
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം നിയമസഭയിലും ചര്‍ച്ചയായി. വിഷയം അവതരിപ്പിച്ച പ്രതിപക്ഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു. 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍സന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ടെന്നും സംസ്ഥാനം അത് മുടങ്ങാതെ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആശമാരുടെ സമരത്തില്‍ മനുഷ്യത്വപരമായ നിലപാട് വേണമെന്ന് വാശിയുള്ള സര്‍ക്കാരാണിത്. അവര്‍ക്ക് ആദ്യമായി ഉത്സവബത്ത നല്‍കിയത് കേരളമാണ്. വിദ്യാഭ്യാസം നേടുന്നതുവരെ പിന്തുണ നല്‍കി അവരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ മന്ത്രിയെ കടുത്ത ഭാഷയിലാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചത്. 23 ദിവസങ്ങളായി മഴയത്തും വെയിലത്തുംനിന്ന് ആശ വര്‍ക്കര്‍മാര്‍ സമരം ചെയ്തിട്ട് സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് മാങ്കൂട്ടത്തില്‍ പറഞ്ഞു. 700 രൂപ ദിവസ വേതനമുള്ള സംസ്ഥാനത്ത് ആശ വര്‍ക്കര്‍മാര്‍ക്ക് കിട്ടുന്നത് 232 രൂപയാണ്. അവര്‍ക്ക് 700 രൂപ പ്രതിഫലം നല്‍കുമെന്ന് എല്‍.ഡി.എഫിന്റെ 2021-ലെ പ്രകടനപത്രികയില്‍ പറഞ്ഞതാണ്. ആ വാഗ്ദാനത്തിനുവേണ്ടിയാണ് ആ സാധുമനുഷ്യര്‍ സമരം ചെയ്യേണ്ടി വന്നതെന്നും രാഹുല്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഓണറേറിയം 1000 രൂപയാക്കി. അതിന് മുമ്പ് വി.എസിന്റെ കാലത്ത് ഇത് 300 രൂപയായിരുന്നു. അന്ന് അവരുടെ പ്രവൃത്തി സമയം മൂന്ന് മണിക്കൂര്‍ മാത്രമാണ്. അതിനുശേഷം എന്ത് ജോലിക്ക് വേണമെങ്കിലും പോകാം. എന്നാല്‍ ഇന്ന് ഒമ്പത് മുതല്‍ അഞ്ച് വരെയാണ് സമയം. വീട്ടില്‍ വന്ന ശേഷവും ഡാറ്റ എന്‍ട്രി നടത്തണം. മറ്റ് ജോലിക്ക് പോകുന്നത് 2018-ല്‍ നിയമപരമായി നിരോധിക്കുകയും ചെയ്തുവെന്നും രാഹുല്‍ നിയമസഭയില്‍ പറഞ്ഞു.
ആരോഗ്യ മന്ത്രി ഇത്രയും കാലമായിട്ട് അവരോടൊന്ന് സംസാരിക്കാന്‍പോലും തയ്യാറായിട്ടില്ല. അവര്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയല്ലേ. ഇത്രയും വനിതകള്‍ അവിടെ സമരം ചെയ്തിട്ട് അവരോടൊന്ന് സംസാരിച്ചതുപോലുമില്ല. അതു മാത്രമല്ല. ആ വനിതകള്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ വീട്ടില്‍ പോയപ്പോള്‍ ഓഫീസ് സമയത്ത് ഓഫീസില്‍ വരാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. ഈ സഭയില്‍ ഇരിക്കുന്ന എല്ലാവരും വീടുവീടാന്തരം കയറി വോട്ട് ചോദിച്ചവരല്ലേ. ഓഫീസ് സമയം നോക്കിയാണോ അന്ന് വോട്ട് ചോദിക്കാന്‍ പോയിരുന്നത്?. പാതിരാത്രിയിലും വെളുപ്പാന്‍ കാലത്തും വോട്ട് ചോദിക്കാന്‍ പോകാം. എന്നാല്‍ ഈ വോട്ട് കിട്ടി വിജയിച്ചപ്പോള്‍ ആ സാധു മനുഷ്യര്‍ക്ക് ഒരാവശ്യം വന്നാല്‍ അത് നടപ്പിലാക്കണമെങ്കില്‍ ഓഫീസ് സമയം വരണമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രി ആ ഓഫീസ് അധികനാള്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കുന്നത് നല്ലതായിരിക്കും.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പടിക്കല്‍ സമരം നടന്നിട്ട് മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയോ? എന്താണ് ഒരു ജനകീയ സമരത്തേയും അഡ്രസ് ചെയ്യില്ലെന്ന നിലപാടുമായി മുഖ്യമന്ത്രി ഇരിക്കുന്നത്. മുഖ്യമന്ത്രി അവരെ കണ്ടില്ലെങ്കിലും അവരുടെ മുന്നില്‍കൂടി കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ പോയി.
ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്നത് കേരളത്തിലാണെന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. അവര്‍ പഠിച്ച ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഇല്ലേ. അവിടെ 10000 രൂപയാണ് ഓണറേറിയം. ബംഗാളില്‍ അവരുടെ വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷം രൂപയാണ്. ഇവരെ അവിടെനിന്ന് കല്ലെറിഞ്ഞ് ഓടിച്ചതുകൊണ്ടാണ് അവര്‍ക്ക് ഇപ്പോള്‍ 5 ലക്ഷം കിട്ടുന്നത്.'-രാഹുല്‍ പറഞ്ഞു.
എസ്.യു.സി.ഐയുടെ നാവായി പാലക്കാട് എം.എല്‍.എ മാറിയത് ഗതികേടായിട്ടാണ് കാണുന്നതെന്ന് മന്ത്രി മറുപടി നല്‍കി. 'ഞാന്‍ പഠിച്ചത് കേരളത്തിലെ സ്‌കൂളിലും കോളേജുകളിലുമാണ്. എന്റെ കൈയില്‍ സിക്കിം സര്‍ക്കാരിന്റെ ഉത്തരവുണ്ട്. അതില്‍ ഓണറേറിയമായി കാണിച്ചിരിക്കുന്നത് 6000 രൂപ എന്നാണ്. അത് വിശ്വസിക്കുക എന്നത് മാത്രമാണ് തത്ക്കാലം നമുക്ക് ചെയ്യാന്‍ പറ്റുന്നത്. മന്ത്രി ചര്‍ച്ച നടത്തിയില്ല എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. 15-ാം തിയ്യതി രാവിലെ പത്ത് മണിക്ക് അവര്‍ എന്റെ ഓഫീസിലെത്തി. 11.40 വരെ അവരുമായി വിശദമായി ചര്‍ച്ച നടത്തി.
2012-13-ല്‍ ഓണറേറിയമായിട്ട് ഒന്നും കൊടുത്തിരുന്നില്ല. 2014-15-ല്‍ 1.17% ആണ് ഓണറേറിയം കൊടുത്തത്. 2016-17 മുതല്‍ ഓണറേറിയം കൂടിവന്നു. 2024-25-ല്‍ ബജറ്റില്‍ അനുവദിച്ചത് 159 കോടിയാണ്. പക്ഷേ ചെലവാക്കിയത് 211 കോടി രൂപയാണ്. ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ കോടികള്‍ ഓണറേറിയമായി നല്‍കിയിട്ടുണ്ടെന്ന് ഇതില്‍നിന്ന് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
Content Highlights: asha workers strike discussion kerala assembly
Published: 04 Mar 2025, 12:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented