തിരുവനന്തപുരം: പുതിയ എകെജി സെന്റർ നിർമാണച്ചെലവിൽ രണ്ടുകണക്കുമായി സിപിഎം. നിർമാണച്ചെലവിന്റെ ഒരുശതമാനം ബിൽഡിങ് ലേബർ സെസ്സായി അടയ്ക്കണം. ഇതിന് സിപിഎം സംസ്ഥാന സെക്രട്ടറി നൽകിയ കണക്കിൽ നിർമാണച്ചെലവ് 10 കോടിയാണ്. അതേസമയം, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സ്വകാര്യവ്യക്തി നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

To advertise here,

ഇതിൽ, സിപിഎം നൽകിയ സത്യവാങ്മൂലത്തിൽ കെട്ടിടം നിർമിക്കാൻ 30 കോടി ചെലവായി എന്നാണ് കാണിച്ചത്. തൊഴിലാളിക്ഷേമനിധിയിലേക്ക് നൽകേണ്ട തുക കുറയ്ക്കാൻ നിർമാണച്ചെലവ് കുറച്ചുകാണിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ് വെൽഫെയർ സെസ് ആക്ട് അനുസരിച്ച് അസസ്‌മെന്റ് ഓഫീസർ എകെജി സെന്ററിന്റെ ചെലവായി കണക്കാക്കിയത് 10,23,47,300 രൂപയാണ്. ഇതിന്റെ ഒരുശതമാനം വരുന്ന 10,23,473 രൂപയാണ് സെസ് അടയ്ക്കാൻ നിർദേശിച്ചത്. 10,235 രൂപ സർവീസ് ചാർജും നിശ്ചയിച്ചു.

പുറമ്പോക്ക് ഭൂമിയായതുകൊണ്ട് ഇതുവരെ വസ്തുക്കരം നിശ്ചയിച്ചിട്ടില്ലാത്ത പഴയ എകെജി സെന്ററിന് കോർപ്പറേഷൻ കെട്ടിടനികുതി പൂർണമായും ‌ഒഴിവാക്കിയിരുന്നു. 32 സെന്റ് വിലയ്ക്കുവാങ്ങിയാണ് സിപിഎം പുതിയ എകെജി സെന്റർ പണിതത്. ഈ ഇടപാട് ചോദ്യംചെയ്താണ് സ്വകാര്യവ്യക്തി സുപ്രീംകോടതിയെ സമീപിച്ചത്. ഭൂരേഖയിൽ കൃത്രിമംനടത്തി താൻ അറിയാതെ വിൽപ്പനനടത്തിയെന്നാണ് പരാതി. ഹൈക്കോടതി പരാതി തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്.

ഈ കേസിൽ സിപിഎം നൽകിയ എതിർസത്യവാങ്മൂലത്തിൽ ഒൻപത് നിലകളിലായി 30 കോടിരൂപ ചെലവിൽ കെട്ടിടം നിർമിച്ചെന്നും അതിൽ പ്രവർത്തനം തുടങ്ങിയെന്നുമാണ് അറിയിച്ചത്. ഇതാണ് ശരിയായ കണക്കെങ്കിൽ നിയമപ്രകാരം ക്ഷേമനിധി ബോർഡിന് സെസ് ഇനത്തിൽ 20 ലക്ഷം രൂപകൂടി അടയ്ക്കേണ്ടതുണ്ട്. വിവരാവകാശ നിയമപ്രകാരമാണ് ഇതുസംബന്ധിച്ച രേഖകൾ ഇപ്പോൾ പുറത്തുവന്നത്.