ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്താണ് പാചകവാതക സബ്സിഡി കേന്ദ്രം എടുത്തുകളഞ്ഞത്. ഒരു വർഷം 12 സിലിണ്ടറുകൾക്ക് നൽകിയിരുന്ന സബ്സിഡിയാണ് കേന്ദ്രം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നത്. പൊടുന്നനെ സബ്സിഡി ആനുകൂല്യം പിൻവലിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും കേന്ദ്രം എൽ.പി.ജി. സബ്സിഡി പുനഃസ്ഥാപിച്ചിരിക്കുകയാണ്.
പാചകവാതകത്തിന് 200 രൂപ വില കുറച്ചു എന്ന് കേന്ദ്രം പ്രഖ്യാപിക്കുമ്പോള്‍ ഫലത്തില്‍ ആരോടും പറയാതെ പെട്ടെന്ന് ഒരുദിവസം നിര്‍ത്തലാക്കിയ സബ്‌സിഡ് പുന:സ്ഥാപിക്കുകയാണ് ചെയ്തത്. എങ്കിലും നേരത്ത ലഭിച്ചിരുന്ന സബ്‌സിഡി തുകയെക്കാള്‍ കുറവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു
'തിരഞ്ഞെടുപ്പ് പ്രഖ്യാപനമല്ല' എന്നു പറഞ്ഞു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ രാജ്യത്ത് ഗാർഹിക പാചകവാതക വില കുത്തനെ കുറച്ചത്. 200 രൂപയായിരുന്നു കുറച്ചത്. ഇതോടെ 1100 രൂപയ്ക്ക് വാങ്ങിയിരുന്ന സിലിണ്ടർ ഇനി 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതിപ്രകാരം സിലിണ്ടർ ലഭിക്കുന്നവർക്ക് 400 രൂപ കുറയും. നടപ്പ് സാമ്പത്തിക വര്‍ഷം പാചക വാതക സബ്‌സിഡിയിനത്തില്‍ സര്‍ക്കാരിന് 7,680 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുക.
കർണാടക തിരഞ്ഞെടുപ്പില്‍ ഏറ്റ വൻ തിരിച്ചടിക്ക് പാചകവാതക വിലയും കാരണമായി എന്ന വിലയിരുത്തലും ബി.ജെ.പി. നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്. കർണാടകയിലെ തന്ത്രം കോൺഗ്രസ് വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും പയറ്റാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനമായി, കോൺഗ്രസ് അധികാരത്തിലെത്തിയാൽ മധ്യപ്രദേശിൽ പാചകവാതക വില 500 രൂപയാക്കി കുറക്കുമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. രാജസ്ഥാനിൽ നേരത്തെ തന്നെ പാചകവാതക വില 500 രൂപയാക്കി കുറച്ചിരുന്നു.
രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റം, പാചകവാതകവില, പെട്രോൾ വില തുടങ്ങിയ കാര്യങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് മുന്നിൽ കണ്ടാണ് കേന്ദ്രം എൽപിജി വില കുറച്ചത് എന്ന വിലയിരുത്തലുകളും പല കോണിൽ നിന്നും ഉയരുന്നുണ്ട്. ഒപ്പം, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിൽ ബിജെപിക്ക് സൃഷ്ടിക്കുന്ന വെല്ലുവിളിയും ചെറുതല്ല. പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷ പാർട്ടികളുടെ ചർച്ചകളും യോഗങ്ങളും തകൃതിയിൽ നടക്കുന്നുണ്ട്. ഇത് പ്രതിരോധിക്കാനെന്നോണം ബിജെപി നേതാക്കളടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. ആദ്യ യോഗത്തിന് ശേഷം സഖ്യം ചിന്നഭിന്നമാകുമെന്നും പ്രതിപക്ഷ പാർട്ടിനിരയിൽ വിള്ളലുണ്ടാകുമെന്നും വിചാരിച്ചെങ്കിലും രണ്ട് യോഗങ്ങളും കഴിഞ്ഞ് മൂന്നാമത്തെ യോഗത്തിലേക്ക് കടക്കുകയാണ് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'. ഇത് ബിജെപിയെ ചെറുതല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.
'പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ രണ്ട് യോഗങ്ങളാണ് കഴിഞ്ഞ രണ്ട് മാസങ്ങളിൽ ചേർന്നത്. ഇതിന് പിന്നാലെ പാചകവാതക വില 200 രൂപയായി കുറഞ്ഞിരിക്കുന്നു. ഇതാണ് സഖ്യത്തിന്റെ ശക്തി' എന്നായിരുന്നു പാചകവാതക വില കുറച്ചതിന് പിന്നാലെ മമത ബാനർജിയുടെ പ്രതികരണം. ലോക്സഭാതിരഞ്ഞെടുപ്പിന് മുമ്പായുള്ള തിരഞ്ഞെടുപ്പ് തട്ടിപ്പാണ് വില കുറയ്ക്കൽ എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് വക്താവ് കുണാൽ ഗോഷും രംഗത്തെത്തി.
ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം വിലയിരുത്തുന്ന രാജ്യത്തെ ഉപഭോക്തൃപണപ്പെരുപ്പം ജൂലായിൽ കുതിച്ചുയർന്നിരുന്നു. ജൂണിലെ 4.87 ശതമാനത്തിൽനിന്ന് ജൂലായിൽ 7.44 ശതമാനത്തിലേക്കാണ് കുതിപ്പ്. ഒറ്റമാസംകൊണ്ട് 2.57 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. രാജ്യത്ത് പച്ചക്കറി, പയർവർഗങ്ങൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ വിലയുയർന്നതോടെയായിരുന്നു വിലക്കയറ്റം രൂക്ഷമായത്. ഇത് കണക്കിലെടുത്ത് പാചകവാതകത്തിന് പിന്നാലെ പെട്രോള്‍ ഡീസല്‍ വിലയും വരുംദിവസങ്ങളില്‍ കുറച്ചേക്കുമെന്ന സൂചനയുമുണ്ട്.
കൂടാതെ, റഷ്യയുടെ യുക്രൈൻ അധിനിവേശത്തോടെ ഡോളറായി കൂടിയ എണ്ണവില 80-85 ആയി കുറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ പൊതുമേഖല എണ്ണകമ്പനികളും പെട്രോൾ, ഡീസൽ വിലയിൽ കുറവുവരുത്തിയേക്കുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്. റിലയൻസ്, നയാര എനർജി അടക്കമുള്ള സ്വകാര്യ ചില്ലറ വിതരണക്കാർ പെട്രോളും ഡീസലും വിപണി വിലയ്ക്ക് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ, പ്രചാരണത്തിൽ വിലയക്കയറ്റം വൻതോതിൽ ചർച്ചയാകുമെന്ന് മുന്നിൽ കണ്ട് പെട്രോൾ - ഡീസൽ വിലയിലും കുറവുണ്ടായേക്കുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
Content Highlights: As elections near LPG price is slashed by Rs 200 a cylinder
Published: 30 Aug 2023, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented