
തിരുവനന്തപുരം: ഖുറാൻ ഉയർത്തിപ്പിടിച്ച് ജമാഅത്തെ ഇസ്ലാമിക്ക് മറുപടി നൽകി സിപിഎം നേതാവ് എ.കെ. ബാലൻ. തന്റെ കൈയിൽ നിന്ന് പത്ത് പൈസ കിട്ടുമെന്ന് വിചാരിച്ച് ജമാഅത്തെ ഇസ്ലാമി കേസ് കൊടുക്കേണ്ടെന്നും മരണം വരെ പത്തുപൈസ കൊടുക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജയിലിൽ പോകേണ്ടി വന്നാൽ ആദ്യം ഖുറാൻ വായിച്ചു തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ തൊഴിലാളി വർഗത്തോട് കൂറുള്ള ആളാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഖുറാനിന്റെ മലയാളം പരിഭാഷ ഉയർത്തിപ്പിടിച്ചായിരുന്നു എ.കെ. ബാലന്റെ വാർത്താ സമ്മേളനം.
യുഡിഎഫ് അധികാരത്തിൽ വന്നാൽ, ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം വഹിക്കുമെന്നും മാറാട് കലാപങ്ങൾ ആവർത്തിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞിരുന്നു. ഇതിനെതിരേ ജമാഅത്ത് ഇസ്ലാമി രംഗത്തെത്തിയിരുന്നു.
എ.കെ. ബാലന്റെ വാക്കുകൾ:
"ഞാൻ ജനിച്ചത് നാദാപുരത്ത് ആണ്. അവിടെയുള്ള മുസ്ലിം ലീഗ് നേതാവും നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റുമായ ബംഗളത്ത് മുഹമ്മദ് എന്നെക്കുറിച്ച് പറഞ്ഞത്, 'എകെ ബാലൻ ഈ നാടിന്റെ അഹങ്കാരവും അഭിമാനവുമാണ്. അദ്ദേഹം സിപിഎം നേതാവ് മാത്രമല്ല ലീഗിന്റെ നേതാവ് കൂടിയാണ്' എന്നായിരുന്നു മുസ്ലിം ലീഗിന്റെ തൂണേരിയിലുള്ള വാർഡിൽ കക്കംപള്ളി തൂണേരി ബൈപ്പാസ് റോഡ് നാല് കോടി രൂപയിൽ ഞാൻ പണിപൂർത്തീകരിച്ചു. അതിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്തരിച്ച ഇബ്രാഹിം കുഞ്ഞ് ആയിരുന്നു. അദ്ദേഹം എന്റെ വീട്ടിൽ വന്ന് കൂടെയിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചതാണ്. ആ റോഡിന് ലീഗുകാർ കൊടുത്ത പേര് ബാലൻ റോഡ് എന്നാണ്. ഇപ്പോഴും അത് ഉണ്ട്. യൂത്ത് ലീഗുകാർ ബാനർകെട്ടി എന്നെ അഭിനന്ദിച്ചിരുന്നു.
ഇന്നും ഞാൻ വീട്ടിൽ പോയിക്കഴിഞ്ഞാൽ എന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന മുസ്ലിം സുഹൃത്തുക്കളുണ്ട്. വളരെ ചെറുപ്പത്തിൽ സ്കൂൾ വിട്ടുവരുന്ന സമയത്ത് നാദാപുരം പള്ളിയുടെ മുമ്പിലിരുന്ന് വയലിത്തറ മൗലവിയും മതപ്രസംഗം വയള് കേട്ടവനാണ് ഞാൻ. ഫറൂഖ് മൗലവിയുടെ മതപ്രസംഗം കേട്ടവനാണ്. മൗലീദും റാത്തീവും അഞ്ച് നേരമുള്ള നിസ്കാരവും ആയി ബന്ധപ്പെട്ട അന്തരീക്ഷത്തിൽ വളർന്ന് ഒരാളാണ് ഞാൻ.
ഖുറാൻ ഞാൻ ഇഷ്ടപ്പെട്ട മതഗ്രന്ഥമാണ്. അതിന്റെ മലയാള തർജ്ജിമ ആർത്തിയോടെ വായിച്ച ആളാണ് ഞാൻ.
മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് എന്നെ ശിക്ഷിച്ച് ജയിലിലാക്കിയാൽ ആദ്യത്തെ എന്റെ കടമ ഖുറാൻ വായിച്ച് തീർക്കുക എന്നതാണ്. ഇതിൽ കൃത്യമായി കപടവിശ്വാസികളെപ്പറ്റി പറയുന്നുണ്ട്. ഞാൻ ഒരു കപടവിശ്വാസിയല്ല. തൊഴിലാളി വർഗത്തോട് ഈമാനുള്ള ഒരു കമ്മ്യൂണിസ്റ്റ് ആണ്. എന്റെ ജീവിതത്തിൽ ഒരു കപടത്തരമില്ല. തൊഴിലാളി വർഗത്തോടുള്ള കൂറും കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിശ്വാസ്യതയും മുറുകെപ്പിടിച്ച് ജീവിക്കുന്ന ആളാണ് ഞാൻ. അധികാരം കിട്ടിയപ്പോഴും അല്ലാത്തപ്പോഴും ജനങ്ങൾക്കൊപ്പം നിന്നു.
എന്നെ അറിയുന്ന മുസ്ലിങ്ങൾ ഞാൻ ഒരു മുസ്ലിം വിരുദ്ധനാണ് എന്ന് ചിത്രീകരിക്കുമ്പോൾ ഈ ചരിത്രം ഒന്ന് ഓർക്കുന്നത് നല്ലതാണ്. പത്ത് പൈസ എന്റെ കൈയിൽ നിന്ന് കിട്ടുമെന്ന് വിചാരിച്ച് ജമാഅത്ത് കേസിന് കൊടുക്കണ്ട. മരണം വരെ പത്ത് പൈസ കൊടുക്കില്ല. അത്ര ദാരിദ്ര്യം ഉണ്ടെങ്കിൽ പൈസ ഉണ്ടാക്കാനുള്ള വഴി ഞാൻ പറഞ്ഞു കൊടുക്കാം. ഇക്കാര്യത്തിൽ മാപ്പ് എന്റെ ജീവിത്തിലേ ഉണ്ടാകില്ല. പാർട്ടിക്ക് വിയോജിപ്പ് ഉണ്ടെങ്കിൽ പാർട്ടി പറഞ്ഞാൽ ആ സമയം താൻ അനുസരിക്കും. ജമാഅത്തിനെ പറ്റി ഇ.കെ. നേതാവ് മുക്കം ഉമർഫൈസി പറഞ്ഞത് അത് ഒരു വൻ ചിതൽ എന്നാണ് പറഞ്ഞത്. ആ ആപത്തിനെയാണ് തുറന്നുകാട്ടിയത്. അത് തുറന്നുകാട്ടേണ്ടത് രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ എന്റെ ചുമതലയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും സോഷ്യലിസ്റ്റ് ബോധത്തിനും എതിരായി നിലപാട് സ്വീകരിക്കുന്ന സംഘടനയാണ്. ആ സംഘടനയുടെ ആശീർവാദത്തിലും സഹായത്തിലും തണലിലും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ അത് കേരളത്തിന്റെ നാശമായിരിക്കുമെന്ന് ഇനിയും കൊടുത്തുകൊണ്ടേയിരിക്കും."-എ.കെ. ബാലൻ പറഞ്ഞു.
Content Highlights: CPM leader AK Balan responds to Jamaat-e-Islami, holding up a Quran. He clarifies his stance and commitment to the working class.
Published: 10 Jan 2026, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented