ആലപ്പുഴ: സ്‌കൂൾ അധ്യയനവർഷം തീരുംമുൻപേ അടുത്ത അധ്യയനത്തിനുള്ള പാഠപുസ്തകങ്ങൾ ജില്ലാ ഹബ്ബിൽ എത്തിത്തുടങ്ങി. ഇക്കഴിഞ്ഞ ദിവസങ്ങളിലായി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ ഹബ്ബിൽ എത്തി. ഇതുവരെയായി നാലുലോഡുകളിലായി 2.77 ലക്ഷം പുസ്തകങ്ങളാണ് ഗേൾസ് സ്‌കൂളിലെ ഹബ്ബിൽ വന്നത്. അച്ചടി പൂർത്തിയാകുന്നതനുസരിച്ച് അടുത്ത ദിവസങ്ങളിൽ കൂടുതൽ ലോഡുകളെത്തും. എണ്ണം പത്തു ലക്ഷമായതിനുശേഷമാകും സൊസൈറ്റികളിലേക്കുള്ള വിതരണം തുടങ്ങുക.

To advertise here,

മേൽനോട്ടം കുടുംബശ്രീക്ക്

പുസ്തകങ്ങളുടെ തരം തിരിക്കലും വിതരണവും കുടുംബശ്രീയുടെ നേതൃത്വത്തിലാണ്. ഒരു സൂപ്പർ വൈസറും പതിനൊന്നു കുടുംബശ്രീ പ്രവർത്തകരും ഉൾപ്പെടുന്ന സംഘമാണ് ജില്ലാ ഹബ്ബിൽ പുസ്തക വിതരണം കൈകാര്യം ചെയ്യുന്നത്. പുസ്തകങ്ങൾ തരം തിരിക്കുക, പായ്ക്ക് ചെയ്യുക, വിതരണം നടത്തുക എന്നിവയാണ് ജോലി. തരംതിരിക്കൽ തുടങ്ങുമ്പോൾ രാവിലെ 9.30 മുതൽ അഞ്ചുവരെയാകും ജോലിസമയം. ദൂരസ്ഥലങ്ങളിൽ സ്റ്റോക്കെത്തിക്കാൻ പോകുമ്പോൾ ഡ്യൂട്ടി നീളുമ്പോൾ അധികക്കൂലി പൊതുവിദ്യാഭ്യസ വകുപ്പ് ലഭ്യമാക്കും.

ജില്ലയിൽ വേണ്ടത് 17 ലക്ഷം പുസ്തകം

ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലേക്കായി ആദ്യ വാല്യം പതിനേഴു ലക്ഷം പുസ്തകങ്ങളാണ് ജില്ലയിൽ വേണ്ടത്. ഓരോ സൊസൈറ്റിക്കും കൈമാറേണ്ട പുസ്തകങ്ങളുടെയും ഓരോ സ്‌കൂളിനും ആവശ്യമായ പുസ്തകങ്ങളുടെയും കണക്ക് ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ് സംവിധാനം വഴിയാകും ശേഖരിക്കുക. ജില്ലയിലെ 261 സൊസൈറ്റികളിലൂടെയാണ് പുസ്തക വിതരണം.

അടുത്ത ദിവസം കൂടുതൽ പുസ്തകമെത്തും

അടുത്ത ദിവസം കൂടുതൽ പുസ്തകമെത്തുമ്പോഴേക്കാകും കുടുംബശ്രീയുടെ നേതൃത്വത്തിൽ തരംതിരിക്കൽ തുടങ്ങുക. സ്‌കൂൾ തുറക്കുന്നതിനു മുൻപേ എല്ലാ വിദ്യാലയങ്ങളിലും പുസ്തകങ്ങൾ ലഭ്യമാക്കും.

-ആതിര

സൂപ്പർവൈസർ, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി