കോതമംഗലം : എം.പി.യും എം.എൽ.എ.യും കർമസമിതിയും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വനംമന്ത്രി ഷിബു ബേബി ജോൺ പഴയ ആലുവ-മൂന്നാർ റോഡ് (രാജപാത) സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. കോതമംഗലം എം.എൽ.എ. ഷിബു തെക്കുംപുറം മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വനംമന്ത്രി ആലുവ-മൂന്നാർ രാജപാത നേരിൽ സന്ദർശിച്ചത്.

To advertise here,

രാവിലെ തട്ടേക്കാട് ഫോറസ്റ്റ് ഐ.ബി.യിൽ നിന്ന് മന്ത്രി, ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എ.മാരായ ഷിബു തെക്കുംപുറം, എഫ്. രാജ, കുട്ടംപുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരായ പി.സി.സി.എഫ്. എൽ. ചന്ദ്രശേഖർ (ഫോറസ്റ്റ് മാനേജുമെന്റ്), പി.പി. പ്രമോദ് സി.സി.എഫ്. (ഫീൽഡ് ഡയറക്ടർ കോട്ടയം), സി.സി.എഫ്. (എച്ച്.ആർ.സി.) ഡി.കെ. വിനോദ്കുമാർ, ആർ. ആടലരശൻ സി.സി.എഫ്. (സെൻട്രൽ സർക്കിൾ), ഡി.എഫ്.ഒ.മാരായ എ.വി.ജി. കണ്ണൻ, പി. കാർത്തിക്, സാജു വർഗീസ്, സൂരജ്‌ബെൻ, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ എൻ.കെ. അജയഘോഷ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലെ 8.30-ഓടെ വനംവകുപ്പ് വാഹനത്തിൽ പീണ്ടിമേട് മേഖലയിലേക്ക് യാത്ര തിരിച്ചു.

പൂയംകുട്ടിയിൽനിന്ന് രാജപാതയിലൂടെ ഏഴുകിലോമീറ്റർ സഞ്ചരിച്ചു. പീണ്ടിമേട്ടിലെ കെ.എസ്.ഇ.ബി.യുടെ പഴയ ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളും മെറ്റലിട്ട പാതയും മന്ത്രി നേരിൽ കണ്ട് വിലയിരുത്തി. സന്ദർശനശേഷം 11-ഓടെ തട്ടേക്കാട് ഫോറസ്റ്റ് ഐ.ബി.യിൽ തിരിച്ചെത്തി.

രാജപാത വിഷയവും മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ വനാതിർത്തി മേഖലകളിലെ കർഷകരുടെയും നാട്ടുകാരുടെയും പ്രശ്നങ്ങളും വിശദമായി പഠിച്ച് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധരെ കൂടി ഉൾപ്പെടുത്തി പഠനം നടത്താനാണ് സന്ദർശനത്തിന് ശേഷം ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ തീരുമാനിച്ചത്.

സംസ്ഥാനത്ത് 3000 കി.മീ. സോളാർ ഫെൻസിങ്, കോതമംഗലത്ത് 400 മീ. എലി ഫെൻസിങ്

കോതമംഗലം : സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി മനുഷ്യർക്കും വന്യജീവികൾക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. വന്യമൃഗങ്ങളുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്തെ സോളാർ ഫെൻസിങ് ശൃംഖല 3,000 കിലോമീറ്ററായി വിപുലീകരിക്കും. കോതമംഗലം മേഖലയിൽ 400 മീറ്റർ എലി ഫെൻസിങ് (ആനവേലി) പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കും. മൂന്ന് പാളികൾ ഉള്ള പ്രതിരോധ സംവിധാനത്തിലൂടെ എ.ഐ. ഉപയോഗിച്ചുള്ള ശബ്ദവും വെളിച്ചവും സമന്വയിപ്പിച്ചുള്ള ഫെൻസിങ്ങാണിത്. വയനാട് 70 മീറ്റർ സ്ഥലത്ത് പരീക്ഷിച്ച് വിജയിച്ചതാണിത്. എല്ലാവിധ ഗൗരവത്തോടെയും ആണ് സർക്കാർ ഇതിനെ സമീപിക്കുന്നത്. വരുന്ന ബജറ്റ് മുതൽ ഇതിന്റെ തുടക്കം കാണാം. സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും.