തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മദ്യവില്‍പനയ്ക്കുള്ള നീക്കം സജീവമാക്കി ബെവ്‌കോ. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് ഡെലിവറി പാട്ണറെ കണ്ടെത്തുമെന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. വാങ്ങുന്ന ആളുടെ പ്രായം 23 വയസ്സിന് മുകളിലാണെന്ന് പരിശോധിച്ച ശേഷമേ ഡെലിറി ചെയ്യുന്ന ആള്‍ മദ്യ വിതരണം നടത്തൂ. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ വിതരണ കമ്പനികള്‍ ഇതിനകം മുന്നോട്ട് വന്നിട്ടുണ്ടെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ബെവ്‌കോ എംഡിയുടെ പ്രതികരണം.

To advertise here,

ഓണ്‍ലൈന്‍ വില്‍പനയ്ക്കായി ബെവ്‌കോ പ്രത്യേക ആപ്പ് തയ്യാറാക്കുന്നുണ്ട്. പത്ത് ദിവസത്തിനകം അത് തയ്യാറാകും. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തും. അല്ലെങ്കില്‍ ഈ ആപ്പിലൂടെ ഉപഭോക്താവിന് ഓര്‍ഡര്‍ ചെയ്യാം. ക്യൂവില്‍ നില്‍ക്കാതെ സ്വന്തം നിലയ്ക്ക് മദ്യം വന്ന് കൊണ്ടുപോകേണ്ടി വരും.

സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍വെച്ചിട്ടുണ്ട്. നിലവില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലുള്ള തിരക്കും നാട്ടുകാര്‍ക്ക് ഇതുമൂലം ഉണ്ടാകുന്ന ശല്യവും പരിഗണിച്ചാണ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് പോകുന്നതെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

ഓണ്‍ലൈന്‍ മദ്യവില്‍പന വഴി 500 കോടിയുടെ അധിക വില്‍പന പ്രതീക്ഷിക്കുന്നതായും ബെവ്‌കോ എംഡി പറഞ്ഞു. മൂന്ന് നാല് വര്‍ഷത്തോളമായി ഓണ്‍ലൈന്‍ വില്‍പനയ്ക്കായുള്ള അപേക്ഷ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.