
കോഴിക്കോട്: അര്ജുന് ഓടിച്ചിരുന്ന ലോറി ഷിരൂര്‍ ഗംഗാവലി പുഴയുടെ ആഴത്തില്‍നിന്ന് ലഭിച്ചെന്ന വാര്‍ത്ത അറിഞ്ഞതുമുതല്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് ആളുകള്‍ എത്തുന്നുണ്ട്. പക്ഷേ, 71 ദിവസം കാത്തിരുന്ന് കണ്ണീര്‍വറ്റിയ കണ്ണുമായിരിക്കുന്ന അച്ഛനേയോ അമ്മയേയോ ആശ്വസിപ്പിക്കാന്‍ അവര്‍ക്കാര്‍ക്കും വാക്കുകളില്ല. ഗംഗാവലി പുഴയേക്കാള്‍ ആഴമേറിയ ദുഃഖത്തിൽ മുങ്ങിനിൽക്കുകയാണ് ആ വീട്.
അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്, ലോറി ഉടമ മനാഫ് എന്നിവര്‍ ഇപ്പോള്‍ ഷിരൂരിലാണ് ഉള്ളത്. ഡി.എന്‍.എ. പരിശോധനയടക്കമുള്ള നടപടികൾ പൂര്‍ത്തിയാക്കിയ ശേഷമേ മൃതദേഹം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമാവൂ. അതുവരെ അവര്‍ ഇവിടെ തുടരും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹഭാഗങ്ങൾ വേഗത്തിൽ നാട്ടിൽ എത്തിക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ കുടുംബം. അർജുന്റെ ഭാര്യ കൃഷ്ണപ്രിയ, മകന്, അർജുൻ്റെ സഹോദരൻ അഭിജിത്ത്, സഹോദരിമായ അഞ്ജു, അഭിരാമി, അമ്മ ഷീല, അച്ഛന് പ്രേമന് എന്നിവരാണ് കണ്ണാടിക്കലിലെ വീട്ടിലുള്ളത്. കർണ്ണാടകയിലേക്ക് ഇനി ആരും പോകുന്നില്ലെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.
കാത്തിരിപ്പിനും നിസ്സഹായതയ്ക്കും പരാതിപ്പെടലുകള്‍ക്കും ഒടുവിലാണ് അര്ജുന് ഇനി ജീവനോടെ വരില്ലെന്ന യാഥാര്‍ഥ്യത്തിലേക്ക് ആ വീടെത്തിയത്. തുടക്കത്തിലുണ്ടായിരുന്ന പ്രതീക്ഷ പിന്നീട് കൈവിട്ടുപോയപ്പോഴാണ് അമ്മതന്നെ, 'ഇനി മകന് ജീവനോടെ വരുമെന്ന പ്രതീക്ഷയില്ല', എന്ന് ഒരുഘട്ടത്തില്‍ പറഞ്ഞത്. മകന് തിരിച്ചുവരില്ലെന്ന കനത്ത നിസ്സഹായതയേക്കാൾ, തിരച്ചില്‍ നീണ്ടുപോകുന്നതിലെ അമര്‍ഷമായിരുന്നു ആ വാക്കുകളില്‍. എങ്കിലും ഒരു അത്ഭുതം പ്രതീക്ഷിച്ച് ആ കുടുംബം മുട്ടാത്ത വാതിലുകളില്ല.
ഷിരൂരില്‍ അപകടം നടക്കുന്നതിന്റെ തലേദിവസം അര്ജുന് ഫോണില്‍ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. പിന്നീട് അര്‍ജുന്റെ വിളിവരാതിരുന്നത് അസ്വാഭാവികമായി തോന്നിയതോടെയാണ് കുടുംബം അന്വേഷിച്ചിറങ്ങിയത്. ലോറിയുടെ ലൊക്കേഷന്‍ ഷിരൂരിലാണെന്ന് മനസിലായി. ജിതിനും മനാഫും സഹോദരനും ഉള്‍പ്പെടുയള്ളവര്‍ തിരഞ്ഞുചെന്നു. അവിടുത്ത രക്ഷാപ്രവര്‍ത്തനത്തിന് വേഗമില്ലെന്ന് കണ്ടതോടെയാണ് ഭരണതലത്തിലെ ഇടപെടലിനായി എം.പിയേയും മുഖ്യമന്ത്രിയേയും കണ്ടത്.
ജീവനോടെ കണ്ടെത്താനുള്ള സമയം പാഴാവുന്നുവെന്ന് കണ്ടതോടെയാണ് കുടുംബം ഷിരൂരിലെ ദൗത്യരീതിയില്‍ അതൃപ്തി പ്രകടിപ്പിച്ചത്. തര്‍ക്കത്തിനിടെ ലോറി ഉടമ മനാഫിനെ കാര്‍വാര്‍ എസ്.പി. നാരായണ മര്‍ദിച്ചുവെന്ന വാര്‍ത്ത കുടുംബത്തെ വിഷമിപ്പിച്ചു. സൈന്യത്തേയോ കേരളത്തില്നിന്നുള്ളവരേയോ ദൗത്യത്തിനിറക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ദൗത്യം സൈന്യത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും മുഖ്യമന്ത്രിക്കും പരാതി നല്കി. പിന്നീട് സൈന്യമെത്തി തിരച്ചില്‍ നടത്തിയപ്പോഴും ഫലമൊന്നുമില്ലാതെവന്നതോടെ ആശങ്ക പ്രകടിപ്പിച്ച് വീണ്ടും രംഗത്തെത്തി. ഇതിന് പിന്നാലെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണവും അതിന്മേല് കേസുമുണ്ടായി.
13 ദിവസം പിന്നിട്ട് തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങിയതോടെ വീണ്ടും കുടുംബം ആശങ്കപങ്കുവെച്ച് രംഗത്തെത്തി. ലോറി ലൊക്കേറ്റ് ചെയ്തിട്ടും പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്ന വാര്‍ത്തകള്‍ വരുമ്പോള്‍ കുടുംബവും നിസ്സഹായരായി. മുഖ്യമന്ത്രി പിണറായി വിജയന് വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
ഒരുമാസവും മൂന്ന് ദിവസവും കഴിഞ്ഞപ്പോള്‍ കര്‍ണാടകയില്‍നിന്ന് കണ്ണാടിക്കലിലെ വീട്ടിലെത്തി അര്‍ജുന്റെ കുടുംബത്തെ ഈശ്വര്‍ മാല്‍പെ സന്ദര്‍ശിച്ചു. എന്റെ മകനെ കണ്ടെത്തില്ലേയെന്ന ചോദ്യമായിരുന്നു അമ്മയ്ക്ക് ഈശ്വര്‍ മാല്‍പെയോട് ആകെ ചോദിക്കാനുണ്ടായിരുന്നത്. ആ അമ്മയ്ക്കും കുടുംബത്തിനും അര്‍ജുനെ കണ്ടെത്തുമെന്ന് വാക്കുനല്കിയാണ് മാല്‍പെ മടങ്ങിയത്. എന്നാല്‍, വീണ്ടും തിരച്ചിലാരംഭിച്ച് മൂന്നാംദിവസം ഈശ്വര്‍ മാല്‍പെയ്ക്ക് ദൗത്യമുപേക്ഷിച്ച് മടങ്ങേണ്ടി വന്നു. അവിടുന്നും മൂന്നാംദിവസം, ഈശ്വര്‍ മാല്പെയില്ലാതെതന്നെ ഈ ദൗത്യം പൂര്‍ത്തിയായി. ചേതനയറ്റ ശരീരമായി അര്ജുന് ഇനി കണ്ണാടിക്കലിലേക്ക് അവസാനമായി മടങ്ങിയെത്തും.
Content Highlights: Plight of family who fought for Arjun
Published: 25 Sept 2024, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented