തിരുവനന്തപുരം: അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചതിന് പിന്നാലെ കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്റേയും അജിത്തിന്റെയും സാമ്പിളുകളും ശേഖരിച്ചു. രാജീവ് ഗാന്ധി ഇന്‍സ്റ്റ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയില്‍ എത്തിയാണ് അനുപമയും അജിത്തും സാമ്പിളുകള്‍ നല്‍കിയത്. എല്ലാം ശരിയായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അനുപമ പ്രതികരിച്ചു.

To advertise here,

സാമ്പിള്‍ എടുത്തത് തന്റെ കുഞ്ഞിന്റെ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും അക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അനുപമ പറഞ്ഞു. സാമ്പിള്‍ ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നില്ല, ഫോട്ടോകള്‍ എടുത്തു. ഫേട്ടോഗ്രാഫ് ഒക്കെ എടുത്തിരുന്നതിനാല്‍ എന്തെങ്കിലും സംശയം ഉണ്ടായാല്‍ നോക്കാം.  രണ്ട് പേരുടേയും സാമ്പിളുകള്‍ എടുത്തു. നാളെ വൈകുന്നേരത്തിനകം, അല്ലെങ്കില്‍ മറ്റന്നാള്‍ ഫലം ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

നേരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിര്‍മല ശിശുഭവനിലെത്തി സാമ്പിള്‍ ശേഖരിച്ചിരുന്നു. ഡിഎന്‍എ പരിശോധയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി അനുപമ എസ്. ചന്ദ്രന്‍ ആരോപിച്ചിരുന്നു. ഡിഎന്‍എ സാമ്പിള്‍ എടുക്കാന്‍ കൊണ്ടുവരുന്ന കുഞ്ഞ് എന്റെ തന്നെയാണോ എന്ന കാര്യത്തില്‍ എന്തെങ്കിലും ഉറപ്പുണ്ടോയെന്ന് ചോദിച്ച അവര്‍ വേറെ കുഞ്ഞിനെയല്ല കൊണ്ടുവരുന്നതെന്ന് എന്ത് ഉറപ്പെന്നും ചോദിച്ചിരുന്നു. 

ദത്തുവിവാദത്തില്‍ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ജില്ലാ ശിശുക്ഷേമസമിതി നിയോഗിച്ച പ്രത്യേകസംഘം ഞായറാഴ്ച രാത്രി ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കുന്നുകുഴിയിലുള്ള നിര്‍മല ശിശുഭവനിലാണ് കുട്ടി. ഡി.എന്‍.എ. പരിശോധന നടത്തുംവരെ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ്. അതിനുശേഷം സംരക്ഷിക്കാന്‍ കഴിയുന്നയാളെ കണ്ടെത്തി കൈമാറും.

Content Highlights: Anupama S Chandran rises allegations on DNA paternity testing on Adoption row