
2013 ജൂലൈ 22. റംസാൻ മാസത്തിലെ ആ രാത്രി പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി കോഴിക്കോട്ടുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുഹമ്മദ് ഷരീഫും കുടുംബവും. വാവൂർ ചുങ്കത്തെ വീട്ടിലേക്കെത്താൻ മീറ്ററുകൾ ദൂരം മാത്രം ബാക്കിയുള്ളപ്പോൾ, പുലർച്ചെ ഏകദേശം രണ്ടരയോടെ വാവൂർ ആലുക്കൽ റോഡിലെ വിജനമായ പാടശേഖരത്തിനടുത്ത് ആ സ്‌കൂട്ടർ നിന്നു. നിമിഷങ്ങൾക്കകം സാബിറയുടേയും രണ്ട് പിഞ്ചുമക്കളുടേയും നിലവിളികൾ ആ മൺകുഴിയിലെ വെള്ളക്കെട്ടിൽ ആഴ്ന്നുപോയി. ആ പിഞ്ചുമക്കൾ പെരുന്നാളിനിടാൻ കൊതിച്ചുവാങ്ങിയ പുത്തൻ ഉടുപ്പുകളും അവരോടൊപ്പം താഴ്ന്നു.
അരക്കിലോമീറ്റർ അകലെയുള്ള അയൽക്കാരൻ ഗഫൂറിന്റെ വീട്ടിലേക്ക് ഓടിക്കയറി വന്ന ഷരീഫ് പറഞ്ഞത്, തന്റെ സ്കൂട്ടർ ടയർ പഞ്ചറായി വെള്ളക്കെട്ടിലേക്ക് മറിഞ്ഞെന്നാണ്. എന്നാൽ, നനഞ്ഞൊട്ടി മരവിച്ച മകൾ നിദയുടെ മൃതദേഹം കൈകളിലേന്തി വന്ന ഷരീഫിന്റെ വസ്ത്രത്തിൽ ഒരിടത്തുപോലും ഒരു പോറലേറ്റ പാടുണ്ടായിരുന്നില്ല. പ്രധാന റോഡിൽനിന്ന് 30 മീറ്റർ മാറി, വെള്ളക്കെട്ടിനോട് ചേർന്ന് വഴിയിലൂടെ ഷരീഫ് എന്തിന് യാത്രചെയ്തു എന്ന നാട്ടുകാരുടെ ചോദ്യത്തിനുമുന്നിൽ അയാൾ പതറി. മണൽവാരൽ തൊഴിലാളിയായ ഷരീഫ്, ഒപ്പമുണ്ടായിരുന്ന ഭാര്യയേയും മക്കളേയും രക്ഷിക്കാൻ ശ്രമിക്കാതെ, ഒരു കിലോമീറ്റർ ദൂരെയുള്ള വീട്ടിലേക്ക് പോകാതെ, ഗഫൂറിന്റെ വീട്ടിലേക്ക് വന്നതിലും പോലീസിന് തുടക്കത്തിലേ ദുരൂഹത മണത്തു.
കൊലക്കയറൊരുക്കിയത് 10 ലക്ഷത്തിന്റെ ഇൻഷുറൻസിന്
മഞ്ചേരി സി.ഐ ഓഫീസിലെ ചോദ്യംചെയ്യൽ മുറിയിൽ ഷരീഫ് ഓരോന്നായി തുറന്നുപറഞ്ഞപ്പോൾ പോലീസുകാർപോലും ഞെട്ടി. അതൊരു യാദൃച്ഛിക അപകടമായിരുന്നില്ല, മാസങ്ങൾനീണ്ട കൃത്യമായ പ്ലാനിങ്ങായിരുന്നു. കൊലപാതകത്തിന് രണ്ടുമാസംമുൻപ് ഭാര്യ സാബിറയുടെ പേരിൽ ഷരീഫ് 10 ലക്ഷംരൂപയുടെ ഇൻഷുറൻസെടുത്തിരുന്നു. അപകടമരണമാണെങ്കിൽ തുക ഇരട്ടി ലഭിക്കുമെന്ന് അയാൾ കണക്കുകൂട്ടി.
വിവാഹസമയത്ത് നൽകിയ 75 പവനിൽ 50 പവനും ഭാര്യ അറിയാതെ ഷരീഫ് വിറ്റിരുന്നു. ഇത് തിരിച്ചെടുക്കാൻ സാബിറ നിർബന്ധിച്ചതോടെ ഭാര്യയെ ഒഴിവാക്കാൻതന്നെ തീരുമാനിച്ചു. ഇതിനിടെ മറ്റൊരു വിവാഹം കഴിക്കാനായി വധുവിനെ തേടി വളാഞ്ചേരിയിലെ വിവാഹ ബ്യൂറോയിൽ ഷരീഫ് പേര് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനായി ഭാര്യയേയും മക്കളേയും അപകടത്തിൽപ്പെടുത്തുക എന്നതായിരുന്നു ഷരീഫ് കണ്ട വഴി. സിനിമകളെ വെല്ലുന്ന ക്രൂരതയോടെ, സ്കൂട്ടർ വെള്ളക്കെട്ടിലേക്ക് മനഃപൂർവ്വം ഓടിച്ചിറക്കിയ ശേഷം ടയറിലെ കാറ്റഴിച്ചുവിട്ട് അത് പഞ്ചറായതാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു ഉദ്ദേശ്യം.
നാട്ടിൽ ഭക്തൻ, വീട്ടിൽ വെടിയുണ്ടകൾ
നാട്ടിൽ വലിയ മതഭക്തനായും ഉപദേശിയായും നടന്ന ഷരീഫിന്റെ മറ്റൊരു മുഖമാണ് പിന്നീട് പുറത്തുവന്നത്. അയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുക്കളായിരുന്നു. പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനീയറുടെ പേരിൽ നിർമിച്ച വ്യാജ സീലുകൾ, ലൈസൻസില്ലാത്ത തോക്കിന്റെ തിരകൾ (വെടിയുണ്ടകൾ), കാൺപുർ പോലുള്ള സ്ഥലങ്ങളിൽനിന്നുള്ള ദുരൂഹമായ ബാങ്കിടപാടുകൾ, നാട്ടിൽത്തന്നെയും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകൾ...
അക്കാലത്ത് കണ്ണൂർ അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ, വടകര ട്രാഫിക് പോലീസ് സ്റ്റേഷൻ എന്നിവയുടെ നിർമാണത്തിൽ കരാറുകാരന്റെ പങ്കാളിയായി പണം മുടക്കിയിരുന്നതും ഇതേ ഷരീഫായിരുന്നു എന്നതാണ് മറ്റൊരു വിചിത്ര വസ്തുത.
13 വർഷത്തെ ഒളിച്ചുകളി
കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ ജാമ്യത്തിലിറങ്ങിയ ഷരീഫ് പിന്നീട് അപ്രത്യക്ഷനായി. പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാടൊട്ടുക്കു തിരഞ്ഞിട്ടും ഫലമുണ്ടായില്ല. തന്റെ പഴയ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് അയാൾ അദൃശ്യനായി. ഇതിനിടെ ഷരീഫ് കൊല്ലപ്പെട്ടെന്നും വിദേശത്തേക്ക് മുങ്ങിയെന്നും പലകഥകൾ നാട്ടിൽ പ്രചരിച്ചു. അതല്ല, ഷരീഫ് ഇപ്പോഴും രഹസ്യമായി തന്റെ കുടുംബാംഗങ്ങളുമായി ബന്ധം പുലർത്തുന്നുണ്ടെന്ന തരത്തിലും സംസാരങ്ങളുണ്ടായി. വർഷങ്ങൾ കടന്നുപോയിട്ടും നീതി ലഭിക്കാത്തതിനെത്തുടർന്ന് സാബിറയുടെ പിതാവ് ഒളവട്ടൂർ മായക്കര തടത്തിൽ മുഹമ്മദ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് വഴിത്തിരിവായത്.
കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം നടത്തിയ നിശ്ശബ്ദമായ നീക്കങ്ങൾക്കൊടുവിൽ അവർ കർണാടകയിലെ പരപ്പ അഗ്രഹാരയിലെത്തി. ഒളിവിൽ കഴിഞ്ഞിരുന്ന ഷരീഫ് അവിടെ പേരും വിലാസവും മാറ്റി മറ്റൊരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു. 13 വർഷം മുൻപ് ആ വെള്ളക്കെട്ടിൽ ശ്വാസംമുട്ടി മരിച്ച സാബിറയ്ക്കും മക്കൾക്കും നീതിലഭിക്കാൻ ഇനി കോടതി മുറികളിലെ വാദപ്രതിവാദങ്ങൾ ബാക്കി.
Published: 03 Apr 2026, 09:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented