കിടങ്ങന്നൂര്‍ (പത്തനംതിട്ട): സ്ഥിരം ബാങ്കില്‍വരുന്ന എഴുപതുവയസ്സുകാരന്റെ തിടുക്കത്തിലുള്ള സംസാരം കേട്ടപ്പോള്‍ത്തന്നെ ജീവനക്കാര്‍ക്ക് സംശയംതോന്നി. തൊണ്ട വരണ്ടപ്പോള്‍ നല്‍കിയ ഒരുഗ്ലാസ് വെള്ളം കുടിച്ചുതീര്‍ത്തത് നിമിഷങ്ങള്‍ക്കകം. ഇതെല്ലാം മതിയായിരുന്നു കിടങ്ങന്നൂരിലെ ഫെഡറല്‍ ബാങ്ക് അധികൃതര്‍ക്ക് അദ്ദേഹം എന്തോ അപകടത്തില്‍ പെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കാന്‍.

To advertise here,

വെര്‍ച്വല്‍ അറസ്റ്റിലൂടെ 45 ലക്ഷം തട്ടാനുള്ള സൈബര്‍ തട്ടിപ്പുകാരുടെ നീക്കത്തെയാണ് ഉണര്‍ന്ന് പ്രവര്‍ത്തിച്ച ബാങ്ക് അധികൃതര്‍ തടഞ്ഞത്. മകനെ കേസില്‍ കുടുക്കാതിരിക്കാന്‍ പണം നല്‍കണം എന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആവശ്യം. തിങ്കളാഴ്ചയാണ് സംഭവം.

രാവിലെ പത്തിന് ബാങ്കിലെത്തിയ ഇടപാടുകാരന്‍, 45 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപം സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. വീടുപണിക്ക് വേണ്ടിയാണെന്നും പറഞ്ഞു. ഇത്രയും തുക എന്തിന് പെട്ടെന്ന് മാറ്റണമെന്ന സംശയം ജീവനക്കാര്‍ക്ക് തോന്നി. എന്നിട്ടും പണം, സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് അദ്ദേഹം വീട്ടിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് വീണ്ടും ബാങ്കിലെത്തി.

മുംബൈയിലുള്ള അമിക്കോ മറൈന്‍ സര്‍വീസ് എന്ന പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കി. നേരത്തേ മാറ്റിയ 45 ലക്ഷം രൂപ ഇതിലേക്ക് അയയ്ക്കാന്‍ പറഞ്ഞു. അപ്പോഴേക്കും മുഖത്ത് പരിഭ്രാന്തി കൂടിയിരുന്നു. ബാങ്ക് അധികൃതരുടെ സംശയം കൂടി. വീണ്ടും ചോദിച്ചപ്പോള്‍ മുംബൈയില്‍ സ്ഥലം വാങ്ങാനാണെന്ന് പറഞ്ഞതോടെ സംശയം ഇരട്ടിയായി.

ബാങ്ക് അധികൃതര്‍ പണം അയയ്ക്കാന്‍ മടിച്ചതോടെ ഇദ്ദേഹം വീണ്ടും വീട്ടിലേക്ക് പോയി. ഈ സമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യയും വീട്ടിലെത്തി. മകനെ കേസില്‍ കുടുക്കാതിരിക്കാന്‍ പണം നല്‍കണമെന്ന സംഘത്തിന്റെ ആവശ്യം ഭാര്യയെ ധരിപ്പിച്ചു. ഇതോടെ ഭാര്യയും ഭര്‍ത്താവും ബാങ്കിലെത്തി ബ്രാഞ്ച് മാനേജര്‍ ജി. വിനീതയോടും മറ്റ് ജീവനക്കാരോടും വിവരം പറഞ്ഞു.

സൈബര്‍ തട്ടിപ്പാകാം ഇതെന്ന് ജീവനക്കാര്‍ മനസ്സിലാക്കി. തുടര്‍ന്ന് വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറിയതായി ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് പി. ശ്രീജ പറഞ്ഞു. ആറന്‍മുള പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.

കിടങ്ങന്നൂരിലെ കേരള ബാങ്കില്‍നിന്ന് ഇദ്ദേഹം 19 ലക്ഷം രൂപ പിന്‍വലിച്ചിരുന്നു. പിന്‍വലിച്ച പണം മറ്റൊരു ബാങ്കില്‍ ഇട്ടശേഷം തട്ടിപ്പ് സംഘത്തിന് അയച്ചുകൊടുക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം കേരള ബാങ്കില്‍നിന്ന് പണം നല്‍കാന്‍ താമസം നേരിട്ടു. ഇതിനാല്‍ ഈ പണം തട്ടിപ്പ് സംഘം നിര്‍ദേശിച്ച ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിച്ചില്ല.