
അങ്കമാലി: അങ്കമാലി ടൗണിനുസമീപം പറക്കുളത്ത് ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാകൂ.
ജാതിക്ക മൊത്തക്കച്ചവടക്കാരനായ ബിനീഷിനും കുടുംബത്തിനും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. രാവിലെ നാലരയോടെ ബിനീഷിന്റെ അമ്മ ചിന്നമ്മ പ്രാർഥിക്കാനായി എഴുന്നേറ്റപ്പോഴാണ് മുകൾനിലയിൽനിന്ന് ശബ്ദം കേട്ടത്. ചിന്നമ്മ ഉടൻ ജോലിക്കാരനായ നിരഞ്ജൻ കുണ്ഡലയെ വിളിച്ചുണർത്തി. ഇരുവരുംചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ആളിപ്പടർന്നു. പത്രക്കെട്ട് എടുക്കാനായി ഇതുവഴിപോയ ഏജന്റ് ഏലിയാസ് തീ കണ്ട് അയൽവാസികളെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു. നാട്ടുകാരെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശക്തമായി തീപിടിച്ചതോടെ മുറിയുടെ സമീപത്തേക്ക് പോകാനാവാത്ത സ്ഥിതിയായി. അഗ്നിരക്ഷാസേനയെത്തി തീ അണച്ചപ്പോഴേക്കും നാലുപേരും കത്തിക്കരിഞ്ഞിരുന്നു.
ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളെല്ലാം പൂർണമായും കത്തിനശിച്ചു. എയർകണ്ടീഷണർ ഉരുകി താഴേക്ക് പതിച്ചു. നാല് ജനലുകളും പൂർണമായും കത്തിനശിച്ചു. മുകൾനിലയിൽ ഒരു വലിയ കിടപ്പുമുറിയും ഒരു ചെറിയ ഹാളും മറ്റൊരു ചെറിയ മുറിയുമാണ് ഉള്ളത്. താഴത്തെനിലയിൽ നിന്നുള്ള ഗോവണി കൂടാതെ പിന്നിലെ ഗോവണിയിലൂടെയും മുകൾനിലയിലേക്ക് കയറാൻ സംവിധാനമുണ്ട്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന സ്ഥലത്തെത്തി. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്ധർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവയെത്തി പരിശോധന നടത്തി.
ദുരൂഹതയില്ലെന്ന് പോലീസ്
സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ജാതിക്ക മൊത്തക്കച്ചവടക്കാരനായ ബിനീഷിന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി ആരും പറയുന്നില്ല. അതിനാൽ ആത്മഹത്യയ്ക്കുള്ള സാധ്യതയില്ല. അപകടംനടന്ന മുറിയിൽ തീപ്പിടിത്തത്തിന് സഹായിക്കുന്ന പെട്രോൾ പോലുള്ള ഉത്പന്നങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ല. മണവും ഉണ്ടായിരുന്നില്ല. മുറിയുടെ വാതിലും ജനലുകളും ഉള്ളിൽനിന്ന് അടച്ചിരുന്നതിനാൽ പുറമേനിന്ന് അപായപ്പെടുത്താനുള്ള സാധ്യതയുമില്ല.
വീട്ടിലെ വയറിങ് സംവിധാനങ്ങൾക്ക് വർഷങ്ങൾ പഴക്കമുണ്ട്. വീട്ടിൽ ഇ.എൽ.സി.ബി. സംവിധാനവുമില്ല. അപകടകാരണം ഷോർട്ട് സർക്യൂട്ടാകാനാണ് സാധ്യത. ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ പുക ഉയരും. പുക ശ്വസിച്ച് മുറിയിൽ ഉണ്ടായിരുന്നവർ അബോധാവസ്ഥയിലായിട്ടുണ്ടാകാം. അതിനാൽ തീ പടർന്നപ്പോൾ ഇവർക്ക് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നും പോലീസ് പറയുന്നു. വിവിധ ഏജൻസികൾ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കുശഷമേ അപകട കാരണം കൃത്യമായി അറിയാൻ കഴിയൂ.
അപകടംനടന്ന വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. മോഡം കത്തിപ്പോയി. ഹാർഡ് ഡിസ്ക് പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മുറിയിലുണ്ടായിരുന്ന എ.സി.യുടെ സ്റ്റെബിലൈസർ പൊട്ടിത്തെറിച്ചതാണോ അപകടകാരണം എന്നതും അന്വേഷിക്കുന്നുണ്ട്. മൂന്നുവർഷം മുമ്പ് ഈ വീടിനോട് ചേർന്നുള്ള ജാതിക്കസംഭരണ കേന്ദ്രത്തിൽ തീപ്പിടുത്തമുണ്ടായിരുന്നു.
അങ്കമാലി ഉണർന്നത് ദുരന്തവാർത്തയറിഞ്ഞ്
തീപ്പിടിത്തത്തിൽ ഒരു വീട്ടിലെ നാലുപേർ വെന്തുമരിച്ചെന്ന നടുക്കുന്ന വാർത്ത കേട്ടാണ് ശനിയാഴ്ച അങ്കമാലി ഉണർന്നത്. അങ്കമാലി പട്ടണത്തിൽനിന്ന് 500 മീറ്റർ മാറിയാണ് ദുരന്തമുണ്ടായത്. ഒരു വീട്ടിലെ നാലുപേർ വെന്തുമരിച്ചുവെന്ന വാർത്ത നാടിന് ആദ്യം ഉൾക്കൊള്ളാനായില്ല.
അങ്ങാടിക്കടവ് ഭാഗത്താണ് ദുരന്തമുണ്ടായതെന്ന് പ്രചരിച്ചതോടെ ആളുകൾ അങ്ങോട്ട് തിരിച്ചു. പിന്നീടാണ് പറക്കുളം റോഡിലാണെന്ന് സ്ഥിരീകരണമുണ്ടായത്. ദുരന്തവാർത്തയറിഞ്ഞ് ആളുകൾ തീപ്പിടിത്തമുണ്ടായ വീട്ടിലേക്ക് ഒഴുകിയെത്തി. നിമിഷങ്ങൾക്കകം വീടും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞു. ഇടുങ്ങിയ റോഡായതിനാൽ വാഹനങ്ങളും ആളുകളുംകൊണ്ട് പറക്കുളം റോഡ് നിറഞ്ഞു.
പോലീസും അഗ്നിരക്ഷാസേനയും വിവിധ അന്വേഷണ ഏജൻസികളും മാധ്യമപ്രവർത്തകരുമെല്ലാം എത്തിയതോടെ വീട്ടിൽ തിക്കുംതിരക്കുമായി. മണിക്കൂറുകൾ കാത്തുനിന്ന ജനത്തിന് ഒടുവിൽ കാണാനായത് പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ ആംബുലൻസിലേക്ക് കയറ്റിക്കൊണ്ട് പോകുന്നതാണ്.
പത്രവിതരണം മാറ്റിവെച്ച് രക്ഷാപ്രവർത്തനം

സമയോചിതമായി ഇടപെടൽ നടത്തിയിട്ടും കുഞ്ഞുങ്ങളടക്കമുള്ള നാലുപേരിൽ ഒരാളെപ്പോലും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തിലാണ് പത്ര ഏജന്റായ ഏലിയാസ്. പതിവുപോലെ പത്രകെട്ട് എടുക്കാൻ വീട്ടിൽനിന്നും ശനിയാഴ്ച പുലർച്ചെ അഞ്ചോടെ ഇറങ്ങിയതാണ് ഏലിയാസ്. ബിനീഷിന്റെ വീടിന് മുന്നിലെത്തിയപ്പോഴാണ് തീപ്പിടിത്തം കണ്ടത്. ഉടൻ പോലീസിന്റെ എമർജൻസി നമ്പറായ 112-ൽ വിളിച്ച് അറിയിച്ചു. അപ്പോഴേക്കും അയൽവാസികളായ പൗലോസും യോഹന്നാനും എത്തി.
ഏലിയാസ് ഉടൻ ബൈക്കിൽ അങ്കമാലി ഫയർസ്റ്റേഷനിലേക്ക് പോയി. ഏലിയാസ് എത്തിയപ്പോൾ ഫയർഫോഴ്സ് സംഭവസ്ഥലത്തേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. അവർക്ക് എലിയാസ് വഴികാട്ടിയായി. ഇടുങ്ങിയ റോഡായതിനാൽ ബുദ്ധിമുട്ടിയാണ് ഫയർഫോഴ്സ് വാഹനം സ്ഥലത്തെത്തിയത്. ഫയർഫോഴ്സ് എത്തി തീയണച്ചപ്പോഴേക്കും നാലുപേരും വെന്തുമരിച്ചിരുന്നു. പത്രവിതരണത്തിനിടെ ഫയർഫോഴ്സ് വാഹനം ചീറിപ്പാഞ്ഞ് പോകുന്നതുകണ്ട് ഏജന്റായ ബിജുവും സംഭവസ്ഥലത്തെത്തി. വീടിന് മുകൾഭാഗം മൊത്തം തീപടർന്നിരുന്നതായി ബിജു പറഞ്ഞു.
കണ്ണീരണിഞ്ഞ് പൗലോസ്

ബിനീഷിനെയും കുടുംബത്തെയും രക്ഷിക്കാൻ ജീവൻ പണയംവെച്ചും തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും അത് ഫലം കാണാഞ്ഞതിന്റെ മനോവിഷമത്തിലാണ് അയൽവാസിയായ പൗലോസ്. സംഭവം അറിഞ്ഞ് പൗലോസ് എത്തുമ്പോൾ മുറിനിറയെ തീയാണ്. ബിനീഷേ... എന്ന് ഉറക്കെ വിളിച്ച് മുറിയുടെ നാലുവശങ്ങളിലെയും ചെറുവരാന്തയിലൂടെ ഓടിനടന്നെങ്കിലും അകത്തുനിന്ന് യാതൊരു മറുപടിയുമില്ല. തീ ആളിപ്പടർന്ന് മുറിയാകെ കത്തുന്നതുകണ്ട് എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു. ഒടുവിൽ തീ പുറത്തേക്ക് ആളാൻ തുടങ്ങിയതോടെ ഒരുവിധം രക്ഷപ്പെട്ട് താഴേക്ക് ഇറങ്ങിയെന്ന് പൗലോസ് പറഞ്ഞു.
നാലുപേരും കത്തിക്കരിഞ്ഞുകിടക്കുന്ന കാഴ്ചകണ്ട ഞെട്ടലിലാണ് പൗലോസ്. ദിവസവും രാവിലെ സ്കൂളിലേക്ക് ബസ് കയറാൻ വരുന്നസമയത്ത് കുഞ്ഞുങ്ങളോട് വർത്തമാനം പറയാറുണ്ട്. അവരുടെ കളിചിരികൾ ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ പൗലോസിന് സങ്കടം അടക്കാനുമാകുന്നില്ല.
ശനിയാഴ്ച പുലർച്ചെ 5.10-ന് ആണ് ഉണർന്നത്. പത്രവിതരണക്കാരൻ ഏലിയാസ് തീ കണ്ട് വിളിച്ചു പറഞ്ഞപ്പോഴാണ് പൗലോസ് ബിനീഷിന്റെ വീട്ടിലേക്ക് ചെന്നത്. ഒന്നാംനിലയിലെ മുറിയുടെ ഉൾവശത്ത് നിറയെ തീയായിരുന്നു. മുകളിലേക്ക് ചെന്നപ്പോൾ ചിന്നമ്മയും ജോലിക്കാരൻ നിരഞ്ജനും തീ കെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. വാതിൽ തള്ളിനോക്കിയെങ്കിലും അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ തുറക്കാനായില്ല. തെക്കേ വശത്തെ നാലുപാളി ജനലിന്റെ ഒരുപാളി അപ്പോൾ തുറന്നുകിടപ്പുണ്ടായിരുന്നു. അതിലൂടെ നോക്കിയപ്പോൾ മുറിയുടെ അകത്തുനിറയെ തീയും പുകയും. തുറന്നുകിടന്ന ജനലിലൂടെ തീ പുറത്തേക്കുവന്നു. തീ കൂടിവരുന്നതോടെ മുറിയോടുചേർന്നുള്ള വരാന്തയിൽ നിൽക്കാൻ സാധിക്കാതെയായി. വരാന്തയിൽ കിടന്ന് ഇഴഞ്ഞാണ് പുറത്തേക്കിറങ്ങിയത്. മുറിക്കുസമീപം നിൽക്കുകയായിരുന്ന ബിനീഷിന്റെ അമ്മയെ താഴേക്ക് എത്തിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും പൗലോസ് പറഞ്ഞു.
മരണം കവർന്നത് കൊച്ചുനർത്തകിയെ
നൃത്തം ജൊവാനയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. ഭരതനാട്യമായിരുന്നു കൂടുതൽ ഇഷ്ടം. തീരെ കുഞ്ഞായിരുന്നപ്പോൾതൊട്ട് പാട്ടുകൾക്ക് ചുവടുവെയ്ക്കുമായിരുന്നു. നൃത്തത്തിലെ താത്പര്യം കണ്ട് പിതാവ് ബിനീഷ് അങ്കമാലിയിലെ പ്രണവം ഡാൻസ് സ്കൂളിൽ ജെവാനയെ ചേർത്ത് പഠിപ്പിച്ചു. ശനിയാഴ്ചകളിൽ രാവിലെ നടക്കുന്ന ഡാൻസ് ക്ലാസിൽ പതിവായി ബിനീഷാണ് കൊണ്ടുവിട്ടിരുന്നത്.

കഴിഞ്ഞ ഏപ്രിൽ 10-ന് നെടുമ്പാശ്ശേരി വി.എം.ജി. ഹാളിലായിരുന്നു അരങ്ങേറ്റം. ജൊവാന ഉൾപ്പെടെ എട്ടുകുട്ടികളുടെ സംഘം രണ്ടു നൃത്ത ഇനങ്ങളാണ് അന്ന് അവതരിപ്പിച്ചത്. കുടുംബാംഗങ്ങളെല്ലാം അരങ്ങേറ്റം കാണാൻ എത്തിയിരുന്നു. അരങ്ങേറ്റം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ജൊവാനയെ മരണം തട്ടിയെടുത്തെന്ന വാർത്ത ഒപ്പം ചുവടുവെച്ച കൂട്ടുകാരെ സങ്കടത്തിലാഴ്ത്തി.
കണ്ണീരിൽ മുങ്ങി മുളപ്പുറം
കരിമണ്ണൂർ (ഇടുക്കി): ശനിയാഴ്ച നേരം വെളുത്തപ്പോൾ മുളപ്പുറം കേട്ടത് ഞെട്ടിപ്പിക്കുന്നൊരു വാർത്തയായിരുന്നു. കോശ്ശേരിൽ കെ.എം. മത്തായിയുെടയും ചേച്ചമ്മയുടെയും മകൾ അനുവിന്റെ അങ്കമാലിയിലെ വീടിന് തീപിടിച്ചു. അനുവും ഭർത്താവും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. കേട്ടത് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വാർത്ത സത്യമാണെന്ന് അറിഞ്ഞപ്പോൾ നാടാകെ കണ്ണീരിൽ മുങ്ങി.

പത്തുവർഷം മുമ്പായിരുന്നു അനുവിന്റെ വിവാഹം. അനു, ഭർത്താവ് ബിനീഷിനും മക്കളായ ജുവാന, ജെസ്വിൻ എന്നിവർക്കുമൊപ്പം അങ്കമാലിയിലായിരുന്നു താമസിച്ചിരുന്നത്. ഭർത്തൃവീട്ടിൽനിന്ന് തിരികെ എത്തുമ്പോൾ അയൽക്കാരും കൂട്ടുകാരുമായും സൗഹൃദം പുതുക്കാൻ അനു ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ അനു നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു.അച്ഛനും അമ്മയും മുളപ്പുറം സ്കൂളിലെ പ്രഥമാധ്യാപകരായി വിരമിച്ചവരാണ്. അതുകൊണ്ടുതന്നെ ഇവരുടെ സാമൂഹികബന്ധവും വളരെ വലുതാണ്. അനു നാട്ടുകാർക്ക് കൂടുതൽ സുപരിചിതയാണ്. ദുരന്തം നാട്ടുകാരെയും അനുവിന്റെ മാതാപിതാക്കളെയും സഹോദരങ്ങളായ രാജേഷ്, പ്രിയേഷ്, രഞ്ജു, റോണിഷ് എന്നിവരെയും ആകെ തളർത്തിയിരിക്കുകയാണ്.
ഭർത്താവിന്റെ വേർപാടിന് പിന്നാലെ മകനും കുടുംബവും
പതിവുപോലെ പ്രാർഥിക്കാൻ പുലർച്ചെ നാലരയോടെ ചിന്നമ്മ ഉണർന്നു. വീടിന്റെ താഴത്തെ നിലയിലാണ് ചിന്നമ്മ കിടന്നിരുന്നത്.
മുകളിലത്തെ നിലയിൽ തന്റെ മകനും കുടുംബവും തീപ്പൊള്ളലേറ്റ് പിടയുന്നത് ആ അമ്മ അറിഞ്ഞിരുന്നില്ല. മുകളിലത്തെ നിലയിൽനിന്ന് ശബ്ദംകേട്ട് നോക്കിയപ്പോഴാണ് തീ കണ്ടത്.
ഉടൻ വീടിനോട് ചേർന്നുള്ള ഷെഡിൽ താമസിക്കുന്ന ഒഡിഷ സ്വദേശി നിരഞ്ജനെ വിളിച്ചുണർത്തി. നിരഞ്ജനും ചിന്നമ്മയും ഒച്ചവെച്ചെങ്കിലും ആരും കേട്ടില്ല.

തുടർന്ന് ഇരുവരും മുകളിലത്തെ നിലയിൽ കയറിനോക്കി. വാതിൽ അകത്തുനിന്ന് പൂട്ടിയതിനാൽ തുറക്കാനായില്ല. ശൗചാലയത്തിൽനിന്ന് വെള്ളം ശേഖരിച്ച് തീയണക്കാൻ ശ്രമം നടത്തി. അപ്പോഴേക്കും തീ ആളിപ്പടർന്നു. അയൽവാസിയായ പൗലോസും അപ്പോഴേക്കും എത്തി.
അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയതോടെ അയൽവാസിയായ പൗലോസ് ചിന്നമ്മയെ വീട്ടിലേക്കും പിന്നീട് ചിന്നമ്മയുടെ മകൻ ബിനോയിയുടെ വീട്ടിലേക്കുംകൊണ്ടുപോയി. നാലുപേരും വെന്തുമരിച്ചതറിഞ്ഞ് തളർന്ന് കിടക്കുകയാണ് ചിന്നമ്മ. മകനും കുടുംബവും മരിച്ചതോടെ ചിന്നമ്മയും അയ്യമ്പിള്ളി വീടും തനിച്ചായി. ഒരു വർഷം മുൻപാണ് ഭർത്താവ് കുര്യച്ചൻ മരിച്ചത്.
പിതാവിന്റെ ഓർമ ആചരിക്കാനിരിക്കേ കൂട്ടമരണം
പിതാവ് കുര്യച്ചന്റെ ഒന്നാം ചരമവാർഷികം ആചരിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ബിനീഷും കുടുംബവും. കുര്യച്ചന്റെ ചരമവാർഷികം 13-നാണ്.
അന്ന് പള്ളിയിലെ ചടങ്ങുകൾക്കുശേഷം പള്ളി ഹാളിൽ സ്നേഹവിരുന്നും ഒരുക്കാൻ തീരുമാനിച്ചിരുന്നു. അതിനായി അടുത്ത ബന്ധുക്കളെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ പിതാവ് മരിച്ച് ഒരുവർഷം എത്തുംമുൻപേ അതേമാസം മരണം ബിനീഷിനെയും കുടുംബത്തെയും തട്ടിയെടുത്തു. അങ്കമാലി കത്തീഡ്രലിലെയും സജീവ പ്രവർത്തകനാണ്. പള്ളി മാനേജിങ് കമ്മിറ്റിയംഗമായ ബിനീഷ് പാച്ചോർ നേർച്ച തയ്യാറാക്കാനായി വെള്ളിയാഴ്ച രാത്രി 9.30 വരെ പള്ളിയിലുണ്ടായിരുന്നു. ഞായറാഴ്ച കത്തീഡ്രലിലെ കുടുംബ കല്ലറയിലാണ് ബിനീഷിനെയും ഭാര്യയെയും മക്കളെയും അടക്കുന്നത്. വർഷങ്ങളായി അങ്കമാലിയിൽ മലഞ്ചരക്ക് വ്യാപാരംനടത്തുന്ന കുടുംബമാണ് ബിനീഷിന്റേത്.
പൊട്ടിക്കരഞ്ഞ് ജീവനക്കാർ

വെള്ളിയാഴ്ച രാത്രി എട്ടിന് പതിവുപോലെ ഭക്ഷണംകഴിച്ച് നിരഞ്ജൻ ഉറങ്ങാൻ കിടന്നു. ബിനീഷിന്റെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് ഒഡിഷ സ്വദേശി നിരഞ്ജൻ താമസിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ നാലരയോടെ ബിനീഷിന്റെ അമ്മ ചിന്നമ്മ വിളച്ചപ്പോഴാണ് നിരഞ്ജൻ ഉണരുന്നത്. വീടിന് തീപിടിച്ചതായി കണ്ടയുടൻ നിരഞ്ജൻ റോഡിലേക്കിറങ്ങി ഒച്ചവെച്ചെങ്കിലും ആരും അറിഞ്ഞില്ല.
തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മുറിയിൽനിന്ന് പുറത്തേക്ക് തീ ആളിക്കൊണ്ടിരുന്നു. ഒടുവിൽ അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

മൂന്നു വർഷത്തോളമായി നിരഞ്ജൻ ബിനീഷിന്റെ വീട്ടിലെ ഗോഡൗണിൽ ജോലി ചെയ്യുന്നു. ഗോഡൗണിൽ എത്തിക്കുന്ന ജാതിക്കയും ജാതിപത്രിയും തരംതിരിച്ച് പാക്ക് ചെയ്യലാണ് ജോലി. നിരഞ്ജനെ കൂടാതെ ജലജ, മേരി, ലീല തുടങ്ങിയവരും ജോലിക്കുണ്ട്. വീട്ടുജോലിക്ക് സഹായിയായി ഫിലോമിനയുമുണ്ട്.
കൂട്ടമരണമറിഞ്ഞ് ജോലിക്കാരെല്ലാം ബിനീഷിന്റെ വീട്ടിലെത്തിയിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പുറത്തിറക്കിപ്പോൾ അവരെല്ലാം പൊട്ടിക്കരഞ്ഞു.
Content Highlights: Angamaly mourns as house caught fire and 4 in a family died
Published: 09 Jun 2024, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented