പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് നിശബ്ദ പ്രചാരണ ദിനത്തില്‍ ഇടതുപക്ഷം നല്‍കിയ പരസ്യത്തെ സംബന്ധിച്ചുള്ള വിവാദം സാങ്കേതികം മാത്രമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ.ബാലന്‍. പരസ്യത്തിലെ ഉള്ളടക്കം തെറ്റാണെങ്കില്‍ സന്ദീപ് വാര്യര്‍ നിഷേധിക്കട്ടെ എന്നും എ.കെ.ബാലന്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

To advertise here,

പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്രന്‍ പി.സരിനായി പ്രസിദ്ധീകരിച്ച പരസ്യത്തിലെ സന്ദീപ് വാര്യരെ കുറിച്ചുള്ള ഭാഗമാണ് വിവാദമായത്. 'ഈ വിഷനാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം' എന്ന തലക്കെട്ടില്‍ രണ്ട് മലയാള ദിനപത്രങ്ങളിലാണ് പരസ്യം വന്നത്. ഇതിനെതിരേ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.  

പരസ്യം വന്ന ശേഷവും അതിലെ ഉള്ളടക്കം തള്ളിപ്പറയാന്‍ സന്ദീപ് വാര്യര്‍ തയ്യാറായിട്ടില്ലെന്ന് എ.കെ.ബാലന്‍ ചൂണ്ടിക്കാട്ടി. ഇനി അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടില്ല. പരസ്യം വന്ന സാഹചര്യത്തില്‍ പരാമര്‍ശങ്ങള്‍ തെറ്റാണെന്നെങ്കിലും പറയണ്ടേ. അതും ഉണ്ടായിട്ടില്ല.  

കേരളത്തിലെ ഒരു നേതാവും പറയാത്ത തരത്തില്‍ വിഷലിപ്തമായ കാര്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ പറഞ്ഞിട്ടുള്ള ആളാണ് സന്ദീപ് വാര്യര്‍. സന്ദീപ് വാര്യര്‍ ആര്‍എസ്എസില്‍ നിന്ന് മോചിതനായിട്ടുണ്ടോ? ആര്‍എസ്എസിന് നല്‍കിയ ഭൂമി തിരിച്ചെടുക്കുമോ? ഇനിയെങ്കിലും സംഘപരിവാറിനെതിരേ ശക്തമായ നിലപാടെടുക്കുമോ? ഇക്കാര്യങ്ങളില്‍ ഒരുറപ്പും സന്ദീപ് വാര്യര്‍ പൊതുസമൂഹത്തിന് നല്‍കിയിട്ടില്ലെന്നു മാത്രമല്ല ആര്‍എസ്എസിന് നല്‍കിയ ഭൂമി തിരിച്ചെടുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.  

അറേബ്യയിലെ എല്ലാ സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് കഴുകിയാലും ആ കൈകളിലെ കറ ശുദ്ധമാക്കാനാവില്ല. അതുകൊണ്ടാണ് ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത മേഖലകളില്‍നിന്നുപോലും മതന്യൂനപക്ഷങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് കിട്ടുന്നത്. 

 ഇനിയെങ്കിലും സന്ദീപ് വാര്യര്‍ ആര്‍എസ്എസ് ബന്ധം വിച്ഛേദിച്ചെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രഖ്യാപിക്കാന്‍ തയ്യാറാവണം. അദ്ദേഹം ഇതുവരെ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചെന്നും പൊതുസമൂഹത്തോട് പറയണമെന്നും എ.കെ. ബാലന്‍ ആവശ്യപ്പെട്ടു.