കിഴക്ക് ദിശയുടെ ഗുണഗണങ്ങള്‍, വിവരം ലഭിച്ചത് യൂട്യൂബില്‍ നിന്ന്‌; മറുപടിയുമായി അലക്‌സാണ്ടര്‍ ജേക്കബ്‌


അലക്സാണ്ടർ ജേക്കബ്

തിരുവനന്തപുരം: ഹാര്‍വാര്‍ഡ് സര്‍വകലാശാലയെ കുറിച്ചുള്ള പ്രസംഗത്തിന് പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. തന്റെ ഒന്നര മണിക്കൂര്‍ പ്രസംഗത്തില്‍ നിന്ന് രണ്ട് വാക്യങ്ങള്‍ വളച്ചൊടിച്ചാണ് ഇപ്പോഴുള്ള ട്രോളുകളും വിവാദങ്ങളും നടന്നുകൊണ്ടിരിക്കുന്നത്. തനിക്ക് ലഭിച്ച വിവരങ്ങളും അറിവും വിദ്യാര്‍ഥികളിലേക്കെത്തിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

കിഴക്ക് ദിശ തിരിഞ്ഞ് പഠിച്ചാല്‍ മികച്ച നേട്ടമുണ്ടാവുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരു കെട്ടിടം പൊളിച്ചുപണിഞ്ഞിരുന്നുവെന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞത്. ഇതിനെ ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത തേടി ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.അതേസമയം യൂട്യൂബില്‍ നിന്ന് ലഭിച്ച ഒരു പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ക്ലാസ്സെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. 'സനാഥന ധര്‍മത്തെക്കുറിച്ച് അമേരിക്കയില്‍ ക്ലാസ്സെടുക്കുന്ന ഏതാനും സന്ന്യാസിമാര്‍ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തിലാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഈ സംഭവത്തെക്കുറിച്ച് പറയുന്നത്. വെള്ളക്കാരോടാണ് അവര്‍ ക്ലാസ്സെടുക്കുന്നത്. അതിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ കെട്ടിടം പൊളിച്ചതും അനുബന്ധസംഭവങ്ങളും അതിലാണ് പറയുന്നത്. സന്ന്യാസിമാര്‍ കള്ളം പറയുമെന്ന് താന്‍ കരുതുന്നില്ല. അമേരിക്കക്കാരോടാണ് പ്രസംഗിക്കുന്നത്, പ്രസംഗിക്കുന്നതില്‍ തെറ്റുണ്ടെങ്കില്‍ അത് അവര്‍ അപ്പോള്‍ തന്നെ കണ്ടുപിടിച്ച് തിരുത്തും. ലോഡ് കെസ്റ്റര്‍ എന്നയാളാണ് ഈ കെട്ടിടം നിര്‍മിച്ചത്. കെസ്‌റ്റേര്‍സ് ഹൗസ് എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. അദ്ദേഹം തന്നെയാണ് അത് പൊളിച്ചതും പുതിയത് നിര്‍മിച്ചുകൊടുത്തതും. ഈ കെട്ടിടത്തെക്കുറിച്ചാണ് സന്ന്യാസി പ്രസംഗത്തില്‍ സംസാരിക്കുന്നത്. 80 കൊല്ലം മുന്‍പ് രണ്ടാം ലോകമഹായുദ്ധ കാലത്ത് നടന്ന കാര്യമാണ്. ' അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

ഹാര്‍വാര്‍ഡ് സര്‍വകലാശാല ഇക്കാര്യം നിഷേധിച്ചിട്ടില്ല. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച അഭിറാം എന്ന വിദ്യാര്‍ഥിക്ക് 'സംഭവത്തെക്കുറിച്ച് മതിയായ വിവരങ്ങള്‍ ഇല്ലെന്നാണ്' സര്‍വകലാശാല മറുപടി കൊടുത്തത്. അഭിരാമിന് തന്റെ അഭിനന്ദനങ്ങളുണ്ട്. ആ കുട്ടിയെ ഹാര്‍വാര്‍ഡില്‍ വിട്ട് പഠിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹം. അതിനുള്ള വിവരങ്ങള്‍ താന്‍ അഭിരാമിന് നല്‍കും. താന്‍ കാലങ്ങളായി കുട്ടികള്‍ക്ക് ലോകവിവരങ്ങള്‍ പറഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കേള്‍ക്കുന്ന എല്ലാ പ്രസംഗവും വായിക്കുന്ന പുസ്തകങ്ങളും വെരിഫൈ ചെയ്യാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

കിഴക്ക് ദിശയുടെ ഗുണങ്ങള്‍ ഹിന്ദുമതം ലോകത്തെ പഠിപ്പിച്ചിട്ടുള്ള കാര്യമാണ്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളെല്ലാം കിഴക്കോട്ടാണ്. സൂര്യനമസ്‌കാരം ചെയ്യുന്നത് കിഴക്ക് തിരിഞ്ഞിട്ടാണ്. ഹിന്ദുക്കള്‍ കിഴക്കോട്ട് തിരിഞ്ഞിട്ടാണ് പ്രാര്‍ഥിക്കുന്നത്. ക്രിസ്ത്യാനികളുടെ പള്ളികളെല്ലാം കിഴക്കോട്ട് തിരിഞ്ഞിട്ടാണ്. അവര്‍ പഠിക്കുന്നത് കിഴക്കോട്ട് തിരിഞ്ഞിട്ടാണ്. കിഴക്കോട്ട് തിരിഞ്ഞ് പഠിക്കുന്നത് ബുദ്ധിയും ഓര്‍മശക്തി കൂടാനും സഹായിക്കും. പൂര്‍വദിശ, ജ്ഞാനദിശ.. ദക്ഷിണദിശ, മൃത്യു ദിശ എന്നാണ് പറയുന്നത്. സനാതന ധര്‍മം ലോകത്തെ പഠിപ്പിച്ച തത്വമാണ് അത്. എന്നാല്‍ അതിനെ കുറിച്ച് വിരുദ്ധാഭിപ്രായങ്ങള്‍ ഉണ്ടാവാം. കിഴക്കോട്ട് തിരിഞ്ഞുപഠിച്ചതുകൊണ്ട് ഗുണമുണ്ടായതായി എന്റെ പല വിദ്യാര്‍ഥികളും നേരിട്ട് വിളിച്ചുപറഞ്ഞിട്ടുണ്ട്.

ഇത്തരം കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. മലയാളികള്‍ക്ക് ഒട്ടനവധി നീറുന്ന പ്രശ്‌നങ്ങളുണ്ട്. മഴയുണ്ട്. വെള്ളപ്പൊക്കമുണ്ട്. പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുന്നുണ്ട്. തൊഴിലില്ലായ്മ ഉണ്ട്. അതൊക്കെയാണ് കേരളം ചര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ ഹാര്‍വാര്‍ഡില്‍ കെട്ടിടം പൊളിച്ചാലെന്താ, പൊളിച്ചില്ലെങ്കിലെന്താ.. മലയാളി അവന്റെ പ്രശ്‌നങ്ങളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വൃത്താകൃതിയില്‍ ഒരു ഹോസ്റ്റല്‍ നിര്‍മിച്ചെന്നും അവിടെ നടത്തിയ ഒരു പരീക്ഷണത്തില്‍ കിഴക്ക് ദിശയിലേക്ക് നോക്കിയിരുന്ന് പഠിച്ച വിദ്യാര്‍ഥികള്‍ക്ക്, മറ്റു ദിശകളിലേക്ക് നോക്കി പഠിച്ച വിദ്യാര്‍ഥികളെക്കാള്‍ മാര്‍ക്ക് ലഭിച്ചെന്നുമായിരുന്നു അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞത്. അതിനുശേഷം മറ്റുദിശകളിലേക്ക് അഭിമുഖീകരിക്കുന്ന എല്ലാ കെട്ടിടങ്ങളും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പൊളിച്ചുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അലക്‌സാണ്ടര്‍ ജേക്കബിന്റെ പ്രസംഗത്തിനെതിരേ വലിയ വിമര്‍ശനങ്ങളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയെക്കുറിച്ച് മുന്‍ ഡിജിപി പറഞ്ഞ ഈ കാര്യങ്ങളിലെ വസ്തുത അന്വേഷിച്ച് കൊല്ലം ജില്ലയിലെ കാരംകോട് വിമല സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഭിറാം വിശദാംശങ്ങള്‍ തേടി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയ്ക്ക് മെയിലയച്ചിരുന്നു. ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് അറിവില്ലെന്നായിരുന്നു സര്‍വ്വകലാശാലയുടെ മറുപടി. ഈ മറുപടി വച്ച് ശാസ്ത്രകേരളം എന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണത്തില്‍ അഭിരാം ലേഖനം എഴുതി നല്‍കി.

Content Highlights: Alexander Jacob explanations in controversial remarks about Harvard University


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented