കണ്ണൂർ: അമൃത് ഭാരത് എക്സ്പ്രസ് വെള്ളിയാഴ്ചമുതൽ ഓടിത്തുടങ്ങി. സ്ഥിരം സർവീസ് ഉടൻ തുടങ്ങും. ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സുഖയാത്ര ചെയ്യാം. ശീതീകരിക്കാത്ത 22 കോച്ചുള്ള വണ്ടിയിൽ ജനറൽ സിറ്റിങ്ങും സ്ലീപ്പർ കോച്ചുമാണ് ഉള്ളത്. ജനറൽ സിറ്റിങ് നിരക്കിൽ ഏറ്റവും ചുരുങ്ങിയ ദൂരം 50 കിലോമീറ്ററാണ്. 35 രൂപയാണ് നിരക്ക്. സ്ലീപ്പർ ടിക്കറ്റിൽ 200 കിലോമീറ്ററാണ് ചുരുങ്ങിയ ദൂരം. 165 രൂപയാണ് നിരക്ക്. എക്സ്പ്രസ് വണ്ടികളിലെ സ്ലീപ്പറിന് 150 രൂപയാണ് (200 കിമീ) കുറഞ്ഞ നിരക്ക്. ഇന്ത്യയിൽ ഓടുന്ന ചില അമൃത് ഭാരത് വണ്ടികൾ സൂപ്പർഫാസ്റ്റുകളാണ്. ഇവയുടെ ടിക്കറ്റ് നിരക്കിൽ സൂപ്പർഫാസ്റ്റ് ചാർജും കൂടും. അമൃത് ഭാരത് സ്ലീപ്പറിൽ 300 കിലോമീറ്ററിന് 230 രൂപ (എക്സ്പ്രസ് നിരക്ക്-215 രൂപ). 400 കിലോമീറ്ററിൽ 280 രൂപ (എക്സ്പ്രസ് നിരക്ക്-260 രൂപ). 500 കിലോമീറ്ററിന് 335 രൂപ (എക്സ്പ്രസ് നിരക്ക്-310 രൂപ).
സമയക്രമത്തിൽ പ്രതിഷേധം
രാത്രി/പകൽ വണ്ടിയായി ഓടുന്ന നാഗർകോവിൽ-മംഗളൂരു ജങ്ഷൻ വണ്ടിയുടെ (16329/16330) സമയക്രമത്തിൽ പ്രതിഷേധം. 17 മണിക്കൂറാണ് ഇത് ഓടാനെടുക്കുന്ന സമയം. ചൊവ്വാഴ്ചകളിൽ രാവിലെ 11.40-ന് നാഗർകോവിലിൽനിന്ന് പുറപ്പെടുന്ന വണ്ടി 20 സ്റ്റോപ്പുകളിൽ നിർത്തും. ബുധനാഴ്ച പുലർച്ചെ അഞ്ചിന് മംഗളൂരുവിൽ എത്തും. 50 സ്റ്റോപ്പുകളിലധികം ഉള്ള പരശുറാം ഇതേ സമയമാണ് എടുക്കുന്നത്. മലബാറുകാർക്ക് കണ്ണൂരിനും മംഗളുരൂവിനും ഇടയിൽ (132 കിമീ) ഒരു സ്റ്റോപ്പ് മാത്രം അനുവദിച്ചതും തിരിച്ചടിയായി.
കണ്ണൂരിൽനിന്ന് 86 കിമീ ദൂരമുള്ള കാസർകോട്ട് മാത്രമാണ് സ്റ്റോപ്പ്. മംഗളൂരുവിൽനിന്ന് ബുധനാഴ്ചകളിൽ രാവിലെ എട്ടിന് തിരിച്ച് പുറപ്പെടും. രാത്രി 10.05-ന് നാഗർകോവിലിൽ എത്തും. എന്നാൽ ഓട്ടത്തിന് എടുക്കുന്നത് 14 മണിക്കൂർ മാത്രമാണ്.
കണ്ണൂരിൽ വരവേൽപ്പ്
: അമൃത് ഭാരത് എക്‌സ്പ്രസിന് കണ്ണൂരിൽ വരവേൽപ്പ് നൽകി. രാത്രി 10-ന് കണ്ണൂരിലെത്തിയ വണ്ടിക്ക് നോർത്ത് മലബാർ റയിൽവേ പാസഞ്ചേഴസ് കോഡിനേഷൻ കമ്മിറ്റി (എൻഎംആർപിസി) സ്വീകരണം നല്കി. ലോക്കോ പൈലറ്റുമാർക്ക് മാല അണിയിച്ചു. യാത്രക്കാർക്ക് മധുരപലഹാരം നൽകി. കണ്ണൂർ സ്റ്റേഷൻ മാനേജർ എസ്. സജിത്ത്കുമാർ, ചെന്നൈ സോൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് അംഗം റഷീദ് കവ്വായി, എൻഎംആർപിസി ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, ആർട്ടിസ്റ്റ് ശശികല, റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി. വിജിത്ത്കുമാർ, രാജു ചാൾസ്, അഹമ്മദ് അഷ്റഫ് പാറക്കണ്ടി, ഗഫൂർ കാവിൻമൂല, പി. അഷ്റഫ്, കെ. മോഹനൻ, പി.കെ. വത്സരാജ്, സൗമി ഇസബൽ തുടങ്ങിയവ നേതൃത്വംനൽകി. നാഗർകോവിൽ-മംഗളൂരു റൂട്ടിലാണ് അമൃത് ഭാരത് എക്‌സ്പ്രസ് ഓടുക.
അമൃത് ഭാരത് ട്രെയിനുകൾ
നാഗർകോവിൽ-മംഗളൂരു അമൃത് ഭാരത്(16329)
:ചൊവ്വാഴ്ചകളിൽ രാവിലെ 11.40-ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. അന്നേദിവസമുള്ള മടക്കയാത്രയിൽ മംഗളൂരുവിൽനിന്നു രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05-ന് നാഗർകോവിലിൽ എത്തും. തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴിയാണ് യാത്ര.
താംബരം-തിരുവനന്തപുരം അമൃത് ഭാരത്(16121)
:ബുധനാഴ്ചകളിൽ വൈകീട്ട് 5.30-ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരികെ യാത്ര വ്യാഴാഴ്ച പുറപ്പെടും. രാവിലെ 10.40-ന് പുറപ്പെട്ട് അന്ന് രാത്രി 11.45-ന് താംബരത്ത് എത്തും. മധുര, നാഗർകോവിൽ വഴിയാണ് യാത്ര.
ചർലപ്പള്ളി-തിരുവനന്തപുരം അമൃത് ഭാരത്(17041)
:ചർലപ്പള്ളി(ഹൈദരാബാദ്)യിൽനിന്ന് ചൊവ്വാഴ്ച രാവിലെ 7.15-ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് തിരുവനന്തപുരത്ത് എത്തും. അന്നേദിവസം വൈകീട്ട് 5.30-ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30-ന് ചർലപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, ജോലാർപെട്ട, ഗുണ്ടൂർ, വഴിയാണ് യാത്ര. നാഗർകോവിൽ -മംഗലാപുരം, ചർലപ്പള്ളി- തിരുവനന്തപുരം വണ്ടികൾ 27-നും താംബരം-തിരുവനന്തപുരം വണ്ടി 28-നുമാണ് സർവീസ് തുടങ്ങുന്നത്.
Content Highlights: Amrit Bharat Express Launches: Affordable, Comfortable Travel Begins
Published: 24 Jan 2026, 09:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented