ന്യൂഡൽഹി:പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയത് ആഗോള എണ്ണ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ ജലപാതയിലൂടെ കടന്നുപോകുന്ന വിദേശ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഇറാന്റെ ഭീഷണി ഇന്ത്യയെപ്പോലെയുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി. നിലവിൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഈ കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രതിദിനം 2.5 മില്യൺ മുതൽ 2.7 മില്യൺ ബാരൽ വരെയാണ് ഇത്തരത്തിൽ ഹോർമുസ് കടലിടുക്കിലൂടെ എത്തിയിരുന്നത്.
ആഭ്യന്തര തലത്തിൽ ഇന്ധന ലഭ്യത ഉറപ്പാക്കാൻ പെട്രോൾ, ഡീസൽ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും എൽപിജി റേഷനിങ് ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇന്ത്യയുടെ പക്കലുള്ള കരുതൽ എണ്ണശേഖരം രണ്ടാഴ്ചത്തെ ഉപയോഗത്തിന് മാത്രമേ തികയൂ എന്ന റിപ്പോർട്ടുകൾ ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. വാണിജ്യ താൽപ്പര്യങ്ങൾ മുൻനിർത്തി എണ്ണ വിതരണ ശൃംഖല സുരക്ഷിതമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാരും എണ്ണ കമ്പനികളും.
ഈ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ ഒരു അടിയന്തര ക്രൂഡ് സപ്ലൈ പ്ലാൻ സജ്ജമാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് നേരത്തെ സൂചനകൾ നൽകിയിരുന്നെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച് കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന കാര്യം കേന്ദ്ര സർക്കാർ സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ അസ്ഥിരത ഊർജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാൻ റഷ്യയിൽ നിന്നുള്ള വിതരണം വർദ്ധിപ്പിക്കുക എന്ന തന്ത്രപരമായ നീക്കമാണ് ഇന്ത്യ നടത്തുന്നത്.
കണക്കുകൾ പ്രകാരം, ഫെബ്രുവരി മാസത്തിൽ റഷ്യ തന്നെയായിരുന്നു ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാർ. എങ്കിലും, സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ 30 ശതമാനം വർധനവുണ്ടാവുകയും അത് ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ചെയ്തിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങൾ സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വരവിനെ തടസ്സപ്പെടുത്തിയതോടെ ഇന്ത്യൻ റിഫൈനറികൾ വീണ്ടും ബദൽ മാർഗങ്ങൾ തേടി റഷ്യയിലേക്ക് തിരിയേണ്ട സാഹചര്യമാണുള്ളത്.
Content Highlights: India is considering increasing Russian crude oil purchases as an emergency measure.
Published: 03 Mar 2026, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented