ബേപ്പൂർ: കഴിഞ്ഞ ഒരുമാസത്തിലേറെയായി പാചകവാതകം കിട്ടാതെ വിഷമിക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ആശ്വാസമായി ഒരു കപ്പൽ പാചകവാതക സിലൻഡറുകളുമായി ബേപ്പൂർ തുറമുഖത്തുനിന്ന് പുറപ്പെടുന്നു. പാചകവാതകം കയറ്റിയ ‘ഗംഗ’ എന്ന കപ്പലാണ് ദ്വീപിലേക്കുള്ള യാത്രയ്ക്ക് തയ്യാറാക്കിയത്. എം.വി. കല്പേനി എന്ന കപ്പലിന് പാചകവാതകം കയറ്റിക്കഴിഞ്ഞാൽ നിബന്ധനകൾ പാലിച്ച് തുറമുഖം വിടാം.

To advertise here,

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള മാരിടൈം ബോർഡിന് ദ്വീപിലേക്കുള്ള കയറ്റുമതി സംബന്ധിച്ച് അടയ്ക്കാനുള്ള തുക സമയത്തിന് നൽകാതെവന്നതിനെത്തുടർന്നാണ് കഴിഞ്ഞ ഒരുമാസക്കാലമായി ഈ രണ്ടു കപ്പലുകളും പാചകവാതകവുംകൊണ്ട് ദ്വീപിലേക്ക് പോവാൻകഴിയാതെ പ്രതിസന്ധിയിലായത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ് ഈ രണ്ടു കപ്പലുകളും സർവീസ് നടത്തുന്നത്.

ബേപ്പൂർ തുറമുഖത്ത് പ്രവർത്തിക്കുന്ന ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ചരക്കുകൾ ലക്ഷദ്വീപിലെത്തിക്കുന്നത്. ഗാർഹികാവശ്യങ്ങൾക്കും ഹോട്ടൽ, ടൂറിസം മേഖലയിലും പാചകവാതകം ദ്വീപിൽ ലഭ്യമല്ലാത്തതിനാൽ പ്രതിസന്ധി നേരിടുകയാണ്. ഒരുലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികളാണ് പാചകവാതകം ഇല്ലാതെ വിഷമിക്കുന്നത്.

കേരള മാരിടൈം ബോർഡിന് ലഭിക്കാനുള്ള തുക ഭാഗികമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അടയ്ക്കാൻ തയ്യാറായതോടെയാണ് ഗംഗ എന്ന പാചകവാതക കപ്പലിലേക്ക് ശനിയാഴ്ച വാതക സിലിൻഡറുകൾ കയറ്റാൻതുടങ്ങിയത്.

ദ്വീപ് നിവാസികൾ കേന്ദ്ര പെട്രോളിയം മന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം അറിയിച്ചതോടെയാണ് ബേപ്പൂരിൽനിന്നുള്ള പാചകവാതകം ദ്വീപിലേക്ക് അയക്കാൻ നടപടിയായത്.

നേരത്തേ ‘ഇലി കല്പേനി’ എന്ന കപ്പൽ മാത്രമാണ് പാചകവാതകവുമായി ബേപ്പൂർ-ലക്ഷദ്വീപ് സർവീസ് നടത്തിയിരുന്നത്. ഈ കപ്പൽ ഇപ്പോൾ പാചകവാതകവുമായി ദ്വീപിലേക്ക് പുറപ്പെടാൻ സാങ്കേതിക, നിയമ തടസ്സമുണ്ട്.