കോഴിക്കോട്: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങൾക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു നടത്തിയ പ്രസ്താവന കല്ലുവെച്ച നുണയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്താൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന ബിജുവിന്റെ പ്രസ്താവനയ്‌ക്കെതിരേ രേഖകൾ പുറത്തുവിട്ടുകൊണ്ടായിരുന്നു അനിലിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്.

To advertise here,

കല്ലുവെച്ച നുണ പറയുന്നതാരാണ്? കരുവന്നൂർ ബാങ്കിലെ സിപിഎം കമ്മീഷൻ അംഗമായ പി.കെ. ബിജു പറയുന്നു അങ്ങനെ ഒരു കമ്മീഷൻ ഇല്ലന്ന്. പാർട്ടിയാപ്പീസിൽ ഇരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഇന്ന് അരിയങ്ങാടിയിൽപ്പോലും കിട്ടും. കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു?? താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ ചോദിക്ക് താനാരാണെന്ന് അതാണ് ഇപ്പോൾ ഓർമ്മവരുന്നത്- അനിൽ അക്കരെയുടെ കുറിപ്പിൽ പറയുന്നു.

സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനങ്ങൾ അടങ്ങുന്ന രേഖയാണ് അനിൽ അക്കര പുറത്തുവിട്ടത്. കരുവന്നൂർ ബാങ്കിന്റെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കാൻ പി.കെ. ബിജുവിനെ ചുമതലപ്പെടുത്തി ജില്ലാ കമ്മിറ്റി തീരുമാനമെടുത്തതായി രേഖ പറയുന്നു. തന്റെ ആരോപണങ്ങൾ നിഷേധിച്ച് പി.കെ. ബിജു പത്രസമ്മേളനം നടത്തിയതിനു പിന്നാലെയായിരുന്നു അനിലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയലക്ഷ്യംവെച്ചുള്ളതാണെന്നും ബിജു പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കരുവന്നൂർ കേസിലെ പ്രതിയുമായി ഒരു ബന്ധവുമില്ലെന്നും കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്നും ബിജു പറഞ്ഞിരുന്നു. 

placeholder
അനിൽ അക്കര ഫേയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട രേഖ