തിരുവനന്തപുരം: ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവത്തോറിനെ മയക്കുമരുന്നു കേസിൽനിന്ന് രക്ഷിക്കാൻ അടിവസ്ത്രത്തിന്റെ അളവ് മാറ്റിയെന്ന കേസിലാണ് ആന്റണി രാജുവിന് എം.എൽ.എ. സ്ഥാനവും ആറു വർഷത്തേക്ക് മത്സരിക്കാനുള്ള അവസരവും നഷ്ടമായത്.

To advertise here,

1990 ഏപ്രിൽ നാലിനാണ് ആൻഡ്രൂ സാൽവത്തോറിനെ 61 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. വലിയതുറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സാൽവത്തോറിനെ ജില്ലാ കോടതി 10 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്തിയതെന്നായിരുന്നു കണ്ടെത്തൽ.

എന്നാൽ 1992-ൽ ഹൈക്കോടതി ഇയാളെ വെറുതേ വിട്ടു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകുന്നില്ലെന്നും കേസ് പോലീസ് കൃത്രിമമായി സൃഷ്ടിച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അഭിഭാഷകരായ കുഞ്ഞിരാമമേനോനും ആന്റണി രാജുവിന്റെ സീനിയറായിരുന്ന സെലിൻ വിൽഫ്രഡുമാണ് പ്രതിക്കായി ഹാജരായത്. കോടതിയിൽ വച്ചുതന്നെ പ്രതിയെ അടിവസ്ത്രം ധരിപ്പിച്ച് പാകമാകില്ലെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. വിധിന്യായത്തിൽത്തന്നെ തെളിവിൽ കൃത്രിമം കാട്ടിയിട്ടുണ്ടോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ. ജയമോഹൻ ഹൈക്കോടതി വിജിലൻസിനേയും സുപ്രീംകോടതിയേയും സമീപിച്ചു. തുടർന്നാണ് തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്ന സൂചന ലഭിച്ചത്.

പിന്നീട് ഇന്ത്യവിട്ട പ്രതി ആൻഡ്രൂ സാൽവത്തോർ കൊലക്കേസിൽ ഓസ്ട്രേലിയയിൽ പിടിയിലായി. ജയിലിൽ വച്ച് കൂട്ടുപ്രതിയായ ജോ പോളിനോട് കേരളത്തിലെ ലഹരിക്കടത്തിൽ തൊണ്ടിമുതലിൽ തിരിമറി നടത്തിയാണ് രക്ഷപ്പെട്ടതെന്ന് ആൻഡ്രൂ വെളിപ്പെടുത്തി. ഇത് ജോ പോൾ ഓസ്ട്രേലിയൻ പോലീസിനെ അറിയിച്ചു. ഇക്കാര്യം ഇന്റർപോൾ വഴി സി.ബി.ഐ.യേയും തുടർന്ന് കേരള പോലീസിനേയും അറിയിച്ചു. അടിവസ്ത്രത്തിലെ തുന്നൽ പുതിയതാണെന്ന ഫൊറൻസിക് റിപ്പോർട്ട് കൂടി വന്നതോടെയാണ് കേസ് ശക്തമായത്.

ആൻഡ്രൂവിന്റെ അടിവസ്ത്രം ഉൾപ്പെടെയുള്ള തൊണ്ടി സാധനങ്ങൾ തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയിലാണ് സൂക്ഷിച്ചിരുന്നത്. ഇത് കോടതിയിൽ നിന്ന് ഏറ്റുവങ്ങിയത് ജൂനിയർ അഭിഭാഷകനായ ആന്റണി രാജുവായിരുന്നു.

നാലു മാസത്തോളം ഇത് കൈവശം വച്ചിരുന്നു. പിന്നീട് കോടതിക്ക് തിരികെ നൽകിയപ്പോൾ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. അടിവസ്ത്രം വെട്ടിച്ചുരുക്കി പുതിയ തുന്നലുകളിട്ടിരുന്നുവെന്നും ഫൊറൻസിക് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ജനുവരി മൂന്നിനാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ആന്റണി രാജുവിനേയും ജില്ലാ കോടതിയിലെ ക്ലാർക്ക് കെ.എസ്.ജോസിനേയും മൂന്നുവർഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചത്.