കണ്ണൂർ: റെയിൽവേ സ്റ്റേഷനുകളിൽ ’അമൃത് ഭാരത്’ ബോർഡ് ജനുവരിയിൽ ഉയരും. ഇന്ത്യയിലെ 1309 റെയിൽവേ സ്റ്റേഷനുകളിൽ 508 ഇടത്ത് നവീകരണം അതിവേഗത്തിലാണ്. കേരളത്തിൽ രണ്ടു ഡിവിഷനുകളിലായി 30 സ്റ്റേഷനുകളുണ്ട്.

To advertise here,

പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളിൽ 249 കോടി രൂപയുടെ പദ്ധതിയാണ് നടക്കുന്നത്. കണ്ണൂർ ഒഴികെ 15 സ്റ്റേഷനുകളിൽ ജനുവരിയിൽ പൂർത്തിയാകും. ഒൻപത് സ്റ്റേഷനുകളിൽ പ്രവൃത്തി 80 ശതമാനത്തിലേറെയായി. കൂടുതൽ തുക അനുവദിച്ചത് കണ്ണൂരിലാണ്- 31.23 കോടി രൂപ. അവസാന നിമിഷം പദ്ധതിയിൽ ഉൾപ്പെട്ട കണ്ണൂരിൽ പ്രവൃത്തി തുടങ്ങിയിട്ടില്ല.

സ്റ്റേഷൻ വികസനത്തിനൊപ്പം വാണിജ്യ സമുച്ചയങ്ങളും ഉയരും. മുംബൈ ഉൾപ്പെടുന്ന പശ്ചിമ റെയിൽവേയിലാണ് കൂടുതൽ- 22 സ്റ്റേഷനുകൾ. ഡൽഹി ഉൾപ്പെടുന്ന വടക്ക് -21, ദക്ഷിണ റെയിൽവേ-17. കേരളത്തിൽ ഏഴ് സ്റ്റേഷനുകൾ ഉണ്ട്. തിരുവനന്തപുരം-497 കോടി രൂപ, കോഴിക്കോട്- 472.96 കോടി, എറണാകുളം ജങ്ഷൻ-444.63 കോടി, കൊല്ലം-384.39 കോടി, എറണാകുളം ടൗൺ-226 കോടി, വർക്കല-133 കോടി.

അമൃതിൽ ഒരുക്കുന്നത്

കുറഞ്ഞ ചെലവിൽ സ്റ്റേഷന്റെ പുനർവികസനമാണ് പദ്ധതിയുടെ ലക്ഷ്യം. അനാവശ്യ/പഴയ കെട്ടിടങ്ങൾ മാറ്റിസ്ഥാപിക്കും. മേൽനടപ്പാതകൾ, എസ്‌കലേറ്റർ, ലിഫ്റ്റുകൾ, പാർക്കിങ്, പ്ലാറ്റ്ഫോം, വിശ്രമമുറികൾ ഉൾപ്പെടെ വിപുലീകരിക്കും. ആധുനിക അറിയിപ്പ് സജ്ജീകരണം, കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം, സി.സി.ടി.വി., വൈഫൈ എന്നിവ ഇതിൽപെടും.

അമൃത് സ്റ്റേഷനുകൾ:

വടക്കാഞ്ചേരി, ഗുരുവായൂർ, ആലപ്പുഴ, തിരുവല്ല, ചിറയിൻകീഴ്, ഏറ്റുമാനൂർ, കായംകുളം, തൃപ്പൂണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശ്ശേരി, നെയ്യാറ്റിൻകര, മാവേലിക്കര, ഷൊർണൂർ, തലശ്ശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, തിരൂർ, വടകര, പയ്യന്നൂർ, നിലമ്പൂർ റോഡ്, കണ്ണൂർ, കാസർകോട്, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം,പൊള്ളാച്ചി(പാലക്കാട് ഡിവിഷന്‍), കന്യാകുമാരി, തിരുനെല്‍വേലി (തിരുവനന്തപുരം)