കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരേ ആരോപണങ്ങളുമായി ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്തു. മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുകയും അര്‍ജുന് 75,000 രൂപ മാസശമ്പളമുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തു. നാലാമത്തെ മകനായി അര്‍ജുന്റെ കുഞ്ഞിനെ വളര്‍ത്തുമെന്ന് മനാഫ് പറഞ്ഞത് വേദനിപ്പിച്ചുവെന്നും കുടുംബം പറഞ്ഞു. അര്‍ജുനെ കണ്ടെത്തുന്നതിനായി കൂടെനിന്ന എല്ലാവര്‍ക്കും കുടുംബം നന്ദിയറിയിച്ചു.  അര്‍ജുന്റെ കുടുംബാംഗങ്ങളാണ്‌ മാധ്യമങ്ങളോട് സംസാരിച്ചത്. 

To advertise here,

"കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരേ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്നും മറ്റുമാണ് പറഞ്ഞു പ്രചരിപ്പിക്കുന്നത്. കുടുംബത്തിന് ഇത് തികയുന്നില്ല എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടാക്കുന്നു. ഇത് വാസ്തവവിരുദ്ധമാണ്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

"പല കോണില്‍നിന്ന് ഫണ്ട് സ്വരൂപിക്കുന്നുവെന്ന് വ്യക്തമായി അറിയാം. ഒരു ഫണ്ട് പോലും ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. ഇനി ഞങ്ങള്‍ അങ്ങനെ ഒരു ഫണ്ട് സ്വീകരിക്കുകയുമില്ല. അങ്ങനെത്തെ ഒരു ആവശ്യമില്ല. അര്‍ജുന്റെ ഭാര്യയ്ക്കും മകനും ജീവിക്കാനുള്ള സാഹചര്യം ഗവണ്‍മെന്റ് ഒരുക്കിക്കൊടുത്തിട്ടുണ്ട്. എല്ലാ ഘട്ടത്തിലും കുടുംബം ഒന്നിച്ചുനിന്നിട്ടുണ്ട്. അര്‍ജുന്റെ കടുബത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ നിലവില്‍ ബുദ്ധിമുട്ടുകളില്ല. എല്ലാ കുടുംബത്തിലും ഉള്ളത് പോലുള്ള ബുദ്ധുമുട്ടുകളുണ്ട്. സാമ്പത്തികപ്രശ്നങ്ങളുണ്ട്." അര്‍ജുന്‍ നഷ്ടപ്പെട്ടു എന്ന് കരുതി ആരുടേയും മുന്നില്‍പോയി പിച്ച തെണ്ടേണ്ട സാഹചര്യമില്ലെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

തുടക്കത്തില്‍ പുഴയിലെ തിരച്ചില്‍ അതീവദുഷ്‌കരമായിരുന്നു. എം.കെ. രാഘവന്‍ എം.പി.ഓരോ സമയത്തും വിളിച്ച് കൂടെയുണ്ടായിരുന്നു. മഞ്ചേശ്വരം  എ.കെ.എം. അഷ്റഫ് എം.എൽ.എയും താങ്ങായി. മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം താങ്ങായി നിന്നു. എ.കെ.എം. അഷ്റഫ് എം.എല്‍.എ.യുമായി ചേര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ഡ്രഡ്ജര്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളില്‍നിന്ന് വളരെ വൈകാരികമായ അന്ത്യാഞ്ജലിയാണ് അര്‍ജുന് ലഭിച്ചത്. കുടുംബാംഗങ്ങൾ പറഞ്ഞു.