ആര്യനാട്: ആര്യനാട് പറണ്ടോട് ദേശസാത്‌കൃത ബാങ്ക് വീട് ജപ്തിചെയ്ത് അഞ്ചുമാസമായ കുട്ടിയും മൂന്ന് വയോധികരും ഉൾപ്പെടെയുള്ളവരെ പുറത്താക്കി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ബാങ്ക് ജപ്തിനടപടി സ്വീകരിച്ചത്. പറണ്ടോട് തെങ്ങുംപുറം സജ്ന മൻസിലിൽ നിഹാസിനാണ് ജപ്തിനടപടി നേരിടേണ്ടിവന്നത്.

To advertise here,

പ്രവാസിയായ നിഹാസ് വീട് വയ്ക്കുന്നതിനായി എൻആർഐ ലോൺ എടുത്തിരുന്നു. കൊറോണ ബാധിച്ചതോടെ വിദേശത്തുനിന്നു ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിഹാസ് അപകടത്തിൽപ്പെടുകയും ദീർഘനാൾ ചികിത്സയിലാകുകയും ചെയ്തു. ഇതോടെ മാസം 11,000 രൂപ വെച്ചുള്ള അടവ് മുടങ്ങി.

തുടർന്ന് ശാരീരികസ്ഥിതി നേരെയാക്കി പിതാവിന്റെ ജോലിയായ ചുമട്ടുതൊഴിൽ ചെയ്തുവരുകയായിരുന്നു. ഇതിനിടെ ബാങ്കുമായി ബന്ധപ്പെട്ട കുടിശ്ശികയായ തുക നിലനിർത്തി ബാക്കി തുക അടച്ചുവരുകയും കിട്ടുന്ന മുറയ്ക്ക് കുടിശ്ശികയും അടച്ചുതീർക്കാമെന്ന് നിരവധിതവണ ബ്രാഞ്ചുമായി ബന്ധപ്പെട്ട് സംസാരിച്ചു.

എന്നാൽ ഇത്‌ ബാങ്കിനു സ്വീകാര്യമായില്ല. മുഴുവൻ തുകയും അടയ്ക്കണമെന്ന നിലപാടാണ് ബാങ്ക് സ്വീകരിച്ചത്. എന്നാൽ 11 ലക്ഷം രൂപ വായ്പ എടുത്തതിൽ 5 ലക്ഷത്തോളം രൂപ തിരികെ അടയ്ക്കുകയും. ബാക്കി 6 ലക്ഷത്തോളവും പലിശയും ഉൾപ്പെടെ ഒരുമിച്ച് അടയ്ക്കാൻ നിവൃത്തിയില്ലാത്തതിനാൽ നിഹാസ് ഇതിനായുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിലുമായിരുന്നു.

ഇതിനിടെയാണ് വ്യാഴാഴ്ച ബാങ്ക് ജപ്തിനടപടി സ്വീകരിച്ചത്. നിഹാസും ഭാര്യയും അഞ്ചുമാസമായ കുട്ടിയും നിഹാസിന്റെ മാതാപിതാക്കളും മുത്തശ്ശിയുമാണ് ഈ വീട്ടിൽ കഴിയുന്നത്. മറ്റെവിടെയും പോകാൻ ആശ്രയമില്ലാത്ത നിഹാസും കുടുംബവും വീടിനു പുറത്താണിപ്പോൾ. വിവരങ്ങൾ അറിയാൻ ബാങ്ക് മാനേജരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല.