തിരുവനന്തപുരം: അവയവദാനമെന്ന മഹത്തായ സന്ദേശം നൽകി വിട്ടുപിരിഞ്ഞ ആലിൻ എന്ന 10 മാസം പ്രായമുള്ള കുട്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മനുഷ്യത്വത്തിന്റെ വലിയൊരു സന്ദേശമായി ആലിൻ ഇനി ജനഹൃദങ്ങളിൽ ജീവിക്കുമെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഏക മകളുടെ വിയോഗമുണ്ടാക്കിയ സങ്കടത്തിനിടയിലും കുട്ടിയുടെ അവയവങ്ങൾ നാല് കുട്ടികൾക്ക് നൽകാനുള്ള മാതാപിതാക്കളുടെ തീരുമാനം ഹൃദയത്തെ സ്പർശിക്കുന്നു. അവരുടെ സങ്കടത്തിൽ പങ്കുചേരുന്നു.

To advertise here,

പൊന്നോമന നഷ്ടപ്പെട്ട തീവ്ര വേദനയ്ക്കിടയിലും ഞങ്ങൾക്ക് നാലു മക്കൾ കൂടി ഉണ്ടായെന്നാണ് ആ കുടുംബം പറയുമ്പോൾ എങ്ങനെയാണ് കണ്ണ് നനയാതിരിക്കുക. ഏറ്റവും വലിയൊരു ദുഃഖം വന്നപ്പോഴും മറ്റു കുട്ടികളുടെ കൂടി ജീവൻ മുന്നിൽക്കണ്ട് ആ മാതാപിതാക്കൾ എടുത്ത തീരുമാനം നമ്മുടെ മനസിലാണ് പതിയേണ്ടത്. ഒരു നാടൊന്നാകെ അവർക്കൊപ്പം എന്നും ഉണ്ടാകും.- അദ്ദേഹം കുറിച്ചു.

ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പളളത്ത് വെച്ചുണ്ടായി അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റേയും ഷെറിന്റെയും പത്ത് മാസം പ്രയമുളള കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്‌കമരണം സംഭവിച്ചത്. തുടർന്ന് കുട്ടിയുടെ വൃക്കകൾ, ഹൃദയം,കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു.

പ്രതിപക്ഷനേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആലിൻ മടങ്ങുന്നു. പത്ത് മാസം ലോകം കണ്ടതിന് ശേഷം. എത്രയോ പതിറ്റാണ്ടുകൾ ഈ ലോകത്ത് ഉണ്ടാകേണ്ടതായിരുന്നു. ഇനി ജന ഹൃദയങ്ങളിൽ ആലിൻ ജീവിക്കും. ഒരു നൊമ്പരമായി മാത്രമല്ല, മനുഷ്യത്വത്തിന്റെ വലിയൊരു സന്ദേശമായി. വരും തലമുറകൾക്ക് മഹത്തായ പാഠങ്ങൾ പകർന്ന് നൽകുന്ന വലിയ സന്ദേശം.

ഏക മകളുടെ വിയോഗമുണ്ടാക്കിയ സങ്കടത്തിനിടയിലും കുട്ടിയുടെ അവയവങ്ങൾ നാല് കുട്ടികൾക്ക് നൽകാനുള്ള മാതാപിതാക്കളുടെ തീരുമാനം ഹൃദയത്തെ സ്പർശിക്കുന്നു. അവരുടെ സങ്കടത്തിൽ പങ്കുചേരുന്നു. പൊന്നോമന നഷ്ടപ്പെട്ട തീവ്ര വേദനയ്ക്കിടയിലും ഞങ്ങൾക്ക് നാലു മക്കൾ കൂടി ഉണ്ടായെന്നാണ് ആ കുടുംബം പറയുമ്പോൾ എങ്ങനെയാണ് കണ്ണ് നനയാതിരിക്കുക.

ഏറ്റവും വലിയൊരു ദുഃഖം വന്നപ്പോഴും മറ്റു കുട്ടികളുടെ കൂടി ജീവൻ മുന്നിൽക്കണ്ട് ആ മാതാപിതാക്കൾ എടുത്ത തീരുമാനം നമ്മുടെ മനസിലാണ് പതിയേണ്ടത്. ഒരു നാടൊന്നാകെ അവർക്കൊപ്പം എന്നും ഉണ്ടാകും.