കോഴിക്കോട്: മത്സരംകൊണ്ട് ശ്രദ്ധേയമായ ബേപ്പൂരിന്റെ ഫലമെന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പി.വി. അൻവർ അദ്ഭുതം സൃഷ്ടിക്കുമോയെന്ന ചർച്ചകളാണ് നടക്കുന്നത്. ബേപ്പൂരിൽ പോളിങ് ശതമാനം വലിയരീതിയിൽ കൂടിയെങ്കിലും അത്ര എളുപ്പമല്ല ഇടതുകോട്ട തകർക്കൽ. 83.74 ശതമാനമാണ് ഇത്തവണത്തെ പോളിങ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാളും (79.4) 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാളും (74.89) പോളിങ് ശതമാനം വലിയതോതിൽ കൂടിയിട്ടുണ്ട്. കടുപ്പമുള്ള ത്രികോണമത്സരമാണ് ബേപ്പൂരിൽ നടന്നതെന്നതിന്റെ സൂചനയാണിത്. പക്ഷേ, എൽ.ഡി.എഫ്. സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിനെ കീഴടക്കി ബേപ്പൂരിന്റെ ഇടതുകോട്ട പൊളിക്കൽ യു.ഡി.എഫ്. സ്ഥാനാർഥി പി.വി. അൻവറിന് അത്ര എളുപ്പമാവില്ല. അദ്ഭുതങ്ങൾതന്നെ സംഭവിക്കേണ്ടിവരും.
പോൾ ചെയ്തത് 1,83,094 വോട്ട്
1,83,094 വോട്ടാണ് ഇത്തവണ ബേപ്പൂരിൽ പോൾചെയ്തത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,64,589 വോട്ടും. 82,165 വോട്ടാണ് അന്ന് എൽ.ഡി.എഫിന് കിട്ടിയത്. ആകെ പോൾചെയ്തതിന്റെ പകുതി വോട്ട് പി.എ. മുഹമ്മദ് റിയാസ് പിടിച്ചു. യു.ഡി.എഫിന് 53,418 വോട്ടാണ് ലഭിച്ചത്. എൻ.ഡി.എ. സ്ഥാനാർഥിക്ക് 26,267 വോട്ടും. എൻ.ഡി.എ. സ്ഥാനാർഥി കെ.പി. പ്രകാശ്ബാബു ഇത്തവണ വോട്ടുവർധിപ്പിക്കുമെന്നാണ് സൂചന. 'പ്രകാശ് ബാബു ബേപ്പൂരിൽ മത്സരിച്ചപ്പോഴാണ് എൻ.ഡി.എ.ക്ക് മണ്ഡലത്തിൽ വോട്ടുകൂടിയത്. അത് ആവർത്തിക്കും, വിജയത്തിലേക്കെത്തും -എൻ.ഡി.എ. അവകാശപ്പെടുന്നു.
2021-ലേതിനെക്കാൾ ഇത്തവണ 18,505 വോട്ടുകളാണ് കൂടുതലായി പോൾ ചെയ്തത്. ഇത് എല്ലാമുന്നണികൾക്കും വിഭജിച്ചുപോവും. അൻവറിന് ജയിക്കണമെങ്കിൽ 2021-ലേതിനേക്കാൾ ഇരുപതിനായിരത്തിലധികം വോട്ടെങ്കിലും പിടിക്കണമെന്നാണ് വിലയിരുത്തൽ. ഇടതുവോട്ടുകൾകൂടി കാൻവാസ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് അൻവറിന്റെ അവകാശവാദം. അതുകൊണ്ട് 1500 വോട്ടിനെങ്കിലും ജയിക്കുമെന്ന് യു.ഡി.എഫ് പറയുന്നു. ഭരണവിരുദ്ധവികാരം ജില്ലയിൽ ഏറ്റവുംകൂടുതൽ ആളിക്കത്തിക്കാനായത് ബേപ്പൂരിലാണെന്നാണ് യു.ഡി.എഫ്. വിശ്വസിക്കുന്നത്. 2011-ൽ മാത്രമാണ് എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനായത്. അതിനുശേഷവും മുൻപും നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം എൽ.ഡി.എഫിന് മെച്ചപ്പെട്ട ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത്തവണയും മികച്ച ഭൂരിപക്ഷത്തിനുതന്നെ ജയിക്കുമെന്ന വലിയ ആത്മവിശ്വാസമുണ്ട്. 2021-ൽ 28,747 വോട്ടിന്റെ ഭൂരിപക്ഷമാണ് പി.എ. മുഹമ്മദ് റിയാസിന് ലഭിച്ചത്.
കുന്ദമംഗലത്തെ കനത്ത പോളിങ് ആർക്ക് അനുകൂലം
കുന്ദമംഗലം: കനത്ത പോളിങ് കൊണ്ട് ശ്രദ്ധേയമായ കുന്ദമംഗലം മണ്ഡലം ആർക്കനകൂലമാകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പോളിങ് ശതമാനം കൂടിയത് അനുകൂലമാകും എന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.
85.6 ശതമാനമാണ് കുന്ദമംഗലത്ത് ഇത്തവണത്തെ പോളിങ്. 2,05,272 പേർ പോളിങ് ബൂത്തിലും 3768 പേർ പോസ്റ്റൽ ബാലറ്റ് ഉൾപ്പെടെയും വോട്ട് ചെയ്തുവെന്നാണ് കണക്ക്. 2021-ൽ 83.8 ശതമാനമായിരുന്നു കുന്ദമംഗലത്തെ പോളിങ്. 85,138 വോട്ടാണ് അന്ന് എൽ.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.ടി.എ. റഹീമിന് ലഭിച്ചത്(43.93 ശതമാനം). യു.ഡി.എഫിലെ ദിനേശ് പെരുമണ്ണക്ക് 74,862 വോട്ടും(38.62ശതമാനം) ബി.ജെ.പി.യിലെ വി.കെ. സജീവന് 27,672 വോട്ടും (14.28 ശതമാനം) ലഭിച്ചു.
2024-ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ 23,302 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്. എം.കെ. രാഘവന് 88,054 വോട്ടും എളമരം കരീമിന് 64,752 വോട്ടും എം.ടി. രമേശിന് 32,860 വോട്ടും ലഭിച്ചു. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 88,996 വോട്ടും എൽ.ഡി.എഫിന് 77,558 വോട്ടും എൻ.ഡി.എക്ക് 31,849 വോട്ടുമാണ് ലഭിച്ചത്. യു.ഡി.എഫ് 11,438 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഇതുതന്നെയാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ പ്രതീക്ഷ ഉയർത്തുന്നത്. ഭരണവിരുദ്ധവികാരവും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന വിശ്വാസവും യു.ഡി.എഫിന്റെ പ്രതീക്ഷക്ക് ബലമേകുന്നു.
രണ്ടായിരത്തിനും മൂവായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽ.ഡി.എഫ്. അവകാശപ്പെടുന്നത്. യു.ഡി.എഫിന് സ്വാധീനമുള്ള പഞ്ചായത്തുകളിൽ അവർ ഭൂരിപക്ഷം വർധിപ്പിച്ചാലും ഒളവണ്ണയിൽ ഇതെല്ലാം മറികടക്കാനാകുമെന്നാണ് ഇടതിന്റെ കണക്കുകൂട്ടൽ. രണ്ട് മുന്നണികളിൽ നിന്നും വോട്ട് ലഭിക്കുമെന്നും ജനങ്ങൾ ബി.ജെ.പി. അനുകൂല നിലപാട് സ്വീകരിക്കുമെന്നും ബി.ജെ.പി. പറയുമ്പോൾ വി.കെ. സജീവൻ വോട്ട് വർധിപ്പിക്കുമെന്ന സൂചന തന്നെയാണുള്ളത്. എ ക്ലാസ് മണ്ഡലമായ കുന്ദമംഗലത്ത് വിജയിക്കുമെന്നും ഇവർ അവകാശപ്പെടുന്നുണ്ട്.
Content Highlights: Analysis of record-breaking 2026 voter turnout in Beypore and Kunnamangalam., Evaluation of LDF vs UDF electoral strongholds and current anti-incumbency factors
Published: 13 Apr 2026, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented