ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ യൂത്ത് കോൺഗ്രസ്-കെ.എസ്.യു. നേതാക്കളെ മർദിച്ച കേസിൽ ഗുരുതര കുറ്റങ്ങൾ ചുമത്തിയേക്കും. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ വധശ്രമമുൾപ്പെടെ കടുത്ത വകുപ്പുകൾ ചുമത്തുന്നതിനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

To advertise here,

പ്രതികളായവർക്കെതിരേ ഉടൻ നടപടിയുണ്ടായേക്കും. ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരൻ എസ്. സന്ദീപ്, വാഹനത്തിന് അകമ്പടിപോയ പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരേയാണ് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികളെടുക്കാൻ ആഭ്യന്തരവകുപ്പ് നീക്കം തുടങ്ങിയത്.

അഞ്ചുപേരെയും പ്രതികളാക്കി പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ടു നൽകിയിരുന്നു. തിങ്കളാഴ്ച കോടതി റിപ്പോർട്ട് സ്വീകരിക്കും. സംസ്ഥാന പോലീസ്‌ േമധാവിക്ക് ഇടക്കാല റിപ്പോർട്ടും കൊടുത്തിരുന്നു.

വിശദമായ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കാലതാമസമെടുത്തേക്കാം. അന്വേഷണസംഘം റിപ്പോർട്ട് നൽകിയയുടൻ രണ്ടുപേർ മുൻകൂർജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ വകുപ്പുതല നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്തെ ഉന്നതോദ്യോഗസ്ഥരുടെ സമ്മർദം മൂലമാണ് കേസ് ഡയറി തിരുത്തി ആദ്യ റിപ്പോർട്ട് കോടതിയിൽ നൽകിയതെന്നാണു കണ്ടെത്തൽ.

എ.ഡി.ജി.പി.ക്ക് എതിരായ നടപടി ആഭ്യന്തരവകുപ്പ് തീരുമാനിക്കും

തിരുവനന്തപുരം: മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ കേസ്ഡയറി മാറ്റിയെഴുതിപ്പിച്ചെന്ന് ആരോപണംനേരിടുന്ന ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരേ നടപടി വേണോയെന്നത് റിപ്പോർട്ട് പഠിച്ച ശേഷം ആഭ്യന്തരവകുപ്പ് തീരുമാനിക്കും.

മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുത്താതെ, പരാതിക്കാർ തെളിവു ഹാജരാക്കിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യനിർവഹണം മാത്രമാണ് ചെയ്തതെന്നും എഴുതിച്ചേർത്തത് നിയമവിരുദ്ധമാണെന്നും ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണെന്നുമാണ് വിലയിരുത്തൽ.