രാമനാട്ടുകര: അർധരാത്രി ഒരു യുവതിയെ ഓട്ടോയിൽനിന്ന് ബലമായി ഇന്നോവ കാറിൽ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ഇളക്കിമറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അങ്ങനെയൊരു സംഭവമേ നടന്നില്ലെന്നുകണ്ടെത്തി.
ഓട്ടോയിൽ സ്ത്രീ കയറിയിരുന്നു എന്നതുമാത്രമാണ് സത്യം. ബാക്കിയെല്ലാം കഥകളായിരുന്നെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച രാത്രിയാണ് തന്റെ ഓട്ടോയിൽ യാത്രചെയ്യുന്ന യുവതിയെ ഇന്നോവയിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നുപറഞ്ഞ് ഓട്ടോഡ്രൈവർ ഫറോക്ക് പോലീസ് സ്റ്റേഷനിൽ എത്തിയത്.
രാത്രി 11 മണിക്ക് രാമനാട്ടുകരയിലെ എട്ടേനാലിനടുത്തുവെച്ച് ഫറോക്കിലേക്ക് പോവുകയായിരുന്ന ഓട്ടോ വളഞ്ഞുപിടിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയെന്നാണ് പറഞ്ഞത്. പരാതികേട്ട് സിഐയും സംഘവും രണ്ടായി തിരഞ്ഞ് സിസിടിവികളും ചെറുവണ്ണൂർമുതൽ രാമനാട്ടുകരവരെയുള്ള അതിർത്തികളും പരിശോധിച്ചു. വിഷയം ഉന്നത പോലീസുകാർകൂടി അറിഞ്ഞതോടെ കോഴിക്കോട് ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധന ഊർജിതമാക്കി. ജില്ലയിലെ സ്റ്റേഷനുകളിൽ രാത്രിഡ്യൂട്ടിയിലുണ്ടായിരുന്നവർ പരിശോധന നടത്തി.
എവിടെയും ഇന്നോവയും തട്ടിക്കൊണ്ടുപോയവരെയും എവിടെയും കണ്ടെത്താനായില്ല. തട്ടിക്കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചില്ല. പോലീസ് കുഴങ്ങിനിൽക്കുന്നതിനിടയിലാണ് വ്യാഴാഴ്ച രാവിലെ ഓട്ടോഡ്രൈവർ ഫറോക്ക് സ്റ്റേഷനിലെ ഒരു പോലീസുകാരനെ വിളിക്കുന്നത്. അതൊരു കുടുംബവഴക്കാണെന്നും തനിക്കുതരാനുള്ള ഓട്ടോക്കൂലി തന്നുതീർത്തെന്നും പരാതി പിൻവലിക്കുന്നതായും പറഞ്ഞു.
പാതിരമുതൽ തുടങ്ങിയ അന്വേഷണത്തിന് അന്ത്യമായെങ്കിലും എന്തോ പന്തികേടുതോന്നിയ പോലീസ് ഓട്ടോഡ്രൈവറെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അപ്പോഴാണ് ക്ലൈമാക്സിനൊരു ആന്റി ക്ലൈമാക്സുകൂടി വന്നത്. ഓട്ടോയിൽ വനിത കയറിയിട്ടുണ്ടെങ്കിലും തട്ടിക്കൊണ്ടുപോയ സംഭവമേ നടന്നില്ലെന്നും ഒടുവിൽ അയാൾ പറഞ്ഞതായി പോലീസ് പറയുന്നു.
Published: 26 Sept 2025, 09:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented