തിരുവനന്തപുരം: മാറാട് കലാപത്തെ കുറിച്ചുള്ള പരാമർശം വിവാദമായ സംഭവത്തിൽ മാപ്പ് പറയില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഇതുസംബന്ധിച്ച് തനിക്കെതിരെ അയച്ചിട്ടുള്ള വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വസ്തുതാവിരുദ്ധവും തെറ്റിധരിപ്പിക്കുന്നതും ആണെന്നും തന്നെയും തന്റെ പാർട്ടിയെയും പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നതനും അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടി പരപ്രേരണയിൽ ഗൂഢഉദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതാണെന്നും കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ഭരണഘടനാപരമായ മൂല്യങ്ങൾ മുറുകെ പിടിക്കുന്നയാളാണ് താനെന്നും വാർത്താസനമ്മേളനത്തിൽ എ.കെ. ബാലൻ കൂട്ടിച്ചേർത്തു. നോട്ടീസിൽ ആവശ്യപ്പെട്ടതുപോലെ ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ താനൊരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

തനിക്കെതിരെയുള്ള വിവാദത്തിലൂടെ താനൊരു ന്യൂനപക്ഷ വിരുദ്ധ മനസ്സിന്റെ ഉടമയാണെന്ന് വരുത്തുന്നതിനുള്ള ശ്രമമുണ്ട്. ആകർഷകമായ ഒരു പ്രൊഫഷണൽ ജീവിതം ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ വ്യക്തിയാണ് താൻ. അറുപത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു ആക്ഷേപവും ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടില്ല. തൊഴിലാളിവർഗത്തോടുള്ള പ്രതിബദ്ധതയും പാർട്ടിയോടുള്ള വിശ്വാസ്യതയും സംരക്ഷിച്ചുകൊണ്ടാണ് താനിന്നും ജീവിക്കുന്നത്. പൊതുജീവിതത്തിൽ ഇന്നേവരെ മതനിരപേക്ഷതയ്‌ക്കെതിരായിട്ടോ മതന്യൂനപക്ഷവിരുദ്ധസമീപനമോ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തനിക്കെതിരെ നോട്ടീസയച്ച സംഘടനയുടെ മതപരമായ നയമെന്താണെന്ന് പ്രഖ്യാപിക്കണം.

ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താൻ നൽകിയ മറുപടിയിലെ ജമാഅത്തെ പരാമർശം മാത്രം പ്രതിപക്ഷനേതാവിന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിപക്ഷനേതാവ് അത് വിവാദമാക്കി. തന്റെ പ്രതികരണം തെറ്റിധാരണ പരത്തുന്ന വിധത്തിൽ തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിച്ചു. ഇതിനുള്ള മറുപടി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വർഗീയതയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമേ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളൂ. ആരേയും അപമാനിക്കുന്ന വിമർശനം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

മതസൗഹാർദത്തെ ഹനിക്കുന്ന വിധത്തിലുള്ള വാക്കോ പ്രവൃത്തിയോ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പൊതുപ്രവർത്തനം കൊണ്ടുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ നൽകിയ മുന്നറിയിപ്പ് മാത്രമാണ് താൻ നൽകിയത്. അത് അപകീർത്തിപ്പെടുത്തുന്ന പ്രവൃത്തിയിൽ പെടില്ല. ഉത്തമവിശ്വാസത്തിൽ ഒരു വ്യക്തിയുടെ രാഷ്ട്രീയ ആശയം പറയുന്നതും രാഷ്ട്രവും ജനങ്ങളും അഭിമുഖീകരിക്കാൻ പോകുന്ന ആപത്തും ആശങ്കയും തുറന്നുകാട്ടുന്നതും അപകീർത്തിപ്പെടുത്തലോ അപമാനിക്കലോ ആക്ഷേപിക്കലോ അല്ല. അത് ചരിത്രത്തിലെ ചരിത്രത്തിലെ കറുത്ത പാടുകൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണെന്നും എം.കെ. ബാലൻ കൂട്ടിച്ചേർത്തു.