കോഴിക്കോട്: ലീഗിലേക്ക് പോവുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തന്നെ വ്യക്തിപരമായി വേട്ടയാടാന്‍ സകല ഹീനമാര്‍ഗവും പ്രയോച്ചുവരുന്ന ചിലരുടെ ഏറ്റവും പുതിയ കുതന്ത്രമാണ്  താന്‍ ലീഗിലേക്ക് എന്ന വ്യാജവാര്‍ത്താ നിര്‍മിതിക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.  

To advertise here,

വിഭാഗീയ പ്രവര്‍ത്തനത്തിന് പാര്‍ട്ടി പുറത്താക്കിയ  ചിലആളുകള്‍ കടുത്ത ഇടതുപക്ഷ വിരുദ്ധരായ ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ടുപിടിച്ചാണ് ഈ വ്യാജ നിര്‍മിതികള്‍ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും.  

ഐ.എന്‍.എല്‍-ന്റെ രാഷ്ട്രീയ സത്യസന്ധതയെയും, അടിയുറച്ച ഇടതുപക്ഷ നിലപാടിനെയും കരിനിഴലിലാക്കാമെന്നത് മൗഢ്യമായ ധാരണയാണ്. ഐ.എന്‍.എല്‍ ഇടതുബന്ധം  ജൈവികവും മുന്നണി അംഗത്വം  പതിറ്റാണ്ടുകളുടെ ആദര്‍ശ സഹവാസത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും രൂപപ്പെട്ടതുമാണെന്നും ദേവര്‍കോവില്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിനെ ഇത്തരം വ്യാജനിര്‍മിതികള്‍ കൊണ്ട് ഉലക്കാന്‍ കഴിയില്ല. എറണാകുളത്ത് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്  പൊതു നിരത്തില്‍ സംഘര്‍ഷമുണ്ടാക്കിയ നാള്‍ മുതല്‍ ഐ.എന്‍.എല്‍ നെ എല്‍.ഡി.എഫില്‍ നിന്നും പുറത്താക്കുന്നതും കിനാവ് കണ്ടുറങ്ങുന്ന വിമതര്‍ നിരാശരാവും. 

ലീഗിന്റെ ഔദ്യോഗിക പദവികളും സ്ഥാപനങ്ങളെയും ഉപയോഗിച്ച്  സമസ്തയെ നശിപ്പിക്കാനിറങ്ങിയ കടുത്ത സുന്നി ആശയ ' വിരുദ്ധരായ പി.എം.എ സലാമിനെപ്പോലെയുള്ളവരെ സൂചിപ്പിച്ചാണ് ' ഛിദ്ര ശക്തി എന്നു പ്രയോഗിച്ചത്. ഈ മാധ്യമ പ്രതികരണത്തിലെ ചിലകാര്യങ്ങള്‍മാത്രം അടര്‍ത്തി എടുത്താണ് വ്യാജ നിര്‍മിതിക്കാവശ്യമായ ഉരുപ്പടി ഉണ്ടാക്കിയിട്ടുള്ളതെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. 
 
സമസ്ത എന്ന പണ്ഡിതസഭയെ ഭയപ്പെടുത്തി ലീഗിന്റെ ആലയിലാക്കാനുളള കുതന്ത്രങ്ങള്‍ക്കെതിരെ പാര്‍ട്ടിപോരാട്ടം തുടരും. പാര്‍ട്ടിയില്‍നിന്നും പുറത്തെറിഞ്ഞ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ വ്യജ നിര്‍മിതികള്‍ക്കെതിരെ മുഴുവന്‍ ഇടതുപക്ഷ പ്രവര്‍ത്തകരും ഉയര്‍ന്ന ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ പറഞ്ഞു.

അഹമ്മദ് ദേവര്‍കോവില്‍ മുസ്ലീം ലീഗിലേക്ക് പോവുകയാണെന്നും ഇത് സംബന്ധിച്ച് കുഞ്ഞാലിക്കുട്ടിയുമായും മുനീറും കെ.എം. ഷാജിയടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സ്വകാര്യ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.ഇതില്‍ പ്രതികരിക്കുകയായിരുന്നു അഹമ്മദ് ദേവര്‍കോവില്‍