
കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ സംഘർഷം. രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് 100-ല്‍ അധികം തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും തൊഴിലാളികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

താമസസ്ഥലത്ത് ഉണ്ടായ സംഘർഷത്തെ തുടർന്ന്
സ്ഥലത്തെത്തിയ പോലീസ് | ഫോട്ടോ: വി.കെ അജി
പോലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് അടിച്ചു തകര്‍ത്തു. പോലീസുകാര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റു. തുടര്‍ന്ന് സംഭവം അന്വേഷിക്കാനെത്തിയ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികള്‍ അഗ്‌നിക്കിരയാക്കി. പോലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. കുന്നത്തുനാട് സി.ഐയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റു. എ.എസ്.ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കും പരിക്കേറ്റു.

താമസസ്ഥലത്ത് ഉണ്ടായ സംഘർഷത്തെ തുടർന്ന്
തകർത്ത പോലീസ് വാഹനം | ഫോട്ടോ: വി.കെ അജി
മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്നത്തിന് തുടക്കമെന്ന് പോലീസ് പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ പോലും ഇവര്‍ മര്‍ദിച്ചു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി. ഇവര്‍ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂകയായിരുന്നു.
സംഭവത്തില്‍ ലേബര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ഫിറോസ് പറഞ്ഞു. ജില്ലാ ലേബര്‍ ഡപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. അക്രമ സംഭവത്തിനു പിന്നില്‍ തോഴില്‍ പ്രശ്‌നം ഇല്ലെന്നും ക്രമസമാധാന പ്രശ്‌നം മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Published: 26 Dec 2021, 06:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented