അടൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ കേരളത്തിലെത്തി അവരുടെ കുട്ടികൾ ഇവിടുത്തെ സ്കൂളിൽ പഠിക്കുന്നത് ഇപ്പോൾ പുതുമയല്ല. അത്തരത്തിൽ പ്ലസ് ടു പരീക്ഷയിൽ അടൂർ ഗവ. ബോയ്സ് എച്ച്എസ്എസിൽനിന്ന് വിജയിച്ചവരിൽ ഒരു ബീഹാർ സ്വദേശിയുമുണ്ട്. ബീഹാർ ചമ്പാരൻ മധുരാപുർ സ്വദേശി ആഷിക് ഫരിയാദ്.

To advertise here,

ആഷിക്കിന്റെ പ്ലസ് ടു വിജയം കഠിനാധ്വാനത്തിന്റെതാണ്. പ്ലസ് ടു ഹ്യൂമാനിറ്റീസിൽ 78 ശതമാനത്തോടെയാണ് പരീക്ഷ ജയിച്ചത്. ഏഴ് വർഷം മുൻപാണ് ആഷിക്കിന്റെ കുടുംബം കേരളത്തിലെത്തിയത്. അച്ഛൻ സലാവുദീൻ അടൂർ ബൈപ്പാസിൽ കരിക്കും കരിമ്പിൻ ജ്യൂസും വഴിയോര കച്ചവടം നടത്തുന്നു. അമ്മ ജൂലേഖയും അടൂർ തന്നെ മറ്റൊരിടത്ത് വഴിയോര കച്ചവടം നടത്തുന്നു. ജനുവരിയിൽ വാഹനാപകടം ഉണ്ടായതിനെ തുടർന്ന് സലാവുദീന് കടയിൽ ജോലിക്ക് എത്താൻ സാധിക്കാതെയായി. അന്നുമുതൽ പിതാവിന്റെ സുഹൃത്തിനൊപ്പം ആഷിക്കാണ് കട നടത്തുന്നത്.

അധ്യാപകരുടെ അറിവോടെ തന്നെ സ്കൂളിൽനിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ അവധിയെടുത്തു. മറ്റുദിവസങ്ങളിൽ പത്താംക്ലാസ് വിദ്യാർഥിയായിരുന്ന അനിയൻ അഫ്ജലും കടയിലെത്തി. മാർച്ചിൽ പരീക്ഷ സമയത്ത് കടയിലിരുന്നായിരുന്നു പഠനം. ട്യൂഷനോ മറ്റ് സഹായങ്ങളോ ഇല്ലാതെ സ്കൂളിൽ പഠിപ്പിച്ചതും സ്വയം പഠിച്ചതുമായി ആത്മവിശ്വാസത്തോടെയാണ് പരീക്ഷയെഴുതിയതെന്ന് ആഷിക് പറയുന്നു. ഇപ്പോൾ കടയിലിരുന്ന് കേന്ദ്രസർവകലാശാല എൻട്രൻസിന് പഠിക്കുകയാണ് ആഷിക്. അനിയൻ അഫ്ജലും ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ മികച്ചജയം നേടി.