അഴീക്കോട്: സഹോദരന്റെയും കൂട്ടുകാരുടെയും ഒപ്പം ചേർന്ന് പടക്കങ്ങളിലെ വെടിമരുന്ന് ശേഖരിച്ച് പൊട്ടിക്കുന്നതിനിടെ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. പുന്നക്കപ്പാറ വാസുമുക്ക് ഉജറ പള്ളിക്ക് സമീപത്തെ കുഞ്ഞിക്കിഴക്കയിൽ പി.കെ.അമാനാണ് മരിച്ചത്. സഹോദരൻ അൻഫാൽ (12), കൂട്ടുകാരായ ബദാവി (ഏഴ്), സൽമാനുൽ ഹാരീസ് (12) എന്നിവർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ 11.30-ഓടെ നിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് മുന്നിലെ മൈതാനത്തായിരുന്നു സംഭവം. ഇതിനടുത്ത് കോൺഗ്രസ് ഓഫീസുണ്ട്. യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പരിസരത്ത് പടക്കം പൊട്ടിച്ചിരുന്നു. ഇതിൽ പൊട്ടാത്ത പടക്കം കുട്ടികൾ എടുത്തിരുന്നോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിൽ കാണുന്നതുപോലെ പടക്കം വേറിട്ടുള്ള രീതിയിൽ പൊട്ടിക്കുന്ന പരീക്ഷണം നടത്തുമ്പോഴാണ് സ്ഫോടനം ഉണ്ടായത്. പൊട്ടാത്ത പടക്കത്തിന്റെ പുറംചട്ടകൾ പൊളിച്ചുമാറ്റിയാണ് കുട്ടികൾ വെടിമരുന്നെടുത്തത്. അത് ആഘോഷവേളകളിൽ ഉപയോഗിക്കുന്ന കുഴൽ രൂപത്തിലുള്ള പാർട്ടി പോപ്പറിൽ നിറച്ച് ചെത്തുകല്ലിന്റെ ഇടയിൽ ഉറപ്പിച്ചുനിർത്തി. ആദ്യം തീ കൊളുത്തിയെങ്കിലും പൊട്ടിയില്ല. കുട്ടികൾ കൂടുതൽ അടുത്ത് ഒത്തുകൂടി വീണ്ടും തീകൊളുത്തിയതോടെ വൻശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കം ഉറപ്പിച്ചുനിർത്തിയ ചെങ്കല്ലിന്റെ ചീളുകളും കത്തിയുയർന്ന വെടിമരുന്നും അമാന്റെ മുഖത്തും കഴുത്തിലും തറച്ചുകയറി. കഴുത്തിന്റെ ഇരുഭാഗത്തെയും ആഴമേറിയ മുറിവിലൂടെ രക്തം വാർന്നൊഴുകി മൈതാനത്തെ ചെളിയിൽ രക്തത്തിൽ കുളിച്ചുകിടന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾക്ക് കാലിനും കൈക്കും മുഖത്തും പൊള്ളലേറ്റു. കുട്ടികളുടെ നിലവിളികേട്ട് പരിസരവാസിയായ അഗ്നിരക്ഷാസേനാ മുൻ ഉദ്യോഗസ്ഥൻ ടി.മുസ്തഫ ഓടിയെത്തി. ഗുരുതരമായി പരിക്കേറ്റ അമാനെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിന് ആഴത്തിലേറ്റ മുറിവുകളാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു.
കാലിന് പൊള്ളലേറ്റ സൽമാനുൽ ഹാരിസിനെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് കുട്ടികളെ പ്രാഥമികചികിത്സ നൽകി വീട്ടിലേക്ക് വിട്ടു. അഴീക്കോട് വെസ്റ്റ് യു.പി.എസ്. മൂന്നാംക്ലാസ് വിദ്യാർഥിയാണ് അമാൻ. ഉബൈദ് ബീമാന്റെയും റംസീനയുടെയും മകനാണ്. സഹോദരൻ അഫാൻ. വളപട്ടണം എ.എസ്.പി. അഭിഷേക് ഷിറ, ഇൻസ്പെക്ടർ പി.ജിതേഷ്, എസ്.െഎ. എം.അജയൻ, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ദിനേഷ് ബാബു എന്നിവരും വിരലയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Content Highlights: 8-year-old Aman died while attempting a firecracker experiment with friends., The incident occurred near a sports club in Azheekode, Kannur., Three other children sustained injuries during the explosion., Police and forensic experts are investigating the source of the explosives., Authorities urge parents to prevent children from handling unexploded fireworks.
Published: 19 May 2026, 07:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented