തിരുവനന്തപുരം: ആനാവൂര്‍ നാരായണന്‍ നായര്‍ കൊലപാതക കേസില്‍ ബി.എം.എസ്. സംസ്ഥാനനേതാവടക്കം 11 പ്രതികള്‍ക്കും ജീവപര്യന്തം. ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍ക്ക് പത്തുവര്‍ഷം അധിക തടവും കോടതി വിധിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.

To advertise here,

2013 നവംബർ മാസം അഞ്ചിന് രാത്രി 10.30-ന് മാരകായുധങ്ങളുമായി എത്തിയ പ്രതികൾ നാരായണൻനായരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആക്രമണത്തിൽ നാരായണൻനായരുടെ ഭാര്യ വിജയകുമാരിഅമ്മയ്ക്കും മക്കളായ ഗോപകുമാറിനും ശിവപ്രസാദിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി വെട്ടേറ്റ നാരായണൻനായർ അടുത്ത ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

എസ്.എഫ്.ഐ. പ്രവർത്തകനായിരുന്ന ശിവപ്രസാദിന്റെ നേതൃത്വത്തിൽ 2013 നവംബർ അഞ്ചിന് ഉച്ചയ്ക്ക് ചെമ്പൂര് എൽ.എം.എസ്. എച്ച്.എസ്.എസിന് മുന്നിൽവെച്ച് പ്രകടനം നടത്തി. ഈ സമയം അതുവഴിവന്ന കെ.എസ്.ആർ.ടി.സി. ബസ്‌ ശിവപ്രസാദും സംഘവും തടയുകയും ഡ്രൈവറായ വിനയചന്ദ്രനെ മർദ്ദിക്കുകയും ചെയ്തു. ഇതിലുള്ള വിരോധം കാരണം വിനയചന്ദ്രന്റെ സഹോദരങ്ങളായ അനിലും അജയനും സുഹൃത്തുക്കളെയും കൂട്ടി ബൈക്കുകളിൽ ശിവപ്രസാദിനെ ആക്രമിക്കാനെത്തി. വീട്ടിലേയ്ക്ക് കയറിയ പ്രതികളെ തടയുന്നതിനിടെ നാരായണൻനായരെ പ്രതികൾ വെട്ടിവീഴ്ത്തുകയായിരുന്നു.

വെള്ളറട സി.ഐ.യായിരുന്ന ജി.അജിത്കുമാർ അന്വേഷിച്ച കേസിൽ പോലീസ് ഓഫീസർമാരായിരുന്ന മോഹൻദാസ്, ബാലചന്ദ്രൻ എന്നിവരാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ മുരുക്കുംപുഴ വിജയകുമാരന്‍ നായരാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായത്. കുറ്റക്കാരായ മുഴുവന്‍ പ്രതികളും ആര്‍.എസ്.എസ്.- ബി.ജെ.പി. പ്രവര്‍ത്തകരാണ്. ഒന്നാംപ്രതി രാജേഷ് ഉള്‍പ്പെടെയുള്ള നാല് മുഖ്യപ്രതികള്‍ക്ക് വധശിക്ഷനല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനെത്തുടര്‍ന്നാണ്‌ ജീവപര്യന്തത്തിന് പുറമേയുള്ള പത്തുവര്‍ഷ ശിക്ഷ കൂടി കോടതി വിധിച്ചത്.

കെ.എസ്.ആര്‍.ടി.സിയിലെ ബി.എം.എസ്. യൂണിയനായ കെ.എസ്.ടി. എംപ്ലോയീസ് സംഘിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കേസിലെ ഒന്നാംപ്രതി കെ.എല്‍. രാജേഷ്.