ആലപ്പുഴ: തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിൽ 300-ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നീരസം അറിയിച്ച് മുൻ മന്ത്രി ജി. സുധാകരൻ. ചൊവ്വാഴ്ച പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് സുധാകരൻ നിലപാടറിയിച്ചത്. 

To advertise here,

പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം നിർവ്വഹിച്ചിരുന്നു. ചടങ്ങിൽ, ശിലാസ്ഥാപന ഫലകം നീക്കംചെയ്തത് വികസനത്തിന്റെ ചരിത്രം ബോധപൂർവ്വം മറച്ചുപിടിക്കാനുള്ള ശ്രമമാണെന്ന് ജി. സുധാകരൻ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മേഴ്സിക്കുട്ടി അമ്മ മത്സ്യവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് ഫ്ലാറ്റ് സമുച്ചയത്തിന് അനുമതി ലഭിച്ചത്. അന്ന് അമ്പലപ്പുഴ എം.എൽ.എയും മന്ത്രിയുമായിരുന്ന സുധാകരന്റെ നേതൃത്വത്തിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതും ശിലാസ്ഥാപനം നടത്തിയതും. ഉദ്ഘാടനവേളയിൽ പഴയ ശിലാസ്ഥാപന ഫലകത്തിനുപകരം പുതിയ ഫലകം സ്ഥാപിക്കുകയും ചെയ്തിരുന്നു. 

വികസനത്തിന്റെ ചരിത്രം മറച്ചുവെക്കുന്ന ഇത്തരമൊരു രീതി അമ്പലപ്പുഴയിൽ അടുത്തകാലത്തായി കണ്ടുവരുന്ന പ്രവണതയാണെന്നും ജി. സുധാകരൻ വിമർശിച്ചു. പദ്ധതിയുടെ തുടക്കം മുതലുള്ള കാര്യങ്ങൾ ജനങ്ങളിൽനിന്ന് മറച്ചുവെക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. പഴയ ഫലകം കാണാനില്ലെന്ന് പറയുന്നത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2006 മുതൽ 2021 വരെയുള്ള കാലത്ത് തുടർച്ചയായ അമ്പലപ്പുഴയെ പ്രതിനിധീകരിച്ച നേതാവായിരുന്നു ജി. സുധാകരൻ. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിൻഗാമിയായ എച്ച്. സലാമിന് വേണ്ടിയുള്ള പ്രചാരണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സി.പി.എം അദ്ദേഹത്തെ പരസ്യമായി ശാസിച്ചിരുന്നു. 2024-ൽ പാർട്ടിയുടെ പ്രാദേശിക നേതൃത്വവുമായി അദ്ദേഹം അകൽച്ചയിലായതും അമ്പലപ്പുഴയിലെ പാർട്ടി യോഗങ്ങളിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതും വാർത്തയായിരുന്നു.