
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലെ തോൽവിയിൽനിന്ന് കരകയറാനുള്ള തന്ത്രങ്ങളും ശബരിമല സ്വർണക്കൊള്ള തിരിച്ചടിക്കാതിരിക്കാനുള്ള പ്രചാരണവും എൽഡിഎഫ് ഒരുവിധം തയ്യാറാക്കിവരുന്നതിനിടയിലാണ് തൊണ്ടിമുതൽ കേസിലെ വിധി. ഈ കേസ് ഒരു രാഷ്ട്രീയവിഷയമേ അല്ല. അഭിഭാഷകനെന്നനിലയിൽ ആന്റണി രാജു ചെയ്ത കുറ്റത്തിന്റെ നിയമപരിശോധനയും ശിക്ഷയുമാണുണ്ടായത്. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള വിധി കുനിന്മേൽ കുരുതന്നെയാണ്.
എൽഡിഎഫിലെ ഘടകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിന്റെ സ്ഥാപകനായ നേതാവ്, തിരുവനന്തപുരം മണ്ഡലത്തിൽ സാമുദായിക വോട്ടടക്കംനേടി വിജയിക്കാനാകുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്ന നേതാവ് -ഇതെല്ലാമായ ഒരാളാണ് അയോഗ്യതയിൽ പുറത്തുനിൽക്കേണ്ടിവരുന്നത് എന്നതാണ് ഈ വിധിയിലെ രാഷ്ട്രീയം. കേരള കോൺഗ്രസ് ബി-ക്ക് രണ്ടാമൂഴം മാറ്റിവെച്ചുകൊണ്ടാണ് ആദ്യ ഊഴത്തിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെ ഒരേയൊരു ജനപ്രതിനിധിയായ ആന്റണി രാജു മന്ത്രിയായത്. തൊണ്ടിമുതൽ തിരിമറിക്കേസ് അന്നുമുതലേ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒരു ഭീഷണിയാകുമെന്ന സൂചന ആന്റണി രാജുവിനോ, എൽഡിഎഫിനോ ഉണ്ടായിരുന്നില്ല. 13 വർഷത്തിനുശേഷമാണ് ഇപ്പോൾ ശിക്ഷവരുന്നത്. അതിനിടയിൽ മന്ത്രിപദവിയുടെ ഊഴം കഴിഞ്ഞിരുന്നുവെന്നത് സർക്കാരിനും മുന്നണിക്കും ഏൽക്കുന്ന ആഘാതം കുറച്ചുവെന്നു പറയാം.
ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് സ്വാധീനമുള്ളതും തീരദേശത്തെ ജനങ്ങൾ വിധിനിർണയിക്കുന്നതുമായ മണ്ഡലമാണ് തിരുവനന്തപുരം. പാർട്ടിയുടെ ഒരേയൊരു സീറ്റിൽ മത്സരിക്കാൻ കളമൊരുക്കി മണ്ഡലത്തിൽ നിറഞ്ഞുനിന്നുതുടങ്ങുമ്പോഴാണ് പഴയകാല ചെയ്തിയുടെ ശിക്ഷയും അയോഗ്യതയും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവരുന്നത്. ആന്റണി രാജുവില്ലെങ്കിൽ മണ്ഡലം സിപിഎം ഏറ്റെടുക്കാനാകും സാധ്യത. സാമുദായിക സമവാക്യങ്ങളെല്ലാം ഒത്തുപോകുന്നവിധത്തിൽ പുതിയൊരു സ്ഥാനാർഥിയെ കണ്ടെത്തുക എന്നതും സിപിഎം നേരിടുന്ന വെല്ലുവിളിയാണ്.
വ്യാജതെളിവ്, ഗൂഢാലോചന...
: ഒന്നാംപ്രതി ജോസിന് വിവിധ വകുപ്പുകളിലായി ഒമ്പതര വർഷവും 15,000 രൂപ പിഴയും ആന്റണി രാജുവിന് എട്ടര വർഷവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. എന്നാൽ, വിവിധ വകുപ്പുകളിലെയും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഇരുവരും പരമാവധി മൂന്നുവർഷംമാത്രം തടവ് അനുഭവിച്ചാൽ മതി.
തെളിവ് നശിപ്പിച്ചതിനും വ്യാജ തെളിവുകൾ ഹാജരാക്കിയതിനും മൂന്നുവർഷം വീതവും വ്യാജതെളിവ് ഹാജരാക്കിയതിന് രണ്ടുവർഷവും ഗൂഢാലോചനയ്ക്ക് ആറുമാസവുമാണ് രണ്ടു പ്രതികൾക്കും ശിക്ഷ നൽകിയത്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഒന്നാം പ്രതി കാട്ടിയ അധികാര ദുർവിനിയോഗത്തിനാണ് ഒരു വർഷം ശിക്ഷ അധികം വിധിച്ചത്.
രാവിലെ കോടതി ചേർന്ന ഉടനെത്തന്നെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. അധികാരസ്ഥാനത്തുള്ളയാളുടെ വഞ്ചനാപരമായ പെരുമാറ്റത്തെ സംബന്ധിച്ച 409-ാം നമ്പർ വകുപ്പുള്ളതിനാൽ പ്രതിക്ക് ജീവപര്യന്തംവരെ ശിക്ഷ വിധിക്കാം. എന്നാൽ, ഇതിന് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതികൾക്ക് അധികാരമില്ലാത്തതിനാൽ ശിക്ഷ വിധിക്കുന്നത് ജില്ലാ കോടതിയിലേക്ക് മാറ്റണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ എ. മൻമോഹൻ ആവശ്യപ്പെട്ടെങ്കിലും ഇത് പരിഗണിക്കുന്നതിന് അനുബന്ധ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്ന് മജിസ്േട്രറ്റ് ചൂണ്ടിക്കാട്ടി. ആന്റണി രാജു പുറത്തേക്ക് ഇറങ്ങിയപ്പോൾ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയത് സംഘർഷമുണ്ടാക്കി. പോലീസ് ലാത്തിവീശി.
Content Highlights: Political Fallout: Thondimudhal Case Verdict Rocks LDF Ahead of Kerala Elections
Published: 04 Jan 2026, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented