര്‍ക്കടയിലോ പരിസരത്തോ കണ്ടുപോകരുതെന്നും പറഞ്ഞാണ് വിട്ടയച്ചത്' -ബിന്ദുവിന്റെ വിറയാര്‍ന്ന വാക്കുകള്‍.
മണിക്കൂറോളം മാനസിക പീഡനം
തിരുവനന്തപുരം: മോഷണക്കുറ്റമാരോപിച്ച് പോലീസ് സ്റ്റേഷനില്‍ ദളിത് യുവതിയെ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരേ ഗുരുതര ആരോപണങ്ങള്‍.
നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ലെന്നും വനിതാ പോലീസെത്തി വിവസ്ത്രയാക്കി പരിശോധന നടത്തിയതായും പരാതിക്കാരി ആരോപിച്ചു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ശൗചാലയത്തില്‍ പോയി വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ടെന്നും പോലീസുകാര്‍ അസഭ്യംപറഞ്ഞതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും ബിന്ദു പറയുന്നു.
നിരപരാധിത്വം തെളിഞ്ഞിട്ടും മണിക്കൂറുകളോളം സ്റ്റേഷനില്‍ നിര്‍ത്തിയശേഷമാണ് ഫോണ്‍ തിരികെനല്‍കിയതും വീട്ടിലേക്കു പോകാന്‍ അനുവദിച്ചതും. തുടര്‍ന്ന് മുഖ്യമന്ത്രിക്കും പട്ടികജാതി വികസന വകുപ്പ് മന്ത്രിക്കും ഡിജിപിക്കും ബിന്ദു പരാതി നല്‍കിയിരുന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പേരൂര്‍ക്കട എസ്ഐ എസ്.ജി.പ്രസാദിനെ സിറ്റി പോലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍.എസ്. അനുരൂപ് തുടരന്വേഷണം നടത്തുമെന്നും കമ്മിഷണര്‍ അറിയിച്ചു.
സംഭവം വിവാദമായതോടെയാണ് പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രാഥമികാന്വേഷണം പോലും നടത്താതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് ബിന്ദുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് കണ്ടെത്തല്‍. എസ്ഐ എസ്.ജി.പ്രസാദ് പോലീസ് സേനയ്ക്ക് കടുത്ത അപമാനമുണ്ടാക്കിയെന്നും ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണമുണ്ടാകുമെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
വിഷയത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. ജില്ലയ്ക്കു പുറത്ത് ജോലിചെയ്യുന്ന ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും ആരോപണം
പരാതിയുമായി സമീപിച്ചപ്പോള്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി അപമാനിച്ചതായി ബിന്ദു മാധ്യമങ്ങളില്‍ പ്രതികരിച്ചതോടെ സംഭവത്തിന് രാഷ്ട്രീയമാനവും കൈവന്നു. ഇതോടെ സര്‍ക്കാരിനെതിരേ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ബിന്ദുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. അഭിഭാഷകനൊപ്പം പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍, കോടതിയില്‍ പോകാനാണ് പി.ശശി നിര്‍ദേശിച്ചതെന്നും പരാതി വായിച്ചുനോക്കാന്‍ പോലും തയ്യാറായില്ലെന്നും ബിന്ദു പറയുന്നു.
എന്നാല്‍, പരാതിയെ ഗൗരവത്തോടെയാണ് സമീപിച്ചതെന്നും പോലീസുകാര്‍ക്കെതിരേ നടപടിക്കു നിര്‍ദേശിച്ചുവെന്നും പി.ശശി മാധ്യമങ്ങളോടു പ്രതികരിച്ചു.
മാല കിട്ടിയത് വീടിനു പിന്നില്‍നിന്ന്; പരാതിയിലുറച്ച് വീട്ടുകാര്‍
പേരൂര്‍ക്കട: വീട്ടില്‍നിന്നു സ്വര്‍ണമാല തിരിച്ചുകിട്ടിയെങ്കിലും തന്റെ പരാതി സത്യമാണെന്ന് പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്‍കിയ വീട്ടമ്മ. വീടിനുള്ളിലിരുന്ന മാലയാണ് മോഷണംപോയത്. എന്നാല്‍ വീടിനു പിന്നില്‍നിന്നാണ് നഷ്ടപ്പെട്ട മാല കണ്ടുകിട്ടിയത്.
ആവശ്യമായ ഘട്ടത്തില്‍ ഇതിനുള്ള തെളിവുകള്‍ പോലീസിനും കോടതിക്കും നല്‍കുമെന്നും പരാതി നല്‍കിയ അമ്പലംമുക്ക് എന്‍സിസി റോഡ് ഭഗവതി നഗര്‍-117 ബഥേല്‍ വീട്ടില്‍ താമസിക്കുന്ന ഓമന ഡാനിയല്‍ പറയുന്നു.
സംഭവത്തില്‍ പോലീസിനു വീഴ്ചയുണ്ടായില്ല. പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടപടിയെടുക്കുക മാത്രമാണ് പോലീസ് ചെയ്തത്. നടപടി നേരിട്ട പോലീസുകാരന്‍ നിരപരാധിയെന്നും കേസുമായി മുന്നോട്ടുപോകുമെന്നും ഓമന പറഞ്ഞു.
Content Highlights: A Dalit woman in Kerala was allegedly subjected to 20 hours of police harassment
Published: 20 May 2025, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented