
തിരുവമ്പാടി: കൂറ്റൻപാറകൾ തുരക്കുന്നത് ഏറ്റവും സുരക്ഷിതവും അത്യാധുനികവുമായ ന്യൂ ഓസ്ട്രിയൻ ടണലിങ് രീതി (എൻ.എ.ടി.എം.) ഉപയോഗിച്ച്. ഏത് ദുർഘടസാഹചര്യത്തിലും അനുയോജ്യമായ ടണലിങ് രീതിയാണിത്. ഇതിൽ തുരങ്കത്തിലെ പാറകൾതന്നെ സപ്പോർട്ടിങ് സംവിധാനമായി മാറ്റും. അതിനുപുറമേ ഏതെങ്കിലുംതരത്തിലുള്ള ദ്വാരങ്ങളോ മറ്റോ ഉണ്ടെങ്കിൽ അടയ്ക്കാനായി കോൺക്രീറ്റ് ലൈനിങും ഗ്രൗട്ടിങും ചെയ്യുന്നുണ്ട്. കന്പികൾ തുളച്ചുകയറ്റിയുള്ള സോയിൽ നെയിലിങ് മാതൃക ഉപയോഗിക്കും. റോക്ക് ബോൾട്ടിങ് നടത്തിയാണ് പാറകൾ ബലപ്പെടുത്തുക. ആവശ്യമാണെങ്കിൽമാത്രമേ സ്റ്റീൽ സംവിധാനം ഉപയോഗിക്കുകയുള്ളൂ. വളരെ കടുപ്പമുള്ള ചാർണോക്കൈറ്റ് പാറയാണ് തുരങ്കംനിർമിക്കുന്ന പ്രദേശത്തേത്. അതുകൊണ്ട് തുരങ്കനിർമാണത്തിന് ഏറ്റവും സുരക്ഷിതമാണ്.
നിർമാണത്തിനുമുൻപേ നടത്തിയ പരിശോധനകളിലെല്ലൊം നല്ല കടുപ്പമുള്ള ചാർണോക്കൈറ്റ് പാറയാണെന്നാണ് കണ്ടെത്തിയതെന്ന് കിഫ്ബി എക്‌സിക്യുട്ടീവ് ഡയറക്ടറും അടൽ ടണൽ നിർമാണത്തിന് നേതൃത്വംനൽകിയ ബോർഡ് റോഡ് ഓർഗനൈസേഷൻ മുൻ അഡീഷണൽ ഡയറക്ടർജനറലുമായ
കെ.പി. പുരുഷോത്തമൻ പറഞ്ഞു. നിർമാണംനടക്കുമ്പോഴുണ്ടാവുന്ന പ്രകമ്പനം മണ്ണിടിച്ചിലുണ്ടാക്കില്ല. പ്രകമ്പനം നിരീക്ഷിക്കാനായി പ്രത്യേകസംവിധാനങ്ങളുണ്ട്. തുളച്ചശേഷം പാറപൊട്ടിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. രണ്ടോ മൂന്നോ മീറ്റർ തുരന്നശേഷമാണ് പാറപൊട്ടിക്കുക. ആദ്യം പാറയുടെ മുകൾഭാഗത്താണ് തുരക്കുന്നത്. പിന്നീട് അഞ്ചുമീറ്റർ താഴ്ചയിലേക്കും തുരക്കും. മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി 365 ദിവസവും നിർമാണംനടത്താവുന്ന സാഹചര്യമാണിവിടെ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ തുരങ്കനിർമാണത്തിന് അധികം വെല്ലുവിളികൾ നേരിടേണ്ടിവരില്ലെന്ന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ദിവാകർ ഡി. ജോഷി പറഞ്ഞു. പാരിസ്ഥിതികപ്രാധാന്യമുള്ള മേഖലയാണ്. പാരിസ്ഥിതികാനുമതിലഭിച്ചപ്പോൾ നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കും. ഇതിനായി 40 കോടി രൂപ കിഫ്ബി മാറ്റിവെച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയറും നോഡൽ ഓഫീസറുമായ വി.കെ. ഹാഷിം പറഞ്ഞു.
കേരള പൊതുമരാമത്തുവകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല. പദ്ധതിനിർവഹണച്ചുമതല കൊങ്കൺറെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനാണ്. തുരങ്കപാതയുടെ നിർമാണക്കരാർ ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്‌കോൺ കമ്പനിക്കും മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്കുകുറുകേ നിർമിക്കുന്ന നാലുവരി ആർച്ച് സ്റ്റീൽ പാലത്തിന്റെ കരാർ പുനിയ കൺസ്ട്രക്ഷൻ കമ്പനിക്കുമാണ്.
ധൻബാദിൽനിന്നുള്ള സി.എസ്.ഐ.ഐ.ആറിലെ വിദഗ്ധസംഘത്തിന്റെ മേൽനോട്ടത്തിലാണ് ബ്ലാസ്റ്റിങ് നടത്തുന്നത്. കൊങ്കൺ റെയിൽവേയിലെ വിദഗ്ധരുടെയും എൻജിനിയറിങ് ടീമിന്റെയും മുഴുവൻസമയ മേൽനോട്ടമുണ്ടാവും.
2134.5 കോടി രൂപയാണ് പദ്ധതിച്ചെലവ്. മറിപ്പുഴയിലെ സ്വർഗംകുന്നിൽനിന്ന് തുടങ്ങി മേപ്പാടിയിലെ മീനാക്ഷി പാലത്തിന് സമീപത്താണ് തുരങ്കപാത എത്തിച്ചേരുക.
3.150 കിലോമീറ്റർ കോഴിക്കോടും 5.585 കിലോമീറ്റർ വയനാട്ടിലുമാണ് തുരങ്കംപണിയുന്നത്. 10 മീറ്റർ വീതിയിൽ ഇരട്ട ടണലാണ്. 500 മീറ്ററിൽ ക്രോസ് പാസേജുകളുണ്ടാവും. 80 കിലോമീറ്റർ വേഗത്തിലാണ് തുരങ്കം ഡിസൈൻചെയ്തത്.
വഴി തുരന്നുതുടങ്ങി, വയനാട്ടിലേക്ക്
തിരുവമ്പാടി: വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.08-ന് ആനക്കാംപൊയിൽ മറിപ്പുഴയിലെ സ്വർഗംകുന്നിൽ മൂന്നാമത്തെ സൈറണും മുഴങ്ങി. ഒരു മിനിറ്റ് പിന്നിടുംമുൻപേ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ചിൽ വിരലമർത്തി. തൊട്ടപ്പുറത്ത് പാറക്കൂട്ടങ്ങൾ പൊട്ടിച്ചിതറിയപ്പോൾ അതൊരു പുതിയ സ്വപ്നത്തിനുള്ള തുടക്കമായി. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും നീളംകൂടിയ ഇരട്ട ടണൽ പാതയുടെ തുടക്കം. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പണിയാൻ സ്വർഗംകുന്ന് തുരക്കുന്നതിനുള്ള ആദ്യ ബ്‌ളാസ്റ്റിങ്ങാണ് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്.
രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണമാണ് വെള്ളിയാഴ്ച തുടങ്ങിയത്. രണ്ടുമാസത്തിനുള്ളിൽ ഒന്നാമത്തെ ടണലും തുരന്നുതുടങ്ങും. വയനാടുനിന്നും കോഴിക്കോട് ഭാഗത്തും ഒരുമിച്ച് തുരക്കുന്ന രീതിയിലാണ് നിർമാണം. വയനാട് ഭാഗത്തുനിന്നുള്ള പ്രവൃത്തി ആരംഭിക്കാൻ ഒരുമാസമെടുക്കും.
കേരളത്തിന്റെ സ്വപ്നപദ്ധതിക്ക് തുടക്കമിടാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിറഞ്ഞ പ്രതീക്ഷയോടെയാണ് തുരങ്കപാത പ്രവർത്തനത്തിന്റെ സ്വിച്ച് ഓൺ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകൾ ചുരത്തിൽ കാത്തിരിക്കുന്നതിനു പകരം 10 മിനിറ്റുകൊണ്ട് തുരങ്കപാതയിലൂടെ വയനാട്ടിൽ എത്താൻ കഴിയുമെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പദ്ധതിപ്രദേശത്തേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിരുന്നു. പൊതുജനങ്ങൾക്കായി മുത്തപ്പൻപുഴ എൽ.പി. സ്‌കൂളിൽ തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു.
പരിപാടിയിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ, ലിന്റോ ജോസഫ് എം.എൽ.എ., പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, കിഫ്ബി എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയൽ, നോഡൽ ഓഫീസർ പി.ഡബ്ല്യു.ഡി. നിരത്ത് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ വി.കെ. ഹാഷിം തുടങ്ങിയവർ പങ്കെടുത്തു. നാലുവർഷത്തിനകം 8.10 കിലോമീറ്റർ നീളമുള്ള തുരങ്കപാത പൂർത്തിയാക്കുമെന്ന് കിഫ്ബി എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ പറഞ്ഞു.
നാടിന് ഉത്സവം
മറിപ്പുഴ: മറിപ്പുഴയിലെ തുരങ്കമുഖത്ത് ഉച്ചയ്ക്ക് പന്ത്രണ്ടേ ഏഴിന് ബ്ലാസ്റ്റിങ്ങിന് മുന്നോടിയായുള്ള ആദ്യ സൈറൺ മുഴങ്ങിയപ്പോൾ, താഴെ മുത്തപ്പൻപുഴ എൽ.പി. സ്‌കൂൾ അങ്കണത്തിൽ തിങ്ങിനിറഞ്ഞ സദസ്സ് ആകാംക്ഷയോടെ തൊട്ടുമുന്നിലെ വലിയ സ്‌ക്രീനിലേക്ക് കണ്ണുനട്ടിരുന്നു. മൂന്നാം സൈറണും മുഴങ്ങി 12.09-ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ കർമം നിർവഹിച്ചതോടെ തുരങ്കമുഖത്തുണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം മേഖലയൊന്നാകെ പ്രതിധ്വനിച്ചു.
മുത്തപ്പൻപുഴ എൽ.പി. സ്‌കൂൾ അങ്കണത്തിൽ നിറഞ്ഞ ജനങ്ങൾ ആഹ്ലാദാരവം മുഴക്കി. പടക്കംപൊട്ടിച്ചും ആഘോഷമാക്കി. സ്‌ഫോടനത്തിനുമുൻപും ശേഷവും തുരങ്കമുഖത്തുനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പദ്ധതിപ്രദേശത്തെത്തിയവർ തിരക്കുകൂട്ടി. പ്രവേശനം നിയന്ത്രിച്ചതിനാൽ പൊതുജനങ്ങൾക്ക് ചടങ്ങ് വീക്ഷിക്കുന്നതിനായി മുത്തപ്പൻപുഴ എൽ.പി. സ്‌കൂളിന് മുന്നിൽ പന്തൽകെട്ടിയൊരുക്കിയ സ്‌ക്രീനിന് മുന്നിൽ രാവിലെതന്നെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ഒട്ടേറെ പ്രദേശവാസികൾ സ്ഥാനംപിടിച്ചിരുന്നു. സ്ഥലം എം.എൽ.എ. ലിന്റോ ജോസഫിനോട് 'ഇതെപ്പോൾ പൂർത്തിയാവും' എന്നായിരുന്നു കുട്ടിക്കൂട്ടത്തിലെ ഒരു അഞ്ചാംക്ലാസുകാരന്റെ ചോദ്യം. 'നീ ഒൻപതിലെത്തുമ്പോൾ ഇതുവഴി വയനാട്ടിലേക്ക് പോവാനാവും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആനക്കാംപൊയിലിലെ മരിയൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയശേഷമായിരുന്നു മുഖ്യമന്ത്രി മറിപ്പുഴയിലെ തുരങ്കമുഖത്തേക്ക് കാർമാർഗം എത്തിയത്. സുരക്ഷാതൊപ്പിയും റിഫ്‌ളക്ടീവ് സേഫ്റ്റി വെസ്റ്റുമണിഞ്ഞ് തുരങ്കമുഖം വീക്ഷിച്ചശേഷമായിരുന്നു അതിന് മുന്നൂറുമീറ്ററോളം മാറി പ്രത്യേകം സജ്ജമാക്കിയ പന്തലിൽ മുഖ്യമന്ത്രി സ്വിച്ച്ഓൺ കർമം നിർവഹിച്ചത്.
Content Highlights: Construction of an 8.10 km twin tunnel connecting Kozhikode and Wayanad districts
Published: 07 Mar 2026, 08:23 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented